അങ്കാറ: വിശ്വസ്തരായ സൈനികഘടകങ്ങളുടേയും, പോലീസ് സേനയുടേയും സഹായത്തോടെ ഇന്നലെ രാത്രിമുതല്‍ ആരംഭിച്ച പട്ടാള അട്ടിമറിശ്രമം പരാജയപ്പെടുത്തിയതായി ടര്‍ക്കിഷ് പ്രസിഡന്‍റ് റെസിപ് തയ്യിപ് എര്‍ദൊഗാന്‍ അറിയിച്ചു. നിരവധി ആളുകളുടെ മരണത്തിലേക്ക് വഴിതെളിച്ച സ്ഫോടനങ്ങളുടേയും, വ്യോമയുദ്ധത്തിന്‍റേയും, വെടിവയ്പ്പിന്‍റേയും രാത്രിക്ക് ശേഷമാണ് രാജ്യത്തിന്‍റെ നിയന്ത്രണം തന്‍റെ കയ്യില്‍ത്തന്നെയാണെന്ന് വിദേശസന്ദര്‍ശനം അടിയന്തിരമായി വെട്ടിച്ചുരുക്കി ഇന്ന്‍ രാവിലെ തുര്‍ക്കിയില്‍ മടങ്ങിയെത്തിയ ശേഷം എര്‍ദൊഗാന്‍ അറിയിച്ചത്.
തുര്‍ക്കിയെ ചതിച്ചതിന് കാരാണക്കാരായവര്‍ക്ക് കനത്ത ശിക്ഷ നല്‍കുമെന്നും എര്‍ദൊഗാന്‍ പ്രഖ്യാപിച്ചു.
താത്ക്കാലികമായി നിയമിതനായ സൈനികമേധാവി ജെനറല്‍ ഉമിത് ദുന്ദാര്‍ വെളിപ്പെടുത്തിയതനുസരിച്ച് അട്ടിമറിശ്രമത്തിനിടയില്‍ 190 ആളുകള്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു. ഇതില്‍ 41 പോലീസ് ഉദ്യോഗസ്ഥരും, രണ്ട് സൈനികരും, 47 സാധാരണ പൗരന്മാരും, 104 അട്ടിമറിശ്രമക്കാരും ഉള്‍പ്പെടും.
വായുസേന, മിലിട്ടറി പോലീസ്, കവചിതസേനാംഗങ്ങള്‍ എന്നിവരാണ് അട്ടിമറിക്ക് പിന്നില്‍ പ്രധാനമായും അണിനിരന്നതെന്നും ദുന്ദാര്‍ അറിയിച്ചു. അട്ടിമറിക്ക് പിന്നില്‍ പ്രവര്‍ത്തിച്ചു എന്ന്‍ സംശയിക്കുന്ന 2,839 പട്ടാളക്കാരെ തടവിലാക്കിയതായി ടര്‍ക്കിഷ് പ്രധാനമന്ത്രി ബിനാലി യില്‍ദിരിം അറിയിച്ചു.
Post Your Comments