ഇസ്ലാമാബാദ് ● വടക്കുപടിഞ്ഞാറന്‍ പാകിസ്ഥാനിലെ ഒരു പ്രദേശമാണ് ദാറ ആദംഖേല്‍. കരിഞ്ചന്തയില്‍ ആയുധം വില്‍ക്കുന്നതിന് കുപ്രസിദ്ധമാണിവിടം. എ.കെ-47 തോക്കുകള്‍ ഇവിടെ തന്നെ നിര്‍മിച്ച് വില്‍ക്കുന്ന കാഴ്ച വളരെ സാധാരണമാണ്. ഇവിടെ നിന്നും ഒരു സ്മാര്‍ട്ട് ഫോണിനെക്കാള്‍ കുറഞ്ഞവിലയ്ക്ക് എ.കെ 47 മുതല്‍ മെഷീന്‍ ഗണ്‍ വരെ സ്വന്തമാക്കാം. സൈനികര്‍ക്ക് സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കും ഏറെ ഇഷ്ടപ്പെട്ട ജര്‍മ്മന്‍ മിഷീന്‍ ഗണ്‍ എംപി-5 വരെ ഏകദേശം 7000-8000 രൂപയ്ക്ക് ഇവിടെ കിട്ടും. നല്ലൊരു സ്മാര്‍ട്ട് ഫോണ്‍ സ്വന്തമാക്കാന്‍ ഇതിലും കൂടുതല്‍ പണം വേണമെന്ന് ഓര്‍ക്കുക. തോക്കുകള്‍ക്ക് പുറമേ മോഷ്ടിച്ച കാറുകള്‍ മുതല്‍ വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ വരെ ദാറയില്‍ ലഭിക്കും.
എണ്‍പതുകളില്‍ സോവിയറ്റ് യൂണിയനുമായി യുദ്ധം ചെയ്യാന്‍ അഫ്ഗാന്‍ കേന്ദ്രമാക്കിയ മുജാഹിദീന്‍ ഇവിടെ നിന്നും ആയുധങ്ങള്‍ വാങ്ങാന്‍ തുടങ്ങിയതോടെയാണ് അനധികൃത കച്ചവടം ഇവിടെ ശക്തമായത്. പിന്നീട് ഈ മേഖല പാക്കിസ്ഥാന്‍ താലിബാന്റെ അധീനതയില്‍ ആകുകയും അവര്‍ സമാന്തര സര്‍ക്കാര്‍ പോലെ സ്വന്തം നിയമങ്ങള്‍ പ്രഖ്യാപിച്ചു പ്രവര്‍ത്തിച്ചു തുടങ്ങുകയും ചെയ്തു. സര്‍ക്കാര്‍ താലിബാനെതിരെ നടപടി സ്വീകരിച്ചു തുടങ്ങിയതോടെ കള്ളക്കടത്തിനും മറ്റ് കുറ്റകൃത്യങ്ങള്‍ക്കും അന്ത്യമായെങ്കിലും ആയുധ നിര്‍മ്മാണവും വില്പനയും ഇപ്പോഴും തകൃതിയായി നടക്കുന്നു.
Post Your Comments