Kerala

ഹൈക്കോടതി വളപ്പില്‍ അഭിഭാഷകരും മാദ്ധ്യമപ്രവര്‍ത്തകരും തമ്മില്‍ സംഘര്‍ഷം

കൊച്ചി : കേരള ഹൈക്കോടതി വളപ്പില്‍ അഭിഭാഷകരും മാദ്ധ്യമപ്രവര്‍ത്തകരും തമ്മില്‍ വീണ്ടും സംഘര്‍ഷം. യാതൊരു പ്രകോപനവും കൂടാതെ അഭിഭാഷകര്‍ മാദ്ധ്യമപ്രവര്‍ത്തകരെ അസഭ്യം പറയുകയും കയ്യേറ്റം ചെയ്യുകയുമായിരുന്നു. ഗവണ്‍മെന്റ് പ്ലീഡര്‍ ധനേഷ് മാത്യു മാഞ്ഞൂരാനെ സ്ത്രീപീഡനക്കേസില്‍ അറസ്റ്റ് ചെയ്തതിനേത്തുടര്‍ന്നാണ് സംഭവങ്ങളുടെ തുടക്കം.

ധനേഷ് മാത്യു മാഞ്ഞൂരാന്റെ കോടതിനടപടികള്‍ റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാദ്ധ്യമപ്രവര്‍ത്തകരെ ധനേഷ് മാത്യുവിനെ കള്ളക്കേസില്‍ കുടുക്കിയെന്നാരോപിച്ച് അഭിഭാഷകര്‍ ആക്രമിക്കുകയായിരുന്നു. മാദ്ധ്യമപ്രവര്‍ത്തകരെക്കൂടാതെ ഓട്ടോ െ്രെഡവര്‍മാരെയും ഇവര്‍ ആക്രമിച്ചു. കോടതിയില്‍ നിന്നും മാദ്ധ്യമപ്രവര്‍ത്തകരെ ഇറക്കി വിടുകയും ഹൈക്കോടതിയിലെ മീഡിയ റൂം പൂട്ടിക്കുകയും ചെയ്തു. മാദ്ധ്യമപ്രവര്‍ത്തകരെ മര്‍ദ്ദിക്കുകയും, ക്യാമറയും ഉപകരണങ്ങളും തല്ലിത്തകര്‍ക്കുകയും ചെയ്തു. വനിതാമാദ്ധ്യമപ്രവര്‍ത്തകരെയും അസഭ്യം പറഞ്ഞതോടെ രംഗം സംഘര്‍ഷത്തിലേയ്ക്കു വഴി മാറുകയായിരുന്നു.

സ്ഥിതി നിയന്ത്രണാതീതമായതിനേത്തുടര്‍ന്ന് പൊലീസ് ലാത്തി വീശി. സംഭവത്തേത്തുടര്‍ന്ന് കുത്തിയിരുന്നു പ്രതിഷേധിച്ച മാദ്ധ്യമപ്രവര്‍ത്തകര്‍ക്കു നേരേ അഭിഭാഷകര്‍ നാണയത്തുട്ടുകളെറിയുകയും ചെയ്തു. പൊലീസ് ലാത്തിച്ചാര്‍ജ്ജ് ആരംഭിച്ചതോടെ അഭിഭാഷകര്‍ ഹൈക്കോടതിയില്‍ അഭയം തേടി.
ഹൈക്കോടതിയിലെ സംഘര്‍ഷം നിയന്ത്രിക്കണമെന്ന് പ്രതിപക്ഷനേതാവ് രമേഷ് ചെന്നിത്തല ആവശ്യപ്പെട്ടു. ഇതു സംബന്ധിച്ച് ഹൈക്കോടതി ആക്ടിംഗ് ചീഫ് ജസ്റ്റിസുമായി അദ്ദേഹം ഫോണില്‍ സംസാരിച്ചു. സിറ്റി പൊലീസ് കമ്മീഷണര്‍ എം.പി ദിനേശ് സ്ഥലത്തെത്തിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button