ഫ്രാന്‍സ് : കളിചിരികള്‍, നൃത്തം, പാട്ട്, കരിമരുന്നു പ്രയോഗം… ആകെ ആഘോഷത്തിന്റെ അലയൊലികള്‍ നിറഞ്ഞുനിന്ന സ്ഥലത്തേക്കാണ് കൊലയാളിയുടെ രൂപത്തില്‍ ട്രക്ക് ഇടിച്ചു കയറിയത്. ആഘോഷം ഭീതിക്കു വഴിമാറിയതു പെട്ടെന്നായിരുന്നു. നിലവിളികളും രക്തപ്പുഴയും ശരീരാവശിഷ്ടങ്ങളും നീസിന്റെ വീഥിയില്‍ ചിതറിക്കിടന്നിരുന്നു. നടന്നത് ഭീകരാക്രമണമായിരുന്നുവെന്ന് സ്ഥിരീകരിക്കുമ്പോള്‍ ഫ്രാന്‍സ് ജനതയുടെ മനസ്സില്‍ നിറയുന്നത് ഭയം മാത്രം.
കരിമരുന്നു പ്രയോഗം നടക്കുമ്പോള്‍ ഒരു വലിയ കരച്ചില്‍ കേട്ടാണ് ഞാന്‍ തിരിഞ്ഞുനോക്കിയത്. ശരിക്കും ഭീതിപ്പെടുത്തുന്നതായിരുന്നു ആ ദൃശ്യം. ട്രക്ക് ആളുകളെ ഇടിച്ചു തെറിപ്പിക്കുന്നതും അവശിഷ്ടങ്ങള്‍ പറന്നുയരുന്നതുമാണ് കണ്ടത്. അത് ശരീരത്തില്‍ പതിക്കാതിരിക്കാന്‍ മുഖം പൊത്തുകയായിരുന്നുവെന്ന് സംഭവസ്ഥലത്തുണ്ടായിരുന്ന എ.എഫ്.പി ലേഖകന്‍ റോബര്‍ട്ട് ഹോളോവേ പറഞ്ഞു.
ഒരു വലിയ ട്രക്ക് നടപ്പാതയിലേക്കു കയറി, നേര്‍രേഖയ്ക്കു സമാനമായി ഓടിക്കുകയായിരുന്നു. അത് ശരിക്കും ആസൂത്രിതമായ ഒരു കാര്യമായാണ് എനിക്കു തോന്നിയത്. ഞാന്‍ നിന്നിടത്തുനിന്ന് 100 മീറ്റര്‍ മാത്രം അകലെയാണ് സംഭവം നടന്നത്. വളരെ കുറച്ചു നിമിഷങ്ങള്‍ മാത്രമാണ് ഓടി മാറുന്നതിനു ലഭിച്ചത്, ഹോളോവേ കൂട്ടിച്ചേര്‍ത്തു.എങ്ങും ആഘോഷങ്ങള്‍ നിറഞ്ഞുനില്‍ക്കുകയായിരുന്നു. പെട്ടെന്നാണ് സ്‌ഫോടനം പോലുള്ള ശബ്ദം കേട്ടത്. നിരവധിപ്പേര്‍ നിലവിളിക്കുന്നുണ്ടായിരുന്നു. വെടിവയ്പ്പായിരിക്കുമെന്നാണ് ഞാന്‍ കരുതിയിരുന്നത്. പിന്നീടാണ് നടന്നതെന്താണെന്നു മനസ്സിലായത് ദൃക്‌സാക്ഷി റോയി കാല്ലേ പറഞ്ഞു.
സംഭവസ്ഥലത്തുനിന്ന് 50 മീറ്റര്‍ മാത്രം അകലെയുണ്ടായിരുന്ന എമിലി വാറ്റ്കിന്‍സ് പറയുന്നതിങ്ങനെ: ‘എന്താണ് സംഭവിച്ചതെന്ന് ആദ്യം മനസ്സിലായില്ല. എല്ലായിടത്തുനിന്നും നിലവിളി കേള്‍ക്കാനുണ്ടായിരുന്നു. ആഘോഷങ്ങളില്‍ പങ്കെടുത്തിരുന്നവര്‍ ഞങ്ങളുടെ നേര്‍ക്ക് ഓടിയെത്തി. എന്താണ് സംഭവിച്ചതെന്നു മനസ്സിലായില്ലെങ്കിലും അവിടെനിന്ന് ഓടി രക്ഷപെടുകയായിരുന്നു ഞങ്ങള്‍. സഞ്ചാരപാതയില്‍നിന്നുമാറി ഹോട്ടലുകളിലേക്കും റസ്റ്ററന്റുകളിലേക്കും കാര്‍ പാര്‍ക്കിങ് ഏരിയയിലേക്കും ഓടി കയറുകയായിരുന്നു.’
Post Your Comments