NewsIndia

16 വര്‍ഷം മുമ്പുള്ള കൊലക്കേസില്‍ ജീവപര്യന്തം അനുഭവിക്കുന്ന ദമ്പതികള്‍ക്ക് സുപ്രീംകോടതിയില്‍ ആശ്വാസം

ന്യൂഡൽഹി: ഇടുക്കി അടിമാലി മമ്മട്ടിക്കാനത്ത് ജോജോ എന്ന ഓട്ടോറിക്ഷ ഡ്രൈവറെ കൊലപ്പെടുത്തിയെന്ന പതിനാറു വർഷം മുൻപുള്ള കേസിൽ ബേബി എന്ന സെബാസ്‌റ്റ്യൻ, ഭാര്യ ത്രേസ്യാമ്മ എന്നിവക്ക് ഹൈക്കോടതി നല്‍കിയ ജീവപര്യന്തം തടവുശിക്ഷ സുപ്രീം കോടതി റദ്ദാക്കി. ജഡ്‌ജിമാരായ വി.ഗോപാല ഗൗഡ, ആർ.കെ.അഗർവാൾ എന്നിവരുടെ ബെഞ്ചിന്‍റേതാണ് വിധി. പ്രതികൾ ഇപ്പോള്‍ ജയിലില്‍ ജീവപര്യന്തം അനുഭവിച്ചുകൊണ്ടിരിക്കുകയാണ്.

ഇവരെ ഉടനെ പുറത്തുവിടാൻ നടപടിയെടുക്കണമെന്ന് ജയിൽ അധികാരികളോടു കോടതി നിർദേശിച്ചു. പ്രതികളുടെ മകളും കൊല്ലപ്പെട്ട ജോജോയും പ്രണയത്തിലായിരുന്നു. 2000 ജൂലൈ 19-നു രാത്രി ജോജോ ഇവരുടെ മകളോടൊപ്പം ഒളിച്ചോടിയപ്പോൾ പിന്തുടർന്നുചെന്ന പ്രതികൾ ജോജോയെ മർദിച്ചവശനാക്കിയ ശേഷം വയലിലെ ചെളിയിൽ താഴ്ത്തി കൊലപ്പെടുത്തുകയായിരുന്നു എന്നുമാണ് കേസ്. മൊത്തം 32 പേരായിരുന്നു സാക്ഷികൾ.

സാക്ഷികളില്‍ പ്രതികളുടെ മകളുൾപ്പെടെ 16 പേർ കൂറുമാറി. വിചാരണക്കോടതി സംശയത്തിന്‍റെ ആനുകൂല്യം നൽകി പ്രതികളെ വിട്ടയച്ചിരുന്നു. ഇതിനെതിരെ സർക്കാർ നല്‍കിയ അപ്പീലില്‍ വാദം കേട്ട ഹൈക്കോടതി രണ്ടു സാക്ഷികളുടെ മൊഴി കണക്കിലെടുത്ത ശേഷം പ്രതികൾക്കു ജീവപര്യന്തം തടവും 25,000 രൂപ വീതം പിഴയും വിധിച്ചു. ഇതിനെതിരെയുള്ള അപ്പീൽ അനുവദിച്ചുള്ളതാണ് സുപ്രീം കോടതി വിധി.

നീതി നടപ്പാക്കലുണ്ടായില്ലെന്നു വിലയിരുത്താൻ വേണ്ടത്ര തെളിവുകളില്ലാത്തപ്പോൾ വിചാരണക്കോടതിയുടെ നടപടിയിൽ ഹൈക്കോടതി ഇടപെടാൻ പാടില്ലെന്ന നിലപാട് എടുത്തുപറഞ്ഞുള്ളതാണു സുപ്രീം കോടതി വിധി. ഹർജിക്കാർക്കുവേണ്ടി എം. കർപഗ വിനായഗവും സർക്കാരിനുവേണ്ടി ലിസ് മാത്യുവും ഹാജരായി.

shortlink

Related Articles

Post Your Comments

Related Articles


Back to top button