ന്യൂഡല്‍ഹി: വ്യത്യസ്തമായ രാഷ്ട്രീയ വഴിത്താരകളില്‍ സഞ്ചരിക്കുന്നവര്‍ക്കും ഒരുമിച്ച് പ്രവര്‍ത്തിക്കേണ്ടി വരുമ്പോള്‍, അഭിപ്രായവ്യത്യാസങ്ങള്‍ മറന്ന് രാജ്യത്തിന്റെ ക്ഷേമത്തിനായി പരസ്പരം സഹകരിക്കാം എന്നതിന് ഉത്തമോദാഹരണവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. താന്‍ പ്രതിനിധാനം ചെയ്യുന്ന പാര്‍ട്ടിയോട് നിരന്തരം രാഷ്ട്രീയകലഹങ്ങളില് ഏര്‍പ്പെട്ടിരിക്കുന്ന ഒരു പാര്‍ട്ടിയില്‍ നിന്നുള്ള ആളായിട്ടും രാഷ്ട്രപതി പ്രണബ് മുഖര്‍ജി തനിക്ക് ഒരു “രക്ഷകര്‍ത്താവും വഴികാട്ടിയുമായാണ്” തന്നോടൊപ്പം പ്രവര്‍ത്തിക്കുന്നതെന്ന പ്രധാനമന്ത്രിയുടെ വെളിപ്പെടുത്തലിനെത്തുടര്ന്നാണിത്.
രാഷ്ട്രപതി ഭവനില്‍ ആരംഭിച്ച മ്യൂസിയം ഉദ്ഘാടനം ചെയ്ത് സംസാരിക്കവെയാണ് കോണ്‍ഗ്രസില്‍ നിന്നുള്ള രാഷ്ട്രപതിയെ പ്രധാനമന്ത്രി ഇവ്വിധം മുക്തകണ്ഠം പ്രശംസിച്ചത്. രാഷ്ട്രപതി പദത്തില്‍ നാല് വര്‍ഷം പൂര്‍ത്തിയാക്കിയതിനും അദ്ദേഹം പ്രണബ് മുഖര്‍ജിയെ അഭിനന്ദിച്ചു.
“വ്യത്യസ്തമായ രാഷ്ട്രീയസാഹചര്യങ്ങളില്‍ നിന്ന് വരുന്നവര്‍ക്ക് എങ്ങനെ ഒരുമിച്ച് പ്രവര്‍ത്തിക്കാം എന്നത് പ്രണബ് മുഖര്‍ജിയില്‍ നിന്ന് പഠിക്കാന്‍ സാധിക്കും,” പ്രധാനമന്ത്രി പറഞ്ഞു.
“ഞാന്‍ ഡല്‍ഹിയില്‍ പുതിയ ആളായിരുന്നു. എല്ലാം എനിക്ക് പുതിയ അനുഭവങ്ങളായിരുന്നു. രാഷ്ട്രപതി മുഖര്‍ജി എന്റെ രക്ഷകര്‍ത്താവായി മാറി. വിവിധങ്ങളായ വിഷയങ്ങളില്‍ ഒരു വഴികാട്ടിയെപ്പോലെ അദ്ദേഹം എനിക്ക് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നല്കി. ചുരുക്കം ആളുകള്‍ക്ക് മാത്രമേ ഇത്തരം ഭാഗ്യങ്ങള്‍ ലഭിക്കുകയുള്ളൂ,” പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.
ഇന്ത്യയ്ക്ക് രാഷ്ട്രപതി നല്കിയ സംഭാവനകള്‍ നിസ്തുലമാണെന്നും പ്രധാനമന്ത്രി പറഞ്ഞു.
Post Your Comments