KeralaNews

മലയാളികളെ കാണാതായ സംഭവം: അജ്ഞാതരുടെ അക്രമശ്രമത്തില്‍ ഭയന്നുവിറച്ച് നിമിഷയുടെ വീട്ടുകാര്‍

തിരുവനന്തപുരം: 21-മലയാളികളെ ദുരൂഹസാഹചര്യത്തിൽ കാണാതായ സംഭവത്തില്‍ ഉള്‍പ്പെട്ടിട്ടുള്ള ആറ്റുകാല്‍ സ്വദേശിനി നിമിഷയുടെ വീട്ടിലേക്ക് അപരിചിതരായ മൂന്നംഗസംഘം അതിക്രമിച്ചു കടക്കാൻ ശ്രമിച്ചതായി വാര്‍ത്ത. ഇന്നലെ രാവിലെ പത്തരയോടെയാണ് ഹിന്ദി സംസാരിക്കുന്ന സംഘം വീടിന്‍റെ മുന്‍പില്‍ എത്തിയതെന്നും അതിക്രമിച്ചു കടക്കാന്‍ ശ്രമിച്ചതെന്നുമായിരുന്നു നിമിഷയുടെ അമ്മയുടെ മൊഴി.

നിമിഷയുടെ അമ്മ ബിന്ദുവും സഹായിയും മാത്രമേ ഈ സമയം വീട്ടിലുണ്ടായിരുന്നുള്ളൂ. പഞ്ചാബി സ്റ്റൈലില്‍ തൊപ്പിവച്ചയാൾ ഗേറ്റ് കടന്ന് വീട്ടിലേക്ക് കയറാൻ ശ്രമിക്കുന്നതു കണ്ട സഹായിയായ സ്ത്രീ തടയാന്‍ ഓടിച്ചെന്നു. ഉടന്‍തന്നെ റസിഡന്‍റ്സ് അസോസിയേഷൻ പ്രവർത്തകരും അയൽക്കാരും എത്തിയതോടെ മൂന്നംഗസംഘം ഓടിരക്ഷപ്പെട്ടു.

പാലക്കാട് യാക്കര സ്വദേശിയായ ഭർത്താവ് ഈസയും ഇയാളുടെ സഹോദരൻ യഹ്യയും ചേർന്ന് നിമിഷയെ ഫാത്തിമ എന്നപേരില്‍ മതംമാറ്റുകയും ഇസ്ലാമിക് സ്റ്റേറ്റിലേക്ക് റിക്രൂട്ട് ചെയ്യുകയും ചെയ്തു എന്ന നിഗമനത്തിലാണ് ഈ സംഭവുമായി ബന്ധപ്പെട്ട പോലീസ് അന്വേഷണം പുരോഗമിക്കുന്നത്. പാലക്കാട് പൊലീസ് നിമിഷയ്ക്കെതിരെ യു.എ.പി.എ ചുമത്തി കോടതിയിൽ റിപ്പോർട്ട് നൽകിയതിന് തൊട്ടുപിന്നാലെയാണ് അതിക്രമത്തിന് ശ്രമമുണ്ടായത്.

സംഭവത്തെപ്പറ്റി ഡി.ജി.പി ലോക് നാഥ് ബെഹ്റയ്ക്ക് പരാതി നൽകിയ ബിന്ദു പൊലീസ് സംരക്ഷണം ആവശ്യപ്പെട്ടു. പൊലീസ് സംരക്ഷണം ഉടൻ നൽകുമെന്നും ഫോർട്ട് സ്റ്റേഷനിലെ പൊലീസുകാർ തുടർച്ചയായ ഇടവേളകളിൽ ഇവിടെ എത്തണമെന്ന് നിർദ്ദേശിച്ചിട്ടുണ്ടെന്നും ഡി.ജി.പി അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button