രാമനാഥപുരം: മുന്‍ രാഷ്ട്രപതി ഡോ. എ.പി.ജെ.അബ്ദുള്‍ കലാമിന്‍റെ ഒന്നാം ചരമവാര്‍ഷിക ദിനത്തോടനുബന്ധിച്ച് നടന്ന അദ്ദേഹത്തിന്‍റെ പ്രതിമാ അനാച്ഛാദന ചടങ്ങില്‍ നിന്ന് സ്വസമുദായത്തില്‍ പെട്ട നാട്ടുകാര്‍ വിട്ടുനിന്നു. പ്രതിമ അനാച്ഛാദനം ഇസ്ലാമിക വിരുദ്ധമാണെന്ന്‍ ചൂണ്ടിക്കാട്ടി മതനേതാക്കള്‍ വിലക്കേര്‍പ്പെടുത്തിയതിനെ തുടര്‍ന്നാണിത്.
അബ്ദുള്‍ കലാമിനോട് ഏറെ ആദരവുണ്ടെന്നും അതേസമയം ജീവിച്ചിരിക്കുന്നതോ മരിച്ചതോ ആയ വ്യക്തികളുടെ പ്രതിമ അനാച്ഛാദനം ചെയ്യുക എന്നുള്ളത് ഇസ്ലാമിക വിശ്വാസങ്ങള്‍ക്ക് എതിരാണെന്നും രാമനാഥപുരം ജില്ലാ ജമാഅത്ത് ഉലമ കൗണ്‍സില്‍ നേതാക്കള്‍ പ്രസ്താവനയില്‍ പറഞ്ഞു.
അബ്ദുള്‍ കലാമിന്‍റെ ഒന്നാം ചരമവാര്‍ഷിക ദിനത്തില്‍ അദ്ദേഹത്തിന്‍റെ അന്ത്യവിശ്രമ സ്ഥലമായ രാമേശ്വരത്തെ പേയ്കറുമ്പിലാണ് പ്രതിമ അനാച്ഛാദനം ചെയ്തത്. കേന്ദ്രമന്ത്രിമാരായ വെങ്കയ്യ നായിഡുവും മനോഹര്‍ പരീഖറും ചേര്‍ന്നാണ് അനാച്ഛാദനകര്‍മ്മം നിര്‍വഹിച്ചത്. തുടര്‍ന്ന്‍ ഇവിടെ അബ്ദുള്‍കലാം സ്മാരകത്തിന് തറക്കല്ലിടുകയും ചെയ്തു.
കലാമിന്‍റെ കുടുംബാംഗങ്ങളില്‍ ചിലര്‍ പരിപാടിയില്‍ പങ്കെടുക്കുകയും ചെയ്തു. ഇസ്ലാം മതവിശ്വാസിയായിരുന്ന വ്യക്തിയുടെ പ്രതിമ അനാച്ഛാദനം ചെയ്തതില്‍ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നതായി അറിയിച്ച ഉലമ കൗണ്‍സില്‍ പക്ഷേ ഇതുമായി ബന്ധപ്പെട്ട് എന്തെങ്കിലും പ്രതിഷേധ പ്രകടനമോ പരിപാടികളോ സംഘടിപ്പിക്കാന്‍ മുതിര്‍ന്നില്ല.
Post Your Comments