മുഖ്യമന്ത്രി പിണറായി വിജയന്റെ നിയമോപദേഷ്ടാവായി മുതിര്‍ന്ന് അഭിഭാഷകന് എം.കെ.ദാമോദരനെ നിയമിച്ച നടപടിയെ ചോദ്യംചെയ്ത് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജി ഫലംകണ്ടു. കുമ്മനത്തിന്റെ ഹര്‍ജി ഇന്ന് ഹൈക്കോടതി പരിഗണിച്ചപ്പോള്‍ തന്നെ എം.കെ ദാമോദരന്‍ മുഖ്യമന്ത്രിയുടെ നിയമോപദേഷ്ടാവ് പദവി സ്വീകരിച്ചിട്ടില്ലെന്നും ഇനി സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും അഡീഷണല്‍ അഡ്വക്കേറ്റ് ജനറല്‍ വ്യക്തമാക്കി. ഇക്കാര്യം അംഗീകരിച്ച കോടതി എന്നാല്‍ മുഖ്യമന്ത്രിക്ക് ഒരു നിയമോപദേഷ്ടാവ് ആവശ്യമുണ്ടോ, ഇത്തരമൊരു പദവി നിയമപരമായി നിലനില്‍ക്കുമോ എന്നിങ്ങനെയുള്ള ഹര്‍ജിയിലെ ആവശ്യങ്ങള്‍ നിലനില്‍ക്കുമെന്നും നിരീക്ഷിച്ചു.
ലോട്ടറിക്കേസിലെ പ്രതി സാന്റിയാഗോ മാര്ട്ടിന് വേണ്ടിയും സര്‍ക്കാറിനെതിരെ ക്വാറി ഉടമകള്‍ക്ക് വേണ്ടിയും ഐസ്ക്രീം കേസില്‍ പ്രതികള്‍ക്ക് വേണ്ടിയും കോടതിയില്‍ എം.കെ ദാമോദരന്‍ ഹാജരായത് വലിയ വിവാദങ്ങള്‍ക്ക് വഴിതെളിച്ചിരുന്നു. നിയമോപദേഷ്ടാവായി നിയമിച്ചതുമായി ബന്ധപ്പട്ട് കഴിഞ്ഞ ദിവസങ്ങളില്‍ ഉണ്ടായ വിവാദങ്ങളും കുമ്മനം രാജശേഖരന് ഹൈക്കോടതിയില്‍ നല്കിയ കേസും പരിഗണിച്ചാണ് പദവി ഏറ്റെടുക്കേണ്ടതില്ല എന്ന തീരുമാനമെടുക്കാന്‍ ദാമോദരനെ പ്രേരിപ്പിച്ചതെന്നാണ് വിലയിരുത്തല്‍.
ഇന്നു ചേരുന്ന ഇടതുമുന്നണി യോഗത്തില്‍ ദാമോദരന്റെ നിയമനത്തെ ശക്തമായി എതിര്‍ക്കാന്‍ സി.പി.ഐ തീരുമാനിച്ചതും ഇതേപ്പറ്റി കാനം രാജേന്ദ്രന് വ്യക്തമാക്കിയതും പിന്മാറ്റ തീരുമാനത്തിന് പ്രേരണ ചെലുത്തി. ഭരണഘടനാ പദവിയിലുള്ള അഡ്വക്കേറ്റ് ജനറല്‍ ഉണ്ടായിരിക്കെ ദാമോദരന്‍ സര്‍ക്കാര്‍ കേസുകളില്‍ കോടതിയില്‍ ഹാജരാവാന്‍ കഴിയില്ല.
മുഖ്യമന്ത്രിയുടെ നിയമോപദേഷ്ടാവ് സ്ഥാനത്തിരുന്ന് മറ്റ് കേസുകളും ഏറ്റെടുക്കാന്‍ കഴിയാതെ വരുന്ന സാഹചര്യവും ദാമോദരന്‍ അഭിമുഖീകരിച്ചിരുന്നു. അതോടൊപ്പം സര്‍ക്കാര്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ റാങ്ക് മാത്രം നല്‍കിയതിലുള്ള അതൃപ്തിയും തീരുമാനത്തിന് പിന്നിലുണ്ടെന്നു സൂചനയുണ്ട്.
Post Your Comments