NewsInternational

തുര്‍ക്കിയിലെ പട്ടാള അട്ടിമറി ശ്രമം പരാജയം : പട്ടാളത്തിനെതിരെ ജനരോഷം ആളിക്കത്തുന്നു

അങ്കാറ : തുര്‍ക്കിയില്‍ അധികാരം പിടിച്ചെടുക്കാന്‍ പട്ടാളത്തിലെ ഒരു വിഭാഗം നടത്തിയ നീക്കം പരാജയപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍. തലസ്ഥാനമായ ഇസ്താംബൂളില്‍നിന്നു സൈന്യത്തിന് നിയന്ത്രണം പൂര്‍ണമായും നഷ്ടപ്പെട്ടുവെന്നാണ് പുതിയ വിവരം. പ്രസിഡന്റ് തയിപ് എര്‍ദോഗന്റെ ആഹ്വാനപ്രകാരം ജനങ്ങള്‍ കൂട്ടമായി പുറത്തിറങ്ങി പട്ടാള അട്ടിമറിക്കെതിരെ പോരാടുകയാണ്.
അട്ടിമറിശ്രമത്തിനു കൂട്ടുനിന്ന നൂറിലധികം സൈനികരെ ജനങ്ങള്‍ പിടികൂടി പൊലീസിനെ ഏല്‍പ്പിച്ചതായും ചിലര്‍ കീഴടങ്ങിയതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു. അതേസമയം, ജനങ്ങളും വിമത സൈനികരുമായുള്ള ഏറ്റുമുട്ടലിനിടെ 60 പേര്‍ കൊല്ലപ്പെട്ടു.

ഇന്നലെ അര്‍ധരാത്രിയോടെയാണ് തലസ്ഥാനമായ അങ്കാറയിലും ഇസ്തംബൂളിലും കടന്ന സൈന്യം വിമാനത്താവളവും പ്രധാന റോഡുകളും കൈവശപ്പെടുത്തിയത്. തുടര്‍ന്ന് ഇന്നു പുലര്‍ച്ചെയോടെ അധികാരം പിടിച്ചെടുത്തതായുള്ള സൈന്യത്തിന്റെ അവകാശവാദവും എത്തി. അങ്കാറയില്‍ സൈനിക ഹെലികോപ്റ്ററില്‍ നിന്ന് വെടിവയ്പുണ്ടായതായി റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. പലയിടത്തും സ്‌ഫോടന ശബ്ദം കേട്ടതായും റിപ്പോര്‍ട്ടുകളുണ്ട്.

അതേസമയം, പട്ടാള അട്ടിമറി എന്തുവില കൊടുത്തും തടയുമെന്നും രാജ്യത്തെ ജനാധിപത്യ സര്‍ക്കാര്‍ ഭരണത്തില്‍ തുടരുമെന്നും പ്രധാനമന്ത്രി ബനാലി യില്‍ദിരിം പ്രഖ്യാപിച്ചു. 2003 മുതല്‍ അധികാരത്തിലിരിക്കുന്ന പ്രസിഡന്റ് തയിപ് എര്‍ദോഗന്റെ സ്ഥാനം തെറിക്കുന്നത് യു.എസിനും തിരിച്ചടിയാകും. മേഖലയിലെ ഇസ്‌ലാമിക് സ്റ്റേറ്റിനെതിരെയുള്ള പോരാട്ടത്തില്‍ അമേരിക്കയുടെ പ്രധാന സഖ്യരാജ്യങ്ങളിലൊന്നാണ് തുര്‍ക്കി. സൈനിക ബലത്തിന്റെ കാര്യത്തിലും മുന്‍പന്തിയിലുള്ള തുര്‍ക്കിയില്‍ 20 ലക്ഷത്തോളം സിറിയന്‍ അഭയാര്‍ഥികള്‍ ഉള്ളതായാണു കണക്ക്.

അങ്കാറയിലും ഇസ്താംബൂളിലും വിമാനത്താവളവും പ്രധാന റോഡുകളും കൈവശപ്പെടുത്തിയ സൈന്യം രാജ്യത്തെ സൈനിക മേധാവിയെ തടവിലാക്കുകയും ചെയ്തതയാണ് റിപ്പോര്‍ട്ട്. ജനാധിപത്യരീതിയിലൂടെ തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരാണ് ഇപ്പോഴും ഭരണത്തില്‍ തുടരുന്നതെന്ന് പ്രധാനമന്ത്രിയും വ്യക്തമാക്കി.

രാജ്യത്തെ ഇന്റര്‍നെറ്റ് ബന്ധങ്ങള്‍ വിച്ഛേദിച്ചു. തുര്‍ക്കിയില്‍ ജനാധിപത്യ സര്‍ക്കാര്‍ അധികാരത്തില്‍ തുടരുമെന്നു സമൂഹമാധ്യമത്തിലൂടെ പ്രധാനമന്ത്രി പ്രസ്താവിച്ചതിനു പിന്നാലെയാണ് ഇന്റര്‍നെറ്റ് സേവനങ്ങള്‍ തടസ്സപ്പെട്ടത്. തുര്‍ക്കിയിലെ പ്രധാനപ്പെട്ട പാലങ്ങളിലൊന്നായ ബോസ്‌ഫോറസ് പാലവും സൈന്യം അടച്ചു. നീസില്‍ നടന്ന ആക്രമണത്തില്‍ കൊല്ലപ്പെട്ടവര്‍ക്ക് ആദരാഞ്ജലിയര്‍പ്പിച്ച് ഫ്രാന്‍സ് പതാകയുടെ നിറങ്ങളില്‍ ഇന്നലെ വൈദ്യുതാലങ്കാരം നടത്തിയിരുന്ന പാലമായിരുന്നു ഇത്. രണ്ട് പ്രധാനപാലങ്ങള്‍ അടച്ചതോടെ പുറംലോകവുമായുള്ള ബന്ധം ഏകദേശം വിച്ഛേദിക്കപ്പെട്ട അവസ്ഥയിലാണ് തുര്‍ക്കി.

അങ്കാറയിലും ഇസ്താംബൂളിലും സൈനിക വിമാനങ്ങള്‍ താഴ്ന്നു പറക്കുന്നതായി പ്രദേശവാസികളെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. പൊലീസ് സേനയിലെ മുഴുവന്‍ ആളുകളോടും ജോലിക്കു ഹാജരാകാന്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഏതാനും സ്ഥലങ്ങളില്‍ സൈന്യം പൊലീസുകാരെ ബന്ധികളാക്കിയതായും സ്ഥിരീകരണമുണ്ട്.
രാജ്യവ്യാപകമായി സൈന്യം കര്‍ഫ്യൂ എര്‍പ്പെടുത്തിയതായി പ്രാദേശിക ചാനല്‍ റിപ്പോര്‍ട്ട് ചെയ്തു. രാജ്യത്തിന്റെ ജനാധിപത്യവും മതേതര സ്വഭാവവും അട്ടിമറിക്കുന്ന നീക്കങ്ങളാണ് സര്‍ക്കാരിന്റെ ഭാഗത്തു നിന്നുണ്ടായതെന്നും ചാനലില്‍ സൈന്യത്തിന്റെ പ്രസ്താവനയായി വന്നു. ഒരു ‘സമാധാന കൗണ്‍സി’ന്റെ നേതൃത്വത്തിലായിരിക്കും ഇനി രാജ്യത്തിന്റെ ഭരണം. അതിനു കീഴില്‍ ജനങ്ങള്‍ സുരക്ഷിതരായിരിക്കുമെന്നും പ്രസ്താവനയില്‍ പറയുന്നു.

അതേസമയം തുര്‍ക്കിയില്‍ രക്തച്ചൊരിച്ചില്‍ ഒഴിവാക്കപ്പെടുമെന്നാണ് പ്രതീക്ഷയെന്ന് അമേരിക്കയും റഷ്യയും സംയുക്ത പ്രസ്താവനയില്‍ പ്രതികരിച്ചു. തുര്‍ക്കിയിലുള്ള യു.എസ് പൗരന്മാരോടു സുരക്ഷിതരായിരിക്കാനും വാഷിങ്ടണ്‍ നിര്‍ദേശം നല്‍കി. ഇറാനും സംഭവത്തില്‍ ആശങ്ക രേഖപ്പെടുത്തി.

shortlink

Related Articles

Post Your Comments

Related Articles


Back to top button