കണ്ണൂര്‍ ● കാശ്മീര്‍ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ചേര്‍ന്ന ഫേസ്ബുക്ക് മനുഷ്യാവകാശ കൂട്ടായ്മക്കിടെ ഇന്ത്യന്‍ സൈന്യത്തിനെതിരെ മുദ്രാവാക്യം. കണ്ണൂർ ടൗൺ സ്ക്വയറിൽ നടത്തിയ കൂട്ടായ്മയ്ക്കിടയിലാണ് ഇന്ത്യന്‍ സൈനികര്‍ക്കെതിരെ മുദ്രാവാക്യം മുഴക്കിയത്. ഇതേത്തുടര്‍ന്ന് കൂട്ടായ്മക്കാരെ വിമുക്ത ഭടന്മാര്‍ അടക്കമുള്ള നാട്ടുകാര്‍ കൈകാര്യം ചെയ്യാനൊരുങ്ങി. പ്രശ്നം വഷളായതോടെ പോലീസെത്തി കൂട്ടായ്മയിൽ ഉൾപ്പെട്ടവരെ കസ്റ്റഡിയിൽ എടുത്തു. സംഭവത്തിൽ ഉൾപ്പെട്ട 16 യുവാക്കളെയാണ് പോലീസ് കസ്റ്റഡിയില്‍ എടുത്തത്.
കാശ്മീരിനെക്കുറിച്ച് തങ്ങള്‍ കവിത ചൊല്ലുകമാത്രമാണ് ഉണ്ടായതെന്നും മുദ്രാവാക്യം വിളിച്ചിട്ടില്ലെന്നുമാണ് പ്രതിഷേധക്കാരുടെ വാദം. എന്നാൽ ഇവര്‍ ഇന്ത്യന്‍ പട്ടാളത്തിനെതിരെ മുദ്രാവാക്യം വിളിക്കുന്നതു കേട്ടാണു പൊലീസിൽ അറിയിച്ചതെന്ന് നാട്ടുകാര്‍ പറഞ്ഞു. തൊട്ടടുത്ത കന്റോൺമെന്റ് കേന്ദ്രത്തിൽ നിന്ന് അവധിദിനത്തിൽ വിശ്രമിക്കാനെത്തിയ പട്ടാളക്കാരാണ് മുദ്രാവാക്യത്തിനെതിരെ ആദ്യം പ്രതികരിച്ചത്. തുടര്‍ന്ന് നാട്ടുകാരും ഇവര്‍ക്കൊപ്പം ചേരുകയായിരുന്നു.
കേരളത്തിലെ വിവിധ ജില്ലകളിൽ ഈ കൂട്ടായ്മയുടെ നേതൃത്വത്തിൽ പരിപാടികൾ സംഘടിപ്പിക്കുമെന്നു ഈ ഫേസ്ബുക്ക് കൂട്ടായ്മ നേരത്തെ അറിയിച്ചിരുന്നു. കോഴിക്കോട്, തൃശൂർ ജില്ലകളിൽ നാളെ ഇവരുടെ നേതൃത്വത്തില്‍ കൂട്ടായ്മ നടത്തുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.
Post Your Comments