NewsInternational

പാകിസ്ഥാന്‍ അമേരിക്കയെ വിഡ്ഢികളാക്കുന്നു: വിദഗ്ദര്‍

പാകിസ്ഥാന്‍ ഗൂഡതന്ത്രങ്ങളുടെ കേന്ദ്രമാണെന്നും ഭീകരവാദ സംഘങ്ങളെ പിന്തുണച്ചുകൊണ്ട് അവര്‍ അമേരിക്കയെ വിഡ്ഢികളാക്കുകയാണെന്നും അമേരിക്കന്‍ നിയമനിര്‍മ്മാതാക്കളും, വിദഗ്ദരും അഭിപ്രായപ്പെട്ടു. അമേരിക്ക പാകിസ്ഥാന് നല്‍കുന്ന സഹായങ്ങള്‍ നിര്‍ത്തലാക്കണമെന്നും, ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുന്ന രാജ്യമായി അവരെ പ്രഖ്യാപിക്കണമെന്നും അവര്‍ ആവശ്യമുന്നയിച്ചു.

“നമ്മളെ അവര്‍ വിഡ്ഢികളാക്കുകയാണ്. നമ്മള്‍ മണ്ടന്മാരാണെന്നാണ് അവര്‍ കരുതിയിരിക്കുന്നത്. മാഫിയയെ പണം കൊടുത്ത് പ്രോത്സാഹിപ്പിക്കുന്നതു പോലത്തെ അനുഭവമാണിത്,” കോണ്‍ഗ്രസ്മാന്‍ മാറ്റ് സാല്‍മന്‍ പറഞ്ഞു.

“നയതന്ത്രപരമല്ലാത്ത ഭാഷയില്‍ പറയുകയാണെങ്കില്‍, നമ്മള്‍ അവര്‍ക്ക് വേണ്ടി ബലിയാടുകള്‍ ആകുകയാണ്,” നയതന്ത്ര വിദഗ്ദന്‍ സാല്‍മെ ഖാലിസാദ് അഭിപ്രായപ്പെട്ടു. ദശകങ്ങളായി പാകിസ്ഥാന്‍ അമേരിക്കയെ ചൂഷണം ചെയ്ത് പോരുകയാണെന്നും ഖാലിസാദ് പറഞ്ഞു.

ജനാധിപത്യ സംരക്ഷണത്തിനായി വാദിക്കുന്ന ലോങ്ങ്‌ വാര്‍ ജേര്‍ണലിന്‍റെ സീനിയര്‍ എഡിറ്റര്‍ ബില്‍ റോഗ്ഗിയോ പാകിസ്ഥാന് അമേരിക്ക നല്‍കി വരുന്ന സഹായങ്ങള്‍ നിര്‍ത്തലാക്കാനുള്ള ആവശ്യം ഉന്നയിച്ചു. ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുന്ന രാജ്യങ്ങളുടെ പട്ടികയില്‍ പാകിസ്ഥാനെ ഉള്‍പ്പെടുത്തണമെന്നും റോഗ്ഗിയോയും ഖാലിസാദും ആവശ്യപ്പെട്ടു.

“പാകിസ്ഥാന്‍: ഭീകരതയ്ക്കെതിരായ പോരാട്ടത്തിലെ ശത്രുവിന്‍റെ മിത്രം” എന്ന കോണ്‍ഗ്രഷണല്‍ ഹിയറിംഗില്‍ ആണ് ഈ വിദഗ്ദര്‍ പാകിസ്ഥാനെതിരെ ആഞ്ഞടിച്ചുകൊണ്ട് രംഗത്തെത്തിയത്.

“യുഎസ് കോണ്‍ഗ്രസിലെ വിശിഷ്ടരായ അംഗങ്ങളെ പാകിസ്ഥാന്‍ സമീപിക്കും. അവരെ സന്ദര്‍ശനങ്ങള്‍ക്കായി ക്ഷണിക്കും, അവരെ ആനന്ദിപ്പിക്കും, പൊള്ളയായ വാഗ്ദാനങ്ങള്‍ നല്‍കി വസ്തുതകള്‍ക്ക് നിരക്കാത്ത അത്ഭുതകരമായ പ്രസ്താവനകള്‍ അവരില്‍നിന്ന്‍ നേടിയെടുക്കും,” അഫ്ഘാനിസ്ഥാനിലെ യുഎസ് അംബാസഡര്‍ ആയിരുന്ന കാലത്തെ അനുഭവങ്ങളുടെ ഓര്‍മ്മയില്‍ ഖാലിസാദ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button