India

ദുബായ്-കോഴിക്കോട് വിമാനത്തില്‍ പ്രശ്നമുണ്ടാക്കിയ യുവാവിനെ വിട്ടയച്ചു

മുംബൈ● വിമാനത്തിനുള്ളില്‍ അക്രമസ്വഭാവം കാണിച്ചതിനെ തുടർന്ന് മുംബൈയിൽ അടിയന്തരമായി ഇറക്കേണ്ടി വന്ന ഇന്‍ഡിഗോ വിമാനത്തില്‍ നിന്നും കസ്റ്റഡിയിലെടുത്ത മലയാളി യുവാവിനെ വിട്ടയച്ചു. രാവിലെ 9.15 നാണ് ദുബായില്‍ നിന്ന് വന്ന വിമാനം മുംബൈയില്‍ ഇറക്കിയത്. ഇയാളെയും ഒപ്പം യാത്ര ചെയ്തിരുന്ന സഹോദരനെയും സി.ഐ.എസ്.എഫ് കസ്റ്റഡിയില്‍ എടുത്തിരുന്നു. ശേഷം 10.50 ഓടെ വിമാനം കോഴിക്കോട്ടേക്ക് പോയിരുന്നു.എന്നാല്‍ യുവാവിന് മാനസികാസ്വാസ്‌ഥ്യം ഉണ്ടെന്ന് കണ്ടെത്തിയതോടെ ഇരുവരെയും വിട്ടയക്കുകയായിരുന്നു.

അതേസമയം, വിമാനത്തിനുള്ളില്‍ യാത്രക്കാരന്‍ ഐ.എസ് അനുകൂല മുദ്രാവാക്യം വിളിച്ചതിനെത്തുടര്‍ന്നാണ് അടിയന്തിരലാന്‍ഡിംഗ് നടത്തിയതെന്ന റിപ്പോര്‍ട്ട് അധികൃതര്‍ തള്ളി.

യാത്രക്കാരന്റെ മോശം പെരുമാറ്റം മൂലമാണ് വിമാനം മുംബൈയിലേക്ക് തിരിച്ചുവിട്ടതെന്ന് ഇന്‍ഡിഗോ എയര്‍ലൈന്‍സ് അധികൃതരും പ്രസ്താവനയില്‍ അറിയിച്ചു.

വിമാനം ലാന്‍ഡിംഗിന് തയ്യാറെടുക്കവേ 5 ഡി സീറ്റില്‍ സഹോദരനോടൊപ്പം യാത്രചെയ്യുകയായിരുന്നയാള്‍ പെട്ടെന്ന് ജീവനക്കാരോട് മോശമായി പെരുമാറാന്‍ തുടങ്ങുകയായിരുന്നു. സീറ്റില്‍ നിന്ന് ചാടിയിറങ്ങിയ ഇയാള്‍ വിമാനത്തിനുള്ളില്‍ യാത്രയ്ക്കിടെ വില്പന നടത്താനുള്ള ഭക്ഷണവസ്തുക്കള്‍ വച്ചിരിക്കുന്ന കാര്‍ട്ടണിന് മുകളില്‍ ഇരിപ്പുറപ്പിച്ചു. ജീവനക്കാര്‍ ഉടന്‍ മുഖ്യ പൈലറ്റിനേയും ജീവനക്കാരുടെ ലീഡറേയും വിവരമറിയിച്ചു. കാര്‍ട്ടണിന് മുകളില്‍ നിന്നിറങ്ങാന്‍ ഇയാളോട് വിമാനജീവനക്കാര്‍ ആവും വിധം കേണപേക്ഷിച്ചിട്ടും കൂട്ടാക്കിയില്ല. ഒടുവില്‍ ഇവിടെ നിന്നുമിറങ്ങിയ ഇയാള്‍ തുടര്‍ന്ന് അക്രമാസക്തനാകുകയും സഹയാത്രികനെ ശാരീരികമായി ആക്രമിക്കാന്‍ തുടങ്ങുകയായിരുന്നു.

തുടര്‍ന്ന് സുരക്ഷാ മുന്‍കരുതല്‍ എന്ന നിലയില്‍ പൈലറ്റ്‌ മുംബൈ എയര്‍ ട്രാഫിക് കണ്‍ട്രോളില്‍ വിവരമറിയിക്കുകയും അടിയന്തിര ലാന്‍ഡിംഗിന് അനുമതി തേടുകയുമായിരുന്നു.

വിമാനം നിലത്തിറക്കിയ ഉടനെ പ്രശ്നക്കാരനായ യാത്രക്കാരനെ സി.ഐ.എസ്.എഫിന് കൈമാറിയതായും ഇന്‍ഡിഗോ എയര്‍ലൈന്‍സ് പ്രസ്താവനയില്‍ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button