ന്യൂഡല്‍ഹി : ആഭ്യന്തര സംഘര്‍ഷത്തില്‍ നില്‍ക്കുന്ന തുര്‍ക്കിയില്‍ നിരവധി ഇന്ത്യാക്കാര്‍ കുടുങ്ങിക്കിടക്കുന്നതായി റിപ്പോര്‍ട്ട്. 148 ഇന്ത്യന്‍ വിദ്യാര്‍ത്ഥികളും 38 ഉദ്യോഗസ്ഥരും തുര്‍ക്കിയില്‍ കുടുങ്ങിക്കിടക്കുന്നു. തമിഴ്‌നാട്ടില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളാണ് കുടുങ്ങിക്കിടക്കുന്നത്. വിദേശകാര്യമന്ത്രി സുഷമ സ്വരാജാണ് ഇക്കാര്യം അറിയിച്ചത്.
വേള്‍ഡ് സ്‌കൂള്‍സ് സ്‌പോര്‍ട്‌സ് മീറ്റിന് പോയവരാണ് തുര്‍ക്കിയില്‍ കുടുങ്ങിയത്. തങ്ങള്‍ വടക്കുകിഴക്കന്‍ തുര്‍ക്കിയിലെ ട്രാബ്‌സന്‍ പ്രവിശ്യയിലാണെന്നാണ് ഇന്ത്യന്‍ മാദ്ധ്യമങ്ങള്‍ക്ക് അയച്ച വാട്‌സ് ആപ്പ് വഴി അയച്ച വീഡിയോ സന്ദേശത്തില്‍ വിദ്യാര്‍ത്ഥികള്‍ പറഞ്ഞത്. ട്രാബ്‌സന്‍ പ്രവിശ്യയില്‍ കാര്യമായ പ്രശ്‌നങ്ങളൊന്നുമില്ലെന്നാണ് പറയുന്നത്.
വിദ്യാര്‍ത്ഥികളും അധികൃതരും അടങ്ങുന്ന സംഘം ബാച്ചുകളായി 18 മുതല്‍ ഇന്ത്യയിലേയ്ക്ക് തിരിക്കുമെന്നും സുഷമ സ്വരാജ് ട്വീറ്റ് ചെയ്തു. ഇന്ത്യന്‍ പൗരന്മാരോട് ജാഗ്രത പാലിക്കാനും സ്ഥിതിഗതികള്‍ ശാന്തമാകുന്നത് വരെ കഴിയുന്നതും പുറത്തിറങ്ങാതിരിക്കാനും കേന്ദ്രസര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്ന് വിദേശകാര്യ വക്താവ് വികാസ് സ്വരൂപ് പറഞ്ഞു. തലസ്ഥാനമായ അങ്കാറയിലും (905303142203) പ്രധാന നഗരമായ ഇസ്താന്‍ബുളിലും (905305671095) ഇന്ത്യന്‍ എംബസി ഹെല്‍പ്പ്‌ലൈന്‍ തുറന്നിട്ടുണ്ട്.
Post Your Comments