ഹിമാചല്‍ പ്രദേശിലെ ഗ്യൂ എന്ന ഗ്രാമത്തിലെ ജനങ്ങള്‍ ആരാധിക്കുന്നത് 500 വര്‍ഷം പഴക്കമുള്ള ഒരു മൃത ശരീരത്തെയാണ്. ഇന്ത്യ -ചൈന അതിര്‍ത്തിയിലാണ് ഗ്യൂ ഗ്രാമം സ്ഥിതി ചെയ്യുന്നത്. അതിനാല്‍ തന്നെ മുന്‍കൂട്ടി അനുവാദം വാങ്ങി ഈ മമ്മി കാണുന്നതിന് മാത്രമായി ധാരാളം സഞ്ചാരികള്‍ ഇവിടെയെത്തുന്നു. മലമുകളിലായുള്ള ഗ്യൂ ഗ്രാമത്തിലെ ബുദ്ധ വിഹാരത്തിലാണ് മമ്മി ഇപ്പോള്‍ സൂക്ഷിച്ച് വച്ചിരിക്കുന്നത്.
സങാ ടെന്‍സിന് എന്ന ബുദ്ധ സന്യാസിയുടെ മൃതദേഹമാണ് ഈ മമ്മി എന്നാണ് പറയപ്പെടുന്നത്. ഒരുകാലത്ത് പ്ലേഗ് പടര്‍ന്ന് പിടിച്ചപ്പോള്‍ ഗ്രാമീണരെ പ്ലേഗില്‍ നിന്നു രക്ഷിച്ചത് ഈ സന്യാസിയാണെന്നാണ് ഗ്രാമീണര്‍ വിശ്വസിക്കുന്നത്. അദ്ദേഹം മരണപ്പെട്ടപ്പോള്‍ ആകാശത്ത് ഒരു മഴവില്ല് ഉണ്ടായെന്നും അതിന്റെ ശക്തിയാല്‍ പ്ലേഗ് ഇല്ലാതായെന്നും പറയപ്പെടുന്നു. മരണശേഷവും സന്യാസിയുടെ ദിവ്യ ചൈതന്യം ഗ്രാമത്തെ സംരക്ഷിച്ചു വരുന്നതായി ഇവിടുത്തുകാര്‍ വിശ്വസിക്കുന്നു. ഹിമാലയത്തോടു ചേര്‍ന്നു നില്‍ക്കുന്ന ഈ ഗ്രാമത്തിലെ തണുത്ത കാലവസ്ഥ ആയിരിക്കും മൃതദേഹം അഴുകാതെ നിലനിര്‍ത്തിയതെന്നു ഗവേഷകര്‍ പറയുന്നു
ഗ്രാമവാസികളെ എല്ലാ ആപത്തുകളില്‍ നിന്നും സംരക്ഷിക്കുന്നത് ഈ മൃത ശരീരമാണെന്നാണ് അവരുടെ വിശ്വാസം. ജീവിക്കുന്ന ദൈവമായാണ് ഇവിടുത്തെ ഗ്രാമീണര്‍ ഈ മമ്മിയെ കണക്കാക്കുന്നത്. 1975ല്‍ ഒരു ഭൂമി കുലുക്കം ഉണ്ടായതിനെ തുടര്‍ന്നാണ് ട്രാന്‍സ് ഹിമാലയന്‍ ഗ്രാമങ്ങളില്‍ ഗ്യൂ ഗ്രാമം വേറിട്ടു വന്നത്. ശക്തമായ ഭൂമികുലുക്കത്തെ തുടര്‍ന്ന് ഗ്രാമത്തിലെ മണ്ണ് പിളര്‍ന്നപ്പോഴാണ് 500 വര്‍ഷത്തോളം പഴക്കം ചെന്ന ഒരു മൃതദേഹം കണ്ടുകിട്ടിയത്. ആ ഭൂമികുലുക്കത്തില്‍ നിന്നും ഗ്രാമത്തെ രക്ഷിച്ചത് ആ മമ്മിയുടെ ശക്തിയാണ് എന്ന് ഗ്രാമവാസികള്‍ വിശ്വസിച്ചു. അവര്‍ മൃതദേഹത്തെ ആരാധനാലയം തീര്‍ത്തു പൂജിക്കാനും ആരംഭിച്ചു.
Post Your Comments