CricketNews

അന്തസ്സോടെ പെരുമാറാന്‍ പഠിക്കൂ : ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളോട് ബി.സി.സി.ഐ

ബിയര്‍ കഴിക്കുന്ന ചിത്രം സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തതിന് ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങള്‍ക്ക് ബി.സി.സി.ഐയുടെ താക്കീത്. അല്‍പം മാന്യതയോടെ പെരുമാറാന്‍ പഠിക്കൂ എന്നാണ് താരങ്ങളോട് ബി.സി.സി.ഐ പറഞ്ഞത്. താരങ്ങളുടെ നടപടിയില്‍ കടുത്ത അതൃപ്തിയാണ് ബി.സി.സി.ഐ രേഖപ്പെടുത്തിയത്. മാന്യമായി പെരുമാറണമെന്നു താരങ്ങളെ അറിയിക്കാന്‍ ബി.സി.സി.ഐ ടീം മാനേജര്‍ റിയാസ് ഭഗ്‌വാനോടു നിര്‍ദേശിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ ദിവസം വെസ്റ്റ്ഇന്‍ഡീസ് പര്യടനത്തിനിടെയാണ് ലോകേഷ് രാഹുല്‍ അടക്കമുള്ള താരങ്ങള്‍ ബിയര്‍ കുപ്പിയുമായി നില്‍ക്കുന്ന ചിത്രം സോഷ്യല്‍ മീഡിയയിലൂടെ പുറത്തുവിട്ടത്.

കെ.എല്‍ രാഹുല്‍, സ്റ്റുവര്‍ട്ട് ബിന്നി, ഉമേഷ് യാദവ്, എന്നിവര്‍ ബിയര്‍ കുപ്പിയുമായി ഇരിക്കുന്ന ഫോട്ടോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായത്.

സോഷ്യല്‍ മീഡിയിയല്‍ ഇത്തരം ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തതില്‍ ബി.സി.സി.ഐയിലെ ചിലര്‍ക്ക് അതൃപ്തിയുണ്ടായിരുന്നു. ഇക്കാര്യം താരങ്ങളെ നേരിട്ട് അറിയിച്ചിട്ടില്ലെങ്കിലും മാന്യതയ്ക്ക് നിരക്കാത്ത പെരുമാറ്റം ഉണ്ടാകാതിരിക്കാന്‍ ശ്രദ്ധിക്കണമെന്ന് താരങ്ങളോട് നിര്‍ദേശിക്കാന്‍ മാനേജരെ ചുമതലപ്പെടുത്തുകയായിരുന്നു. രാജ്യത്തെ യുവതലമുറയുടെ റോള്‍ മോഡലുകളാണ് താരങ്ങള്‍. അതുകൊണ്ട് തലമുറയെ വഴി തെറ്റിക്കുന്ന ചിത്രങ്ങള്‍ ഷെയര്‍ ചെയ്യരുതെന്നാണ് താരങ്ങള്‍ക്ക് ബിസിസിഐ നല്‍കിയ ഉപദേശം.

ബി.സി.സി.ഐ അതൃപ്തി അറിയിച്ചതിനു പിന്നാലെ ചിത്രം നീക്കം ചെയ്യപ്പെട്ടു. വിന്‍ഡീസ് ബോര്‍ഡ് ഇലവനെതിരായ മത്സരത്തിന് മുന്നോടിയായി സെന്റ് നെവിസ് ബീച്ചില്‍ അവധിസമയം ചെലവഴിക്കവെ എടുത്ത ചിത്രമായിരുന്നു അത്. ഇതു കൂടാതെ നിരവധി ചിത്രങ്ങള്‍ താരങ്ങള്‍ നവമാധ്യമങ്ങളില്‍ പങ്കുവെച്ചിരുന്നു.

shortlink

Post Your Comments


Back to top button