തിരുവനന്തപുരം: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്‍റെ ഉടമസ്ഥതയിലുള്ള ഏറ്റവും പ്രായം കൂടിയ പിടിയാന ദാക്ഷായണിയെ ഗജമുത്തശ്ശി പട്ടം നല്‍കി ആദരിച്ചു. ദേവസ്വം ബോര്‍ഡ് ആസ്ഥാനത്ത് നടന്ന പ്രൗഢചടങ്ങില്‍ വച്ചാണ് ദാക്ഷായണിയെ ഗജമുത്തശ്ശിയായി പ്രഖ്യാപിച്ചത്. ഇന്ന്‍ ലോകത്തില്‍ ജീവിച്ചിരിക്കുന്നതില്‍ ഏറ്റവും പ്രായം കൂടിയ പിടിയാനയായി 86-കാരിയായ ദാക്ഷായണിയെ പ്രഖ്യാപിച്ചുകൊണ്ടുള്ള യൂണിവേഴ്സല്‍ റെക്കോഡ് ഫോറത്തിന്‍റെ സര്‍ട്ടിഫിക്കറ്റും ചടങ്ങില്‍ വച്ച് കൈമാറി.
ദാക്ഷായണിയെ ഗിന്നസ് ലോക റെക്കോഡ് ബുക്കിലും പ്രവേശിപ്പിക്കാനുള്ള നീക്കങ്ങള്‍ക്ക് മുന്നോടിയായിട്ടായിരുന്നു പരിപാടി നടത്തിയത്. ലോകത്തെ ഏറ്റവും പ്രായമുള്ള നാട്ടാനയും ദാക്ഷായണി തന്നെയാണെന്നാണ് വിലയിരുത്തല്‍.
തായ്ലണ്ട് സ്വദേശിനിയായ 92 വയസ്സുള്ള ആനയായിരുന്നു ഏറ്റവും പ്രായമേറിയ നാട്ടാന. ഈ ആന ചരിഞ്ഞതോടെയാണ് ദേവസ്വം ബോര്‍ഡ് ഗിന്നസ് നേട്ടത്തിനായി ശ്രമങ്ങള്‍ ആരംഭിച്ചത്.
ചടങ്ങില്‍ “ഗജമുത്തശ്ശി ദാക്ഷായണി” എന്ന് ആലേഖനം ചെയ്ത ലോഹമാല ദാക്ഷായണിയുടെ കഴുത്തിലണിയിച്ചു. മന്ത്രി കടകംപള്ളി സുരേന്ദ്രനാണ് ചടങ്ങ് ഉദ്ഘാടനം ചെയ്തത്. മന്ത്രി കെ. രാജു ദാക്ഷായണിക്ക് ഗജമുത്തശ്ശി പട്ടം നല്കി
ആനയുടെ പരിപാലനസംഘത്തിലെ മുരളീധരന്‍ നായര്‍, അയ്യപ്പന്‍ നായര്‍, സുന്ദരേശന്‍ നായര്‍ എന്നീ പാപ്പാന്മാര്‍ക്കും ചടങ്ങില്‍ ആദരവര്‍പ്പിച്ചു. ഏറ്റവും പ്രായം കൂടിയ പിടിയാനയെന്ന സര്‍ട്ടിഫിക്കറ്റ് യൂണിവേഴ്സല്‍ റെക്കോഡ് ഫോറത്തിന്‍റെ ചീഫ് എഡിറ്റര്‍ സുനില്‍ ജോസഫ് മന്ത്രി കടകംപള്ളി സുരേന്ദ്രന് കൈമാറി.
ദാക്ഷായണിയുടെ ചിത്രം ആലേഖനം ചെയ്ത പോസ്റ്റല്‍ കവറിന്‍റെ പ്രകാശനവും ചടങ്ങില്‍ നിര്‍വഹിച്ചു. പോസ്റ്റല്‍ വകുപ്പ് കേരള സര്‍ക്കിള്‍ ഡയറക്ടര്‍ തോമസ് ലൂര്‍ദ് രാജാണ് പ്രകാശനകര്‍മ്മം നിര്‍വഹിച്ചത്. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് പ്രയാര്‍ ഗോപാലകൃഷ്ണന്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു.
Post Your Comments