തിരുവനന്തപുരം : ഭാഗപത്രം ഉള്‍പ്പെടെ, കുടുംബാംഗങ്ങള്‍ തമ്മിലുള്ള പണമിടപാട് ഇല്ലാത്ത വസ്തു കൈമാറ്റത്തിന്റെ വര്‍ധിപ്പിച്ച റജിസ്‌ട്രേഷന്‍ നിരക്കു കുറയ്ക്കുമെന്നു മന്ത്രി തോമസ് ഐസക്. എട്ടിനു ചേരുന്ന ധനവകുപ്പിന്റെ സബ്ജക്ട് കമ്മിറ്റി യോഗത്തില്‍ ഇതേക്കുറിച്ചു വിശദമായി ചര്‍ച്ചചെയ്യും. സബ്ജക്ട് കമ്മിറ്റി യോഗത്തില്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണനും വി.ഡി.സതീശനും ഈ വിഷയം ഉന്നയിച്ചപ്പോഴാണ് നിരക്കു കുറയ്ക്കുമെന്നു മന്ത്രി ഐസക് വാക്കു നല്‍കിയത്.
എന്നാല്‍, എട്ടിന് ഈ വിഷയം ചര്‍ച്ചചെയ്താലും ഉടന്‍ തീരുമാനമെടുക്കാന്‍ സാധിക്കുമോ എന്ന കാര്യത്തില്‍ സംശയമുണ്ട്. നികുതി നിര്‍ദേശങ്ങള്‍ അടങ്ങുന്ന ധനകാര്യ ബില്‍ ഇതുവരെ സബ്ജക്ട് കമ്മിറ്റിക്ക് അയച്ചിട്ടില്ല. അടുത്ത നിയമസഭാ സമ്മേളനത്തില്‍ ബില്‍ അയച്ചു പാസാക്കിയാലേ നിരക്കിളവ് ഔദ്യോഗികമായി പ്രാബല്യത്തിലാകൂ. അതിന് ഒക്ടോബര്‍വരെ കാത്തിരിക്കേണ്ടിവരും. നിരക്കുവര്‍ധനയ്ക്കുശേഷം കുടുംബാംഗങ്ങള്‍ തമ്മിലുള്ള ഭൂമികൈമാറ്റ റജിസ്‌ട്രേഷന്‍ കുറഞ്ഞിട്ടുണ്ട്. നിരക്ക് ഉടന്‍ കുറയ്ക്കുമെന്ന പ്രതീക്ഷയില്‍ കാത്തിരിക്കുകയാണു ജനം.
അതേസമയം, അത്യാധുനിക സാങ്കേതിക ഉപകരണങ്ങളുടെ സഹായത്തോടെ സംസ്ഥാനത്തെ ഭൂമി റീസര്‍വേ ഓഗസ്റ്റില്‍ തുടങ്ങാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു.
ഡയറക്ടര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടും കര്‍മപദ്ധതിയും പരിശോധിച്ചശേഷമാണ് ഓഗസ്റ്റില്‍ റീസര്‍വേ ആരംഭിക്കാന്‍ തത്വത്തില്‍ തീരുമാനിച്ചിരിക്കുന്നതെന്നു മന്ത്രി മനോരമയോടു പറഞ്ഞു. കൂട്ടത്തോടെ നടത്തുന്ന റീസര്‍വേയ്ക്കു ഫലം കാണാത്തതിനാല്‍ തിരഞ്ഞെടുത്ത വില്ലേജുകളില്‍ മാത്രം പരമാവധി സര്‍വേയര്‍മാരെ വിന്യസിച്ചു സര്‍വേ നടത്തുകയാണു ചെയ്യുക.
സമയബന്ധിതമായി സര്‍വേ പൂര്‍ത്തിയാക്കാന്‍ ഇപ്പോഴുള്ള 32നു പുറമേ 142 ഇലക്‌ട്രോണിക് ടോട്ടല്‍ സ്റ്റേഷനും (ഇടിഎസ്) 18 ഡിജിറ്റല്‍ ജിപിഎസും പുതുതായി വാങ്ങിയിട്ടുണ്ട്. ചങ്ങല ഉപയോഗിക്കാതെ വേഗത്തില്‍ സര്‍വേ നടത്താന്‍ സഹായിക്കുന്ന ഉപകരണമാണ് ഇടിഎസ്. 14 ജില്ലകളിലെയും ഓരോ സര്‍വേയര്‍ക്കുവീതം പുതിയ ഉപകരണങ്ങള്‍ പ്രവര്‍ത്തിപ്പിക്കാന്‍ പരിശീലനം നല്‍കിക്കഴിഞ്ഞു. മറ്റുള്ളവരെ ഇവര്‍ പരിശീലിപ്പിക്കും.
ബജറ്റില്‍ അനുവദിച്ച അഞ്ചു കോടി രൂപ ഉപയോഗിച്ച് ഓരോ സര്‍വേ ഓഫിസിലും മൂന്നു കംപ്യൂട്ടര്‍ വീതം വാങ്ങി നല്‍കും. ഓഫിസ് പൂര്‍ണമായി ആധുനികീകരിക്കുക ഉടന്‍ പ്രായോഗികമല്ലാത്തതിനാല്‍ ഒരു മുറി മാത്രം നവീകരിച്ചു കംപ്യൂട്ടറുകള്‍ സ്ഥാപിക്കാനാണു നിര്‍ദേശം. ഇന്റര്‍നെറ്റ് കണക്ഷനും ലഭ്യമാക്കും. സര്‍വേയുടെ പുരോഗതി ഓണ്‍ലൈനായി രേഖപ്പെടുത്താനുള്ള സോഫ്റ്റ്‌വെയറും തയ്യാറാക്കുന്നുണ്ട്.
സംസ്ഥാനത്തെ ഭൂമി റീസര്‍വേ അറുപതുകളില്‍ ആരംഭിച്ചതാണെങ്കിലും എങ്ങുമെത്തിയിരുന്നില്ല. 2012 ല്‍ പുനരാരംഭിച്ചെങ്കിലും 27 വില്ലേജുകളില്‍ മാത്രമാണ് ഇതുവരെ പൂര്‍ത്തിയാക്കിയത്. അതില്‍ത്തന്നെ ഒട്ടേറെ പാകപ്പിഴകള്‍ പരിഹരിക്കേണ്ടതുണ്ട്. അഞ്ചു വില്ലേജുകളില്‍ കൂടി ഈ സാമ്പത്തിക വര്‍ഷം റീസര്‍വേ പൂര്‍ത്തിയാക്കും. അടുത്ത സാമ്പത്തിക വര്‍ഷം 35 വില്ലേജുകള്‍ തിരഞ്ഞെടുത്ത് റീസര്‍വേ നടത്തും.
Post Your Comments