IndiaNews

60 ലക്ഷം യുവജനങ്ങള്‍ക്ക് പുതുതായി പരിശീലനം നല്‍കുന്നതിനുള്ള പദ്ധതി മന്ത്രിസഭ അംഗീകരിച്ചു

അടുത്ത നാല് വര്‍ഷം കൊണ്ട് ഒരു കോടി പേര്‍ക്ക് നൈപുണ്യ പരിശീലനം നല്‍കുന്നതിന് 12,000 കോടി രൂപ അടങ്കല്‍ ഉള്ള പ്രധാനമന്ത്രി കൗശല്‍ വികാസ് യോജനയ്ക്ക് (പി.എം.കെ.വി.വൈ) പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അദ്ധ്യക്ഷതയില്‍ നടന്ന മന്ത്രിസഭാ യോഗം അനുമതി നല്‍കി. പദ്ധതി വഴി 60 ലക്ഷം യുവജനങ്ങള്‍ക്ക് പുതുതായി പരിശീനം നല്‍കുകയും, റെക്കഗ്‌നിഷന്‍ ഓഫ് പ്രയോര്‍ ലേണിംങ്ങിന് (ആര്‍.പി.എല്‍) കീഴില്‍ അനൗപചാരിക പരിശീലനം നേടിയ 40 ലക്ഷം പേര്‍ക്ക് സര്‍ട്ടിഫിക്കറ്റ് നല്‍കുകയും ചെയ്യും.

നേരത്തെ വിജ്ഞാപനം ചെയ്തിട്ടുള്ള മാനദണ്ഡപ്രകാരം ഗ്രാന്റ് അധിഷ്ഠിത മാതൃകയിലായിരിക്കും പദ്ധതി നടപ്പിലാക്കുക. വ്യവസ്ഥകള്‍ക്ക് വിധേയമായി പരിശീലനത്തിനും വിലയിരുത്തലിനുമുള്ള ചെലവ് പരിശീലനം നല്‍കുന്ന ഏജന്‍സികള്‍ക്ക് നേരിട്ട് നല്‍കും.

പരിശീലനം നേടുന്നവര്‍ക്കുള്ള സാമ്പത്തിക സഹായം, യാത്ര ബത്ത, താമസ ചെലവ് എന്നിവയുടെ രൂപത്തിലായിരിക്കും നല്‍കുക. പ്ലേസ്‌മെന്റിന് ശേഷമുള്ള സഹായം ഗുണഭോക്താക്കള്‍ക്ക് നേരിട്ടുള്ള ആനുകൂല്യം (ഡി.ബി.റ്റി) മുഖേനയായിരിക്കും നല്‍കുക. കൂടുതല്‍ സുതാര്യത ഉറപ്പുവരുത്താന്‍ പരിശീലന ചെലവിന്റെ വിതരണം ആധാര്‍, ബയോമെട്രിക്‌സ് സംവിധാനങ്ങളുമായി ബന്ധപ്പെടുത്തും. ദേശീയ നൈപുണ്യ ഗുണനിലവാര ചട്ടക്കൂട് (എന്‍.എസ്.ക്യൂ.എഫ്) നിശ്ചയിച്ചിട്ടുള്ള വ്യവസായിക മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലായിരിക്കും നൈപുണ്യ പരിശീലനം നല്‍കുക.

നൈപുണ്യ വികസനം സംബന്ധിച്ച മുഖ്യമന്ത്രിമാരുടെ ശുപാര്‍ശയുടെ അടിസ്ഥാനത്തില്‍ 2016-20 കാലയളവില്‍ പി.എം.കെ.വി.വൈ. യുടെ മൊത്തം ലക്ഷ്യത്തിന്റെ 25 ശതമാനം സംസ്ഥാനങ്ങള്‍ വഴിയാകും നടപ്പിലാക്കുക. ഇതിനാവശ്യമായ ധനസഹായവും സംസ്ഥാനങ്ങള്‍ക്ക് അനുവദിക്കും.

പരിശീലനം നേടിയവര്‍ക്കുള്ള പ്ലേസ്‌മെന്റ് റോസ്ഗാര്‍ മേളകള്‍, കൗശല്‍ ശിബിരങ്ങള്‍ എന്നിവ വഴിയാകും നടപ്പിലാക്കുക. പൊതുവായ മാനദണ്ഡത്തിന്റെ അടിസ്ഥാനത്തിലായിരിക്കും പ്ലേസ്‌മെന്റ്. പരമ്പാരാഗത തൊഴിലുകള്‍ക്ക് അനൗപചാരിക പരിശീനം നല്‍കുവാനുള്ള പദ്ധിയും നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഗള്‍ഫ്, യൂറോപ്യന്‍ രാജ്യങ്ങളിലും മറ്റും തൊഴില്‍ ലഭിക്കുന്നതിന് അന്താരാഷ്ട്ര മാനദണ്ഡങ്ങള്‍ക്കനുസൃതമായ നൈപുണ്യ പരിശീനത്തിനും ഊന്നല്‍ നല്‍കും. ഈ പദ്ധതി പ്രകാരം ഉയര്‍ന്ന തൊഴിലുകളില്‍ പരിശീലനം നേടുന്ന വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പും നല്‍കും.

കടപ്പാട്: പിഎംഒ

shortlink

Related Articles

Post Your Comments

Related Articles


Back to top button