NewsIndia

രാത്രിയില്‍ വീടിനുള്ളില്‍ കടന്ന കുട്ടിയാനക്കൂട്ടം അകത്താക്കിയത് അഞ്ചര പവനും 43,000 രൂപയും

ഗൂഡല്ലൂര്‍: നീലഗിരിയില്‍ വീട്ടിനകത്ത് രാത്രി അതിക്രമിച്ചു കയറിയ കുട്ടിയാനക്കൂട്ടം ‘വീടിറങ്ങി’യത് 43,000 രൂപയും അഞ്ചര പവനോളം സ്വര്‍ണവും അകത്താക്കിയ ശേഷം. ബംഗ്ലാവിനുള്ളില്‍ കുടുങ്ങിയ കുട്ടിയാനകളെ പുറത്തിറക്കാനായി പരിസരത്തുണ്ടായിരുന്ന ആനകള്‍ ബംഗ്ലാവ് തകര്‍ക്കുകയും ചെയ്തു.

ഗൂഡല്ലൂര്‍ താലൂക്കിലെ ഓവാലി പഞ്ചായത്തിലെ ബാര്‍വുഡിനു സമീപം ശാന്തി എസ്റ്റേറ്റിലെ ബംഗ്ലാവാണ് തിങ്കളാഴ്ച രാത്രി കാട്ടാനക്കൂട്ടം തകര്‍ത്തത്. ബംഗ്ലാവിലെ താമസക്കാരായ റഹീമും ഭാര്യ നൂര്‍ജഹാനും രണ്ടരവയസ്സുള്ള കുട്ടിയുമായി രാത്രി പത്തോടെ രണ്ടുകിലോമീറ്റര്‍ ദൂരം തേയിലത്തോട്ടത്തിലൂടെ ഇരുട്ടത്ത് ഓടി രക്ഷപ്പെടുകയായിരുന്നു. ബംഗ്ലാവിന്റെ വാതില്‍ തകര്‍ത്ത് അകത്തു കയറിയ കുട്ടിയാനകളാണു നാശനഷ്ടം വരുത്തിയത്.

വീട്ടില്‍ സൂക്ഷിച്ചിരുന്ന 60,000 രൂപയില്‍ 43,000 രൂപയും കാട്ടാന ചവച്ചു തുപ്പി നശിപ്പിച്ചു. അഞ്ചര പവന്‍ കുട്ടിയാനകള്‍ തിന്നതായി വീട്ടുകാര്‍ പറയുന്നു. വീട്ടിലുണ്ടായിരുന്ന റഫ്രിജറേറ്റര്‍, രണ്ടു ടിവി, രണ്ടു കട്ടിലുകള്‍ എന്നിവയും തകര്‍ത്തു. മൂന്നരലക്ഷം രൂപയുടെ നാശനഷ്ടമുണ്ട്. പുറത്തു നില്‍ക്കുകയായിരുന്ന മുതിര്‍ന്ന കാട്ടാനകള്‍, കുട്ടിയാനകളെ പുറത്തെത്തിക്കാനായി ബംഗ്ലാവിന്റെ ജനലുകളും വാതിലുകളും പൊളിക്കുകയായിരുന്നു. ആറാട്ടുപാറ അങ്ങാടിയിലെ ആര്‍. മോഹനന്റെ പലചരക്കു കടയും കാട്ടാന തകര്‍ത്തു. ഭക്ഷ്യയോഗ്യമായതെല്ലാം കാട്ടാന തിന്നുതീര്‍ത്തു. റേഷന്‍ കടയ്ക്ക് സമീപമാണ് മോഹനന്റെ പലചരക്കുകട. ഒറ്റയാനാണ് ഇവിടെ നാശം വിതച്ചത്.

shortlink

Post Your Comments


Back to top button