അമൃത്സര്‍: പഞ്ചാബിലെ സുവര്‍ണ്ണക്ഷേത്രത്തില്‍ പശ്ചാത്താപത്തിനായി സേവനം അനുഷ്ഠിക്കുന്നു എന്ന പേരില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ ഇന്നലെ നടത്തിയത് പബ്ലിസിറ്റിക്ക് വേണ്ടിയുള്ള നാടകം മാത്രമായിരുന്നു എന്നും, കെജ്രിവാളിന്‍റെ പെരുമാറ്റത്തില്‍ പശ്ചാത്താപം തോന്നുന്നതായുള്ള യാതൊരുവിധ ലക്ഷണങ്ങളും ഇല്ലായിരുന്നു എന്നും കോണ്‍ഗ്രസ് പഞ്ചാബ് ഘടകം ചീഫ് അമരീന്ദര്‍ സിംഗ് അഭിപ്രായപ്പെട്ടു.
“ഇന്നലെ ദര്‍ബാര്‍ സാഹിബില്‍ കഴിഞ്ഞ സമയമത്രയും കെജ്രിവാളിന്‍റെ പെരുമാറ്റത്തില്‍ പശ്ചാത്താപത്തിന്‍റെ ലാഞ്ചന പോലും ഇല്ലായിരുന്നു. ക്ഷമ യാചിച്ചുകൊണ്ടും, ദയവിനായി പ്രാര്‍ഥിച്ചുകൊണ്ടും ഒരാള്‍ പെരുമാറുമ്പോള്‍ ആവശ്യം കാണിക്കേണ്ടതായ വിനയമോ, മിതത്വമോ കെജ്രിവാളില്‍ കാണാനുണ്ടായിരുന്നില്ല എന്ന്‍ അമരീന്ദര്‍ സിംഗ് പറഞ്ഞു.
ആം ആദ്മി പാര്‍ട്ടിയുടെ “യൂത്ത് മാനിഫെസ്റ്റോയില്‍” പാര്‍ട്ടിചിഹ്നമായ ചൂലിനോടൊപ്പം സുവര്‍ണ്ണക്ഷേത്രത്തിന്‍റെ ചിത്രവും അച്ചടിച്ചുവന്നത് സിഖ് വിഭാഗത്തിന്‍റെ കടുത്ത പ്രതിഷേധങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. ഇതിന് ക്ഷമ യാചിച്ചെന്നോണമാണ് കെജ്രിവാള്‍ ഇന്നലെ 45-മിനിറ്റോളം സുവര്‍ണ്ണക്ഷേത്രത്തിന്‍റെ സമൂഹഅടുക്കളയില്‍ പാത്രംകഴുകാന്‍ പങ്കുചേര്‍ന്നത്.
“കെജ്രിവാളിന്‍റെ പാപങ്ങള്‍ തന്നെ അളവറ്റവയാണെന്നും, അവയെപ്പറ്റി പശ്ചാത്തപിക്കാതെ മറ്റുള്ളവരുടെ പാപം ഏറ്റെടുത്ത് ക്ഷമയാചിക്കുന്നത് യുക്തിക്ക് നിരക്കാത്തതാണെന്നും അമരീന്ദര്‍ അഭിപ്രായപ്പെട്ടു.
പഞ്ചാബില്‍ അടുത്തുതന്നെ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ ഈ നാടകത്തിലൂടെ തന്നെ ഉയര്‍ത്തിക്കാട്ടാന്‍ മാത്രമാണ് കെജ്രിവാള്‍ ശ്രമിച്ചതെന്നും ശരിക്കും പശ്ചാത്താപമുണ്ടായിരുന്നെങ്കില്‍ എഎപി യൂത്ത് മാനിഫെസ്റ്റോയുടെ ചുമതല വഹിച്ചിരുന്ന കന്‍വര്‍ സന്ധു ആയിരുന്നു സുവര്‍ണ്ണക്ഷേത്രത്തില്‍ വരേണ്ടിയിരുന്നതെന്നും അമരീന്ദര്‍ പറഞ്ഞു.
Post Your Comments