Kerala

അഗ്നി രക്ഷാ സേനയ്ക്ക് പുതിയ പേര് പരിഗണയില്‍ – മുഖ്യമന്ത്രി പിണറായി വിജയന്‍

തൃശൂര്‍ ദുരന്തമുഖങ്ങളില്‍ വര്‍ദ്ധിച്ചുവരുന്ന വെല്ലുവിളികളെ നേരിടാന്‍ സഹായകമാകും വിധം സംസ്ഥാനത്തെ അഗ്നി രക്ഷാ സേനയെ സുസജ്ജമാക്കുന്നതിന് സര്‍ക്കാര്‍ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. തൃശൂര്‍, വിയ്യൂര്‍, ഫയര്‍ ആന്റ് റസ്‌ക്യൂ സര്‍വ്വീസസ് അക്കാദമിയില്‍ പരിശീലനം പൂര്‍ത്തിയാക്കിയ ഇരുപതാമത് ബാച്ച് ഫയര്‍മാന്‍മാരുടെ പാസിംഗ് ഔട്ട് പരേഡില്‍ അഭിവാദ്യം സ്വീകരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. സേനയുടെ പ്രവര്‍ത്തനങ്ങള്‍ക്കായി 39 കോടി രൂപ സര്‍ക്കാര്‍ ഈ വര്‍ഷം അനുവദിച്ചിട്ടുണ്ട്. ഫയര്‍ ആന്റ് റസ്‌ക്യൂ സര്‍വ്വീസസ് അക്കാദമിക്കായി ഒരു കോടി രൂപയാണ് നല്‍കിയിട്ടുള്ളത്. സേനക്ക് പുതിയൊരു മുഖം നല്‍കുന്നതിന്റെ ഭാഗമായി പുതിയ പേര് നല്‍കുന്ന കാര്യവും സര്‍ക്കാര്‍ പരിഗണിക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.

സംസ്ഥാനത്ത് അഞ്ച് സ്ഥലങ്ങളില്‍ പുതിയ ഫയര്‍ സ്റ്റേഷനുകള്‍ അനുവദിച്ചിട്ടുണ്ട്. ആവശ്യമെന്ന് വന്നാല്‍ കൂടുതല്‍ സ്ഥലങ്ങളില്‍ സ്റ്റേഷനുകള്‍ അനുവദിക്കുമെന്നും അദ്ദേഹം പറഞ്ഞു. സേനക്ക് ആവശ്യമായ 35 വാഹനങ്ങള്‍ പുതുതായി അനുവദിച്ച കാര്യവും മുഖ്യമന്ത്രി അനുസ്മരിച്ചു. ദുരന്തമുഖങ്ങളില്‍ ജനങ്ങള്‍ പ്രതീക്ഷയോടെ കാണുന്ന അഗ്നിസുരക്ഷാ സേനാംഗങ്ങള്‍ അവര്‍ക്ക് ആത്മ ധൈര്യവും സാന്ത്വനവും നല്‍കുന്ന രീതിയില്‍ വേണം പ്രവര്‍ത്തിക്കാന്‍. അക്കാദമിയില്‍ നിന്ന് ലഭിച്ചിട്ടുള്ള പരിശീലനം ആധുനിക ഉപകരണങ്ങള്‍ ഉപയോഗിച്ചുള്ള രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്ക് പുറമെ ഇക്കാര്യത്തിലും സേനാംഗങ്ങള്‍ക്ക് പ്രയോജനപ്പെടുമെന്ന് അദ്ദേഹം പ്രത്യാശിച്ചു. കേരള ഫയര്‍ ആന്റ് റസ്‌ക്യൂ സര്‍വ്വീസസ്സിലെ 254 ഫയര്‍മാന്‍മാരും ലക്ഷദ്വീപിലേക്കുള്ള 27 ഫയര്‍മാന്‍-ഡ്രൈവര്‍ ഓപ്പറേറ്റര്‍മാരുമാണ് പരിശീലനം പൂര്‍ത്തിയാക്കി പാസ്സിംഗ് ഔട്ട് പരേഡില്‍ പങ്കെടുത്തത്.

പരിശീലനത്തില്‍ മികവ് പുലര്‍ത്തിയ കോഴിക്കോട് നിന്നുള്ള സി.കെ അഖില്‍, തിരുവനന്തപുരത്ത് നിന്നുള്ള എസ്. സനല്‍കുമാര്‍, പാലക്കാട് നിന്നുള്ള ഐ. മുകേഷ് എന്നിവര്‍ക്ക് ചടങ്ങില്‍ മുഖ്യമന്ത്രി ട്രോഫികള്‍ വിതരണം ചെയ്തു. പരിശീലനാര്‍ഥികളുടേയും പരിശീലകരുടേയും അവയവദാനത്തിനുള്ള സമ്മതപത്രം ചടങ്ങില്‍ മുഖ്യമന്ത്രി ഏറ്റുവാങ്ങി. തുടര്‍ന്ന് വിവിധ രക്ഷാ പ്രവര്‍ത്തനങ്ങളുടെ പ്രദര്‍ശനവും അഗ്നിരക്ഷാസേന പരിശീലിപ്പിച്ച കുട്ടികളുടെ നീന്തല്‍ അഭ്യാസവും നടന്നു. പോലീസ് റേഞ്ച് ഐ.ജി എം.ആര്‍ അജിത്കുമാര്‍, പോലീസ് പരിശീലന വിഭാഗം ഐ.ജി മഹിപാല്‍ യാദവ്, അഗ്നിസുരക്ഷാ സേന ടെക്‌നിക്കല്‍ ഡയറക്ടര്‍ ഇ.ബി പ്രസാദ്, ഫയര്‍ ആന്റ് റസ്‌ക്യൂ സര്‍വ്വീസസ് അക്കാദമി ഡയറക്ടര്‍ എം.ജി രാജേഷ് തുടങ്ങിയവര്‍ പങ്കെടുത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button