തിരുവനന്തപുരം : മഞ്ചേരിയിലെ സത്യസരണി മതപഠനകേന്ദ്രത്തിൽ പൊലീസ് പരിശോധന. ഇവിടെ നിന്നും ദുരൂഹസാഹചര്യത്തിൽ കാണാതായ തിരുവനന്തപുരത്തെ കരസേനാ ഉദ്യോഗസ്ഥയുടെ മകൾ അപർണയെ കണ്ടെത്തി. വിവാഹം തീരുമാനിച്ചതിന്റെ 15 ദിവസം മുൻപാണ് അപർണയെ കാണാതായത്. റെയ്ഡിൽ മലപ്പുറം സ്വദേശി ആഷിക്കുമായുള്ള അപർണയുടെ വിവാഹം മഞ്ചേരി നഗരസഭയിൽ രജിസ്റ്റർ ചെയ്തതിന്റെ രേഖകളും കണ്ടെടുത്തു. മതപഠനത്തിനായി അവിടെ തുടരുകയാണെന്ന് അപർണപൊലീസിന് മൊഴിനൽകിയിട്ടുണ്ട് . സത്യസരണിയിൽ പൊലീസ് നടത്തിയ റെയ്ഡിൽ എഴുപത് ഹിന്ദു, ക്രിസ്ത്യൻ പെൺകുട്ടികളെ മതംമാറ്റിയതിന്റെ രേഖകളും പിടിച്ചെടുത്തു. മതപഠനത്തിനായാണ് പെൺകുട്ടികളെ താമസിപ്പിച്ചിരിക്കുന്നതെന്നാണ് അധികൃതർ പറയുന്നത്. ബി.എ.എം.എസ് വിദ്യാർത്ഥിനിയായ കണ്ണൂരിലെ ബ്രാഹ്മണ പെൺകുട്ടിയും സംഘത്തിലുണ്ടെന്ന് മഞ്ചേരി സി. ഐ അറിയിച്ചു. എല്ലാവരുടേയും ചിത്രങ്ങളും മൊഴിയും മതപരിവർത്തനത്തിന്റെ രേഖകളും പൊലീസ് ശേഖരിച്ചു.
എന്നാൽ മഞ്ചേരി സത്യസരണി ചാരിറ്റബിൾ ട്രസ്റ്റിനെക്കുറിച്ച് പ്രചരിക്കുന്ന വാർത്തകൾ വാസ്തവ വിരുദ്ധമാണെന്ന് ട്രസ്റ്റ് ചെയർമാൻ ടി.അബ്ദുറഹ്മാൻ ബാഖവി അറിയിച്ചു. ഇവിടെ നിർബന്ധിത മതപരിവർത്തനം നടത്തിയിട്ടില്ല. തിരുവനന്തപുരം സ്വദേശിയായ അപർണ എന്ന ആയിഷ ഹൈക്കോടതിയിൽ ഹാജരായി 2016 ഏപ്രിൽ എട്ടിനാണ് ഇവിടെ അഡ്മിഷൻ നേടുന്നത്. നിലമ്പൂർ മരുത സ്വദേശിയായ കെ. ശ്രീകാന്ത് 2015 സെപ്റ്റംബർ 21നാണ് സ്ഥാപനത്തിൽ എത്തിയത്. രക്ഷിതാക്കൾ പരാതി നൽകിയതിനാൽ സെപ്റ്റംബർ 23ന് നിലമ്പൂർ കോടതിയിൽ ഹാജരായ ശേഷം 26ന് തിരിച്ചെത്തി. പഠനം പൂർത്തിയാക്കി ഡിസംബർ ഒന്നിന് സ്ഥാപനംവിട്ടു. സ്ഥാപനത്തെ അപകീർത്തിപ്പെടുത്തുന്നവർക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു.
Post Your Comments