മസ്തിഷ്‌ക മരണം സംഭവിച്ച കോരാണി, ചെമ്പകമംഗലം സതീശ വിലാസത്തില്‍ സതീശന്‍ നായരുടെ മകന്‍ വിശാല്‍ (15) ഇനി ആറുപേരിലൂടെ ജീവിക്കും. ഹൃദയം, കരള്‍, 2 വൃക്കകള്‍, രണ്ട് കോര്‍ണിയ എന്നിവയാണ് ദാനം ചെയ്തത്. അങ്ങനെ ആറുപേര്‍ക്കാണ് വിശാലിലൂടെ മൃതസഞ്ജീവനി പദ്ധതി വഴി പുതുജീവിതം കിട്ടുന്നത്. മകന്റെ അകാല വിയോഗത്തിന്റെ തീവ്രദു:ഖത്തിലും മറ്റുള്ളവരിലൂടെ അവന്‍ ജീവിക്കട്ടെ എന്ന ആ അച്ഛന്റെ ദൃഢ നിശ്ചയമാണ് ആറുപേര്‍ക്ക് പുതിയ ജീവിതം നല്‍കുന്നത്. അവയവങ്ങള്‍ ദാനം ചെയ്ത വിശാലിന്റെ അച്ഛനായ സതീശന്‍ നായരെ ആരോഗ്യമന്ത്രി കെ.കെ. ഷൈലജ മെഡിക്കല്‍ കോളേജില്‍ സന്ദര്‍ച്ച് ആശ്വസിപ്പിച്ചു. നിയമസഭാ സമ്മേളനത്തിന്റെ തിരക്കുകള്‍ക്കിടയില്‍ നിന്നാണ് അവരെക്കാണാന്‍ മന്ത്രി സമയം കണ്ടെത്തിയത്.
a
അവയവ സ്വീകര്‍ത്താക്കളെ നിശ്ചയിച്ചത് കേരള സര്‍ക്കാരിന്റെ മൃതസഞ്ജീവനിയില്‍ (കെ.എന്‍.ഒ.എസ്.) രജിസ്റ്റര്‍ ചെയ്ത് കാത്തിരിക്കുന്നവരുടെ മുന്‍ഗണനാ ക്രമത്തിലുള്ള പട്ടികയില്‍ നിന്നാണ്. അപ്രകാരമാണ് ഹൃദയം മൃതസഞ്ജീവനിയില്‍ രജിസ്റ്റര്‍ ചെയ്ത ലിസി ആശുപത്രിയിലെ സൂപ്പര്‍ അര്‍ജന്റ് രോഗിക്കും കരള്‍ കിംസ് ആശുപത്രിയിലെ രോഗിക്കും നല്‍കിയത്. വൃക്കകള്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ 2 രോഗികള്‍ക്ക് നല്‍കി. തൃശൂര്‍ പട്ടിക്കാട് സ്വദേശിനിയും ലാബ് ടെക്‌നീഷ്യനുമായ സന്ധ്യക്കാണ് (27) വിശാലിന്റെ ഹൃദയം നല്‍കിയത്. ഫക്രുദ്ദീന്‍ (39) പനവൂര്‍, രാജേന്ദ്രന്‍ (56) വിതുര എന്നവരാണ് വൃക്കകളുടെ സ്വീകര്‍ത്താക്കള്‍. നെടുമങ്ങാട് സ്വദേശിനി പ്രിയയാണ് (30) കരളിന്റെ സ്വീകര്‍ത്താവ്. റീജിയണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഒഫ്ത്താല്‍മോളജിലെ (ആര്‍.ഐ.ഒ.) രോഗികള്‍ക്കാണ് ഈ രണ്ട് കോര്‍ണിയകള്‍ നല്‍കുന്നത്. പരിശോധനകള്‍ക്ക് ശേഷം സ്വീകര്‍ത്താക്കളെ ഉടന്‍ കണ്ടെത്തും.
മെഡിക്കല്‍ കോളേജിലെ രണ്ട് രോഗികളുടെ വൃക്കമാറ്റിവയ്ക്കല്‍ ശസ്ത്രക്രിയകള്‍ വിജയകരമായി പൂര്‍ത്തിയാക്കി. എറണാകുളം ലിസി ആശുപത്രിയില്‍ ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയായി. 12 മണിക്ക് മെഡിക്കല്‍ കോളേജില്‍ നിന്നും കൊണ്ടുപോയ ഹൃദയം ഉച്ചയ്ക്ക് 1.15ന് ലിസി ആശുപത്രിയില്‍ എത്തി. 3 മണിക്കൂര്‍ 35 മിനിറ്റ് കൊണ്ട് 15 കാരന്‍ വിശാലിന്റെ ഹൃദയം സന്ധ്യയില്‍ തുടിച്ചു തുടങ്ങി. അതോടെ ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ വിജയമായി. കിംസില്‍ കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടന്നുകൊണ്ടിരിക്കുന്നു. പോസ്റ്റ്‌മോര്‍ട്ടം കഴിഞ്ഞ വിശാലിന്റെ മൃതദേഹം നാലുമണിയോടെ ബന്ധുക്കള്‍ക്ക് കൈമാറിയിരുന്നു.
മുഖ്യമന്ത്രിയുടെ പ്രത്യേക നിര്‍ദ്ദേശ പ്രകാരം നേവിയുടെ ഡോണിയര്‍ എയര്‍ക്രാഫ്റ്റിലാണ് ഹൃദയം കൊണ്ടുപോയത്. ഹൃദയം ദാതാവില്‍ നിന്നും എടുത്തു കഴിഞ്ഞാല്‍ മണിക്കൂറുകള്‍ക്കുള്ളില്‍ സ്വീകര്‍ത്താവില്‍ വച്ചു പിടിപ്പിക്കേണ്ടതുണ്ട്. അതിനാല്‍ ആശുപത്രി മുതല്‍ എയര്‍പോര്‍ട്ടുവരെ കളക്ടര്‍ ബിജു പ്രഭാകറിന്റെ നിര്‍ദ്ദേശപ്രകാരം പോലീസുകാര്‍ ഗ്രീന്‍ കോറിഡോര്‍ ഒരുക്കി ഇതില്‍ പങ്കാളിയായി.
എല്ലാവര്‍ക്കും പ്രിയങ്കരനായ വിശാല്‍
മണ്ണന്തല മുക്കോല സെന്റ് തോമസ് സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിയാണ് വിശാല്‍ സതീഷ് കല്ലില്‍. മുക്കോല മുത്തൂറ്റ് പെനിയല്‍ അപ്പാര്‍ട്ട്‌മെന്റിലെ രണ്ടാം നമ്പര്‍ ഫ്‌ളാറ്റിലാണ് ഇപ്പോള്‍ ഇവരുടെ താമസം. മകന്റെ പഠിത്തന് വേണ്ടിയാണ് ദുബായിലായിരുന്ന സതീഷും കുടുംബവും മൂന്ന് വര്‍ഷം മുമ്പ് ഇവിടെയെത്തിയത്. മൂത്തമകന്‍ ഇസീസ് സതീഷ് (22) ദുബായില്‍ പഠിക്കുകയാണ്. ഇമിറേറ്റ്‌സ് എയര്‍ലൈന്‍സ് ജീവനക്കാരനായ സതീഷ് സുഹൃത്തിന്റെ മകളുടെ വിവാഹത്തില്‍ പങ്കെടുക്കാന്‍ അടുത്തിടെയാണ് ദുബായില്‍ നിന്നും കേരളത്തിലെത്തിയത്.
മുക്കോലയിലെ ഫ്‌ളാറ്റില്‍ നിന്നും സെന്റ് തോമസ് സ്‌കൂളിലേക്ക് കാല്‍നടയായാണ് വിശാല്‍ പോകുന്നത്. ജൂലയ് പതിനാറാം തീയതി സ്‌കൂളില്‍ നിന്നും വീട്ടിലേക്ക് നടന്നു പോകുമ്പോള്‍ മുക്കോല ജംഗ്ഷനില്‍ വച്ച് വിശാലിനെ കാര്‍ ഇടിക്കുകയായിരുന്നു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ വിശാലിനെ ഉടന്‍തന്നെ മെഡിക്കല്‍ കോളേജില്‍ അഡ്മിറ്റാക്കി. തുടര്‍ന്ന് ന്യൂറോ സര്‍ജറിക്ക് വിധേയമാക്കി തീവ്ര പരിചരണം നല്‍കിയിരുന്നെങ്കിലും തിങ്കളാഴ്ച വൈകുന്നേരത്തോടെ വിശാലിന് മസ്തിഷ്‌ക മരണം സംഭവിക്കുകയായിരുന്നു. വൈകുന്നേരം 4.30ന് മസ്തിഷ്‌ക മരണം സ്ഥിരീകരിച്ചു.
തുടര്‍ന്ന് മൃതസഞ്ജീവനിയിലെ ജീവനക്കാര്‍ അവയവദാനത്തിന്റെ സാധ്യതകളെപ്പറ്റി അച്ഛനോട് സംസാരിക്കുകയും അവരുടെ കുടുംബാംഗങ്ങള്‍ അവയവങ്ങള്‍ ദാനം ചെയ്യാന്‍ സമ്മതിക്കുകയുമായിരുന്നു. തന്റെ പൊന്നുമകനെപ്പറ്റി പറയുമ്പോള്‍ ആ അച്ഛന് നൂറ് നാവാണ്. അടക്കവും ഒതുക്കവുമുള്ള ശാന്ത സ്വഭാവക്കാരനായ മകന്റെ ഓര്‍മ്മകളിലാണ് ആ കുടുംബം.
Post Your Comments