കോട്ടയം : പണം കയ്യില്ലില്ലെങ്കിലും ഇനി കെഎസ്ആര്‍ടിസി ബസുകളില്‍ യാത്രചെയ്യാം. സംസ്ഥാനാന്തര സര്‍വീസ് ഉള്‍പ്പെടെ ഏതു റൂട്ടിലോടുന്ന കെഎസ്ആര്‍ടിസി ബസിലും ഡെബിറ്റ് കാര്‍ഡ് പോലെ ഉപയോഗിക്കാവുന്ന സ്മാര്‍ട്കാര്‍ഡ് സംവിധാനം ഉപയോഗിച്ച് യാത്ര ചെയ്യാം. ഇന്ത്യയില്‍ വിവിധ സംസ്ഥാനങ്ങളില്‍ പൊതുയാത്രാ സംവിധാനമായ ബസുകളില്‍ സ്മാര്‍ട് കാര്‍ഡ് സംവിധാനം നിലവിലുണ്ട്.
കൊച്ചി മെട്രോയുടേതു പോലെ മള്‍ട്ടിപര്‍പസ് കാര്‍ഡാണ് ഉദ്ദേശിക്കുന്നതെന്ന് കെഎസ്ആര്‍ടിസി എംഡി ആന്റണി ചാക്കോ അറിയിച്ചു. രണ്ടാഴ്ചയ്ക്കുള്ളില്‍ ടെന്‍ഡര്‍ വിളിക്കും. മൂന്നോ നാലോ മാസത്തിനുള്ളില്‍ പരീക്ഷണാടിസ്ഥാനത്തില്‍ പദ്ധതി നടപ്പാക്കാനാണ് ഉദ്ദേശിക്കുന്നത്. വിജയകരമെന്നു കണ്ടാല്‍ കെഎസ്ആര്‍ടിസിയുടെ എല്ലാ ബസുകളിലും ഇവ ഉപയോഗിക്കും.
നിലവില്‍ ഇലക്‌ട്രോണിക് മെഷീന്‍ ഉപയോഗിച്ചാണ് എല്ലാ ബസിലും ടിക്കറ്റ് നല്‍കുന്നത്. അതിനാല്‍ത്തന്നെ സ്മാര്‍ട്കാര്‍ഡ് ഉപയോഗം ഫലപ്രദമാകുമെന്നാണ് വിലയിരുത്തല്‍. ബാങ്കുകളുമായി സഹകരിച്ച് ഡെബിറ്റ് കാര്‍ഡ് പോലെയുള്ള സംവിധാനമാണ് ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. റെയില്‍, റോഡ്, ജല ഗതാഗതം എന്നിവയിലെ യാത്രയ്ക്ക് ഈ ഒരു കാര്‍ഡ് മതിയാകും. എടിഎം കാര്‍ഡ്‌പോലെ ഉപയോഗിക്കാന്‍ പറ്റുന്ന ഇതുപയോഗിച്ച് ഷോപ്പിങ്ങും നടത്താനാകും.
Post Your Comments