2014 ലോക്സഭാ തിരഞ്ഞെടുപ്പ് കാലത്ത് നരേന്ദ്രമോദിയെ തുണ്ടംതുണ്ടമാക്കുമെന്ന് ഭീഷണിമുഴക്കി വിവാദനായകനായി മാറിയ കോണ്‍ഗ്രസ് നേതാവ് ഇമ്രാന്‍ മസൂദ് ഉത്തര്‍പ്രദേശില്‍ പാര്‍ട്ടിക്ക് തലവേദനയാകുന്നു. മുസഫര്‍നഗര്‍ വര്‍ഗ്ഗീയസംഘര്‍ഷം ഗുരുതരമായി മാറാന്‍ കാരണം മസൂദിന്‍റെ ഈ വിദ്വേഷപ്രസംഗം ആയിരുന്നു. രാഹുല്‍ഗാന്ധിയേയോ പ്രിയങ്കാഗാന്ധിയേയോ അടുത്തവര്‍ഷം നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പ് ഉത്തര്‍പ്രദേശിലെ പാര്‍ട്ടിയുടെ മുഖമാക്കി മാറ്റാന്‍ കോണ്‍ഗ്രസ് പദ്ധതിയിടുന്ന സമയത്താണ് ഇമ്രാന്‍ മസൂദ് പുതിയ പ്രശ്നങ്ങള്‍ സൃഷ്ടിക്കുകയാണ്.
ഉത്തര്‍പ്രദേശിലെ കോണ്‍ഗ്രസിന്‍റെ മുഖം താനാണെന്ന മസൂദിന്‍റെ പ്രസ്താവനയാണ് കോണ്‍ഗ്രസിന് ഇപ്പോള്‍ തലവേദനയായിരിക്കുന്നത്. പടിഞ്ഞാറന്‍ ഉത്തര്‍പ്രദേശില്‍ ശക്തമായ സ്വാധീനം ഉള്ള നേതാവായ മസൂദിനെ പിണക്കുന്ന കാര്യം ഒരു കരണവശാലും കോണ്‍ഗ്രസിന് ചിന്തിക്കാന്‍ പോലും സാധിക്കില്ല. മസൂദിന്‍റെ കുടുംബത്തിന് കാര്യമായ സ്വാധീനമുള്ള പടിഞ്ഞാറന്‍ ഉത്തര്‍പ്രദേശിലെ മുസ്ലീം വോട്ടുകള്‍ മുഴുവന്‍ മസൂദിനെ മുന്‍പില്‍നിര്‍ത്തിയാലേ ലഭിക്കൂ എന്ന കാര്യം കോണ്‍ഗ്രസിന് വ്യക്തമായി അറിയാം.
ദിയോബന്ദില്‍ ഈയിടെ നടന്ന ഉപതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനുണ്ടായ അത്ഭുതവിജയത്തിന്‍റെ പിന്നില്‍ മസൂദിന്‍റെ സ്വാധീനം ആണെന്നതും പാര്‍ട്ടി നേതൃത്വം സമ്മതിച്ച കാര്യമാണ്. ഇപ്പോള്‍, സംസ്ഥാനത്തെ തന്നെ പാര്‍ട്ടിയുടെ മുഖം താനാണെന്ന സ്വയംപ്രഖ്യാപനത്തിലൂടെ കോണ്‍ഗ്രസിനെ രണ്ടുംകല്‍പ്പിച്ചുള്ള ഒരുകളിക്ക് പ്രേരിപ്പിച്ചിരിക്കുകയാണ് മസൂദ്.
ന്യൂനപക്ഷ മുസ്ലീം വോട്ടുകള്‍ കുറച്ചൊക്കെ പാര്‍ട്ടിക്ക് അനുകൂലമാക്കി മാറ്റാന്‍ മസൂദിലൂടെ കഴിഞ്ഞേക്കാമെങ്കിലും നിയമസഭാ തിരഞ്ഞെടുപ്പ് പോലുള്ള ഒരു വലിയ മത്സരവേദിയില്‍ ഈ നീക്കം തിരിഞ്ഞുകൊത്തുമോ എന്നതാണ് പാര്‍ട്ടി ഇപ്പോള്‍ ഭയക്കുന്ന പ്രശ്നം. ഏതായാലും മസൂദിനെ ഉത്തര്‍പ്രദേശ് കോണ്‍ഗ്രസിന്‍റെ വൈസ് പ്രസിഡന്‍റായി അവരോധിച്ചു കഴിഞ്ഞു.
Post Your Comments