ന്യൂഡല്‍ഹി● ഉത്തരാഖണ്ഡില്‍ ഇന്ത്യന്‍ ഭൂപ്രദേശത്ത് ചൈനീസ് കടന്നാക്രമണമുണ്ടായതായി സ്ഥിരീകരണം. ചമോലി ജില്ലയിലെ ബരഹോത്തിയില്‍ ചൈനീസ് പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മിയുടെ ഹെലികോപ്റ്റര്‍ വ്യോമാതിര്‍ത്തി ലംഘിച്ചതായി ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ഹരീഷ് റാവത്ത് വ്യക്തമാക്കി.
ജൂലൈ 19 ന് ഇന്ത്യന്‍ വ്യോമാതിര്‍ത്തിയില്‍ കടന്ന ഹെലികോപ്റ്റര്‍ അഞ്ച് മിനിട്ടുകള്‍ക്ക് ശേഷം അപ്രത്യക്ഷമായി. ഇരുരാജ്യങ്ങളും നിരായുധീകരണ പ്രദേശമായി പ്രഖ്യാപിച്ചിട്ടുള്ള സ്ഥലമാണ് ചമോലി. ഇവിടെ ഇന്തോ തിബറ്റന്‍ അതിര്‍ത്തി പോലീസ് പട്രോളിംഗ് നടത്തുന്നതിനിടെയാണ് ചൈനീസ് കടന്നുകയറ്റം ശ്രദ്ധയില്‍പ്പെട്ടത്. ഇതുസംബന്ധിച്ച് ഐ.ടി.ബി.പി കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്.
ഏതാനും മാസങ്ങള്‍ക്ക് മുന്‍പ് ഇന്ത്യ-ചൈന അന്താരാഷ്ട്ര അതിര്‍ത്തിയില്‍ ചൈനീസ് ഫൈറ്റര്‍ ബോംബര്‍ ജെറ്റ് വിമാനം വ്യോമാതിര്‍ത്തി ലംഘിച്ചിരുന്നു. ജൂണ്‍ 9 ന് ചൈനീസ് പട്ടാളം അരുണാചല്‍ പ്രദേശില്‍ നുഴഞ്ഞുകയറിയത് സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചിരുന്നു. ചൈനയുമായി ഉത്തരാഖണ്ഡ് 350 കി.മി ദൂരത്തിലാണ് അതിര്‍ത്തി പങ്കിടുന്നത്. ഇവിടെ 80 കിലോമീറ്റര്‍ ഭൂപ്രദേശത്തെച്ചൊല്ലി ഇരുരാജ്യങ്ങളും തമ്മില്‍ തര്‍ക്കം നിലനില്‍ക്കുന്നുണ്ട്.
Post Your Comments