ഫ്‌ളോറിഡ : റിപ്പബ്ലിക്കന്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥി ഡൊണാള്‍ഡ് ട്രംപിന് മറുപടിയുമായി ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥി ഹില്ലരി ക്ലിന്റണ്‍. കഴിഞ്ഞ ദിവസം ക്ലെവര്‍ലാന്റ് കണ്‍വന്‍ഷനില്‍ ഹില്ലരിക്കെതിരേ നിശിതവിമര്‍ശനങ്ങള്‍ ഡൊണാള്‍ഡ് ട്രംപ് ഉന്നയിച്ചിരുന്നു. ഹില്ലരിയെ സാമ്പത്തികമായി പിന്തുണയ്ക്കുന്നവരുടെ ചരടുവലിക്കനുസരിച്ചു പ്രവര്‍ത്തിക്കുന്ന പാവ മാത്രമാണ് ഹില്ലരിയെന്നായിരുന്നു ട്രംപിന്റെ ആക്ഷേപം.
‘ട്രംപിന്റെ ഇരുണ്ടതും, വിഭാഗീയത നിറഞ്ഞതുമായ പ്രസംഗത്തേക്കുറിച്ചു ഞാന്‍ കേട്ടു. പുതിയ തലങ്ങളില്‍ ചര്‍ച്ച ചെയ്യപ്പെട്ട പ്രസംഗം പക്ഷേ ഭീതിയും, പകയും, നീരസവും മാത്രമാണ് വാഗ്ദാനം ചെയ്തത്. ഒന്നിനും ഒരു പരിഹാരവും അദ്ദേഹം സംസാരിച്ചില്ല’. തനിക്കു മാത്രമേ അമേരിക്കയുടെ പ്രശ്‌നപരിഹാരം സാദ്ധ്യമാകൂ എന്ന ട്രംപിന്റെ വാക്കുകള്‍ തനിക്കു ഷോക്കായെന്നും, അമേരിക്ക നിസ്സഹായാവസ്ഥയിലാണെന്നും, അമേരിക്കയെ രക്ഷിക്കേണ്ടതുണ്ടെന്നുമാണ് ട്രംപ് ധരിച്ചു വച്ചിരിക്കുന്നതെന്നും ഹില്ലരി പരിഹസിച്ചു. യു.എസ് ജനതയ്ക്കു വേണ്ടിയോ, താന്‍ നിരന്തരം ആക്ഷേപിച്ചു കൊണ്ടിരുന്ന യു.എസ് മിലിട്ടറിക്കു വേണ്ടിയോ ട്രംപ് സംസാരിക്കേണ്ടതില്ലെന്നും ഹില്ലരി പറഞ്ഞു.
തൊഴില്‍ പദ്ധതികളേക്കുറിച്ചെന്തെങ്കിലും ട്രംപ് പറഞ്ഞിരുന്നോ? ഇല്ലല്ലോ? പൗരന്മാരെ സുരക്ഷിതരാക്കുന്നതിനേക്കുറിച്ചു വാചാലനായ ട്രംപ് അതിനുള്ള പദ്ധതികളെന്തെന്ന് പറഞ്ഞു കേട്ടില്ല. പൊലീസിനെ എങ്ങനെ പിന്തുണയ്ക്കുമെന്നും ട്രംപ് പറഞ്ഞില്ല. ട്രംപിന്റെ വാദങ്ങളെ പദാനുപദം ഖണ്ഡിക്കുന്നതായിരുന്നു ഹില്ലരിയുടെ വാക്കുകള്‍. ട്രംപിന്റെ ഇരുണ്ട കാഴ്ചപ്പാടുകളെ തള്ളിക്കളയണമെന്ന് ഹില്ലരി അമേരിക്കന്‍ ജനതയോട് ആവശ്യപ്പെട്ടു. അമേരിക്കയുടെ പ്രതിസന്ധികള്‍ക്ക് താന്‍ മാത്രമാണ് പ്രതിവിധിയെന്ന ട്രംപിന്റെ വാദത്തെ ഹില്ലരി നിശിതമായ ഭാഷയില്‍ തള്ളിക്കളഞ്ഞു. അമേരിക്കക്കാര്‍ പ്രശ്‌നം പരിഹരിക്കുന്നവരാണ്. അവര്‍ പ്രതിസന്ധികള്‍ക്കു മേല്‍ ഭിത്തി പണിയുകയല്ല, മറിച്ച് പാലം പണിയുന്നവരാണെന്ന് ഹില്ലരി പറഞ്ഞു. ട്രംപിന്റെ പ്രസംഗത്തിലെ, ഭീകരതയ്ക്കും അശാന്തിയ്ക്കുമെതിരേ ഭിത്തി പണിയുമെന്ന ആലങ്കാരിക പ്രയോഗത്തെ അതേ ശൈലിയില്‍ ഖണ്ഡിക്കുകയായിരുന്നു ഹില്ലരി.
Post Your Comments