തിരുവനന്തപുരം: കപ്പലേറിവരുന്ന രാമചന്ദ്രന്‍ കടന്നപ്പള്ളി, പശുവുമായി നില്‍ക്കുന്ന കെ.സി.ജോസഫ്, വയറു വീര്‍പ്പിച്ചു കൈത്തോക്കുമായി പി.സി.ജോര്‍ജ്, ഗൗവരമുള്ള കൊമ്പന്‍മീശക്കാരനായി അടൂര്‍ പ്രകാശ്. നിയമസഭയിലെ മെമ്പേഴ്‌സ് ലോഞ്ചില്‍ എത്തിയവര്‍ക്കെല്ലാം ചിരിപൊട്ടി. കേരള കാര്‍ട്ടൂണ്‍ അക്കാദമിയുടെ നേതൃത്വത്തില്‍ മന്ത്രിമാരുള്‍പ്പെടെ എല്ലാ നിയമസഭാ സാമാജികരുടെയും ഇരുനൂറോളം കാരിക്കേച്ചറുകളുകളാണ് ഒരുക്കിയിരുന്നത്.
കാര്‍ട്ടൂണിസ്റ്റ് സുകുമാറിന്റെ ജന്മദിനാഘോഷങ്ങളോടനുബന്ധിച്ചാണ് പ്രദര്‍ശനം സ്ഘടിപ്പിച്ചത്.
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍, മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി, എംഎല്‍എമാരായ പി.സി.ജോര്‍ജ്, ബിജിമോള്‍ എന്നിവര്‍ കുട്ടികളെപ്പോലെ വരയ്ക്കു മുന്നില്‍ ഇരുന്നുകൊടുത്തു. തങ്ങളുടെ കാരിക്കേച്ചറുകള്‍ ഇല്ലാഞ്ഞതില്‍ പുതിയ എം.എല്‍.എമാരില്‍ ചിലര്‍ സങ്കടപ്പെട്ടു. ചിലരാകട്ടെ ആശ്വാസം പ്രകടിപ്പിച്ചു. പി.സി.ജോര്‍ജിന്റെയും ബിജിമോളുടെയും കാരിക്കേച്ചര്‍ കാണാനായിരുന്നു തിരക്ക് കൂടുതല്‍. ബിജിമോള്‍ എം.എല്‍.എയുടെ കാരിക്കേച്ചറിനു മുന്നിലെ ആള്‍ക്കൂട്ടം കണ്ട് അങ്ങോട്ടെത്തിയ രാജു ഏബ്രഹാമും ജയിംസ് മാത്യുവും തമ്മില്‍ പറഞ്ഞു. ”ബിജിമോള്‍ കണ്ടാല്‍ ഇതു വരച്ചയാള്‍ക്കു കണക്കിനു കിട്ടും”. കുറച്ചു കഴിഞ്ഞ് അതുവഴി വന്ന ബിജിമോള്‍ ആത്മഗതമെന്നോണം പറഞ്ഞു. ”ഞാനുമായി ഒരു സാദൃശ്യവുമില്ല, അല്ലേ!” ഇതു കേട്ടുനിന്ന എന്‍.ജയരാജന്‍ എംഎല്‍എയുടെ മറുപടി ഇതായിരുന്നു. ”അങ്ങനെ പറയരുത്. അതു കലാകാരന്റെ സാതന്ത്ര്യമാണ്”. ലൈവ് കാരിക്കേച്ചര്‍ സെഷനും പ്രദര്‍ശനത്തിനോടനുബന്ധിച്ച് ഒരുക്കിയിരുന്നു.
Post Your Comments