അങ്കാറ ● തുര്‍ക്കിയില്‍ ഭരണം പിടിച്ചെടുത്തതായി പട്ടാളത്തിന്റെ അവകാശവാദം. ജനാധിപത്യവും മനുഷ്യാവകാശവും നിലനിര്‍ത്താന്‍ സൈന്യം ഭരണം ഏറ്റെടുക്കുന്നുവെന്ന് സൈന്യം പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. ഇന്ത്യന്‍ പുലര്‍ച്ചെ രണ്ട് മണിയോടെയാണ് അധികാരം പിടിച്ചെടുത്തതായി സൈന്യം അവകാശപ്പെട്ടത്.
വെള്ളിയാഴ്ച രാത്രി മുതലുണ്ടായ സൈനിക നീക്കത്തിലാണ് സര്‍ക്കാരിനെ അട്ടിമറിച്ച് സൈന്യം അധികാരം പിടിച്ചെടുത്തത്. രാജ്യത്തെ പ്രധാന വിമാനത്താവളങ്ങളും പാലങ്ങളും സൈന്യം അടച്ചതായും മാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്യുന്നു. അറ്റാതുർക്ക്, ഇസ്താംബൂൾ വിമാനത്താവളങ്ങൾ അടച്ച് മുഴുവൻ വിമാന സർവീസുകളും സൈന്യം നിര്‍ത്തിവച്ചിരിക്കുകയാണ്.
സൈനിക വിമാനങ്ങള്‍ താഴ്ന്നു പറക്കുന്നതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു. അങ്കാരയിലെ പോലീസ് സ്‌പെഷല്‍ ഫോഴ്‌സ് ആസ്ഥാനത്ത് സൈന്യം നടത്തിയ ഹെലികോപ്റ്റര്‍ ആക്രമണത്തില്‍ 17 തുര്‍ക്കി പോലീസുകാര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുണ്ട്. തലസ്ഥാനമായ ഇസ്താംബൂളില്‍ തടിച്ചുകൂടിയ ജനക്കൂട്ടത്തിന് നേരെ സൈന്യം വെടിയുതിര്‍ത്തു. പരിഭ്രാന്തരായ ജനങ്ങള്‍ പെട്രോള്‍ പമ്പുകള്‍, എടിഎമ്മുകള്‍, ബേക്കറികള്‍ എന്നിവയ്ക്ക് മുന്‍പില്‍ തടിച്ചുകൂടിയതായും ഇവര്‍ക്ക് നേരെ സൈന്യം വെടിവെപ്പ് നടത്തിയതായും റിപ്പോര്‍ട്ടുകളുണ്ട്.
രാജ്യത്ത് സോഷ്യൽ മീഡിയയ്ക്ക് വിലക്കേർപ്പെടുത്തിയതായും വിവരമുണ്ട്. സൈനിക അട്ടിമറിക്കു ശ്രമം നടന്നതായി പ്രധാനമന്ത്രി ബിനാലി യിൽദ്രിം സ്‌ഥിരീകരിച്ചു. ഇപ്പോഴും അധികാരം സർക്കാരിന്റെ കൈയിൽ തന്നെയാണെന്നും യിൽദ്രിം വ്യക്‌തമാക്കി. രാജ്യത്തിന്‍റെ പരമാധികാരം കശാപ്പ് ചെയ്യാന്‍ ആരെയും അനുവദിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. രാജ്യത്തെ പൊതുഇടങ്ങളും വിമാനത്താവളങ്ങളും പിടിച്ചെടുക്കാന്‍ ജനങ്ങളോട്പ്രസിഡന്റ് നിര്‍ദേശിച്ചിട്ടുണ്ട്.
Post Your Comments