NewsIndia

വിവാദം കൊഴുക്കുന്നതോടെ അപ്രതീക്ഷിത നീക്കങ്ങളുമായി സക്കീര്‍ നായിക്ക്

ന്യൂഡല്‍ഹി: തന്നെ ചുറ്റിപ്പറ്റിയുള്ള വിവാദങ്ങള്‍ കൊഴുക്കുന്നതോടെ ഇസ്ലാമിക് റിസര്‍ച്ച് ഫൗണ്ടേഷന്‍ സ്ഥാപകന്‍ ഡോ.സക്കീര്‍ നായിക്ക് മുംബൈയിലേക്കുള്ള യാത്ര റദ്ദാക്കിയതായി സൂചന. നായിക്ക് സൗദിയില്‍ തന്നെ തങ്ങാന്‍ തീരുമാനിച്ചെന്നും അതല്ല ആഫ്രിക്കയിലേക്ക് പോകുകയാണെന്നും റിപ്പോര്‍ട്ടുകളുണ്ട്‍.

ധാക്ക ഭീകരാക്രമണത്തിലെ തീവ്രവാദികള്‍ക്ക് പ്രചോദനമായത് സക്കീര്‍ നായിക്കിന്‍റെ പ്രഭാഷണങ്ങളാണെന്ന ആരോപണങ്ങളും അന്വേഷണങ്ങളും തുടരുന്നതിനിടയില്‍ കേരളത്തില്‍ നിന്ന്‍ ഇസ്ലാകിക് സ്റ്റേറ്റില്‍ ചേരാന്‍ സിറിയയിലേക്ക് കടന്നു എന്ന്‍ കരുതുന്ന സഹോദരങ്ങള്‍ യാഹ്യ, ഇസ എന്നിവരുടെ മതംമാറ്റവുമായി ബന്ധപ്പെട്ടും നായിക്കിന്‍റെ പേര് വന്നിരുന്നു. ഇതുംകൂടിയായപ്പോഴാണ് മുംബൈയിലേക്ക് മടങ്ങാനുള്ള തീരുമാനം നായിക്ക് റദ്ദാക്കിയതെന്ന് സൂചനകളുണ്ട്.

നിലവില്‍ സൗദിയിലുള്ള നായിക്ക് മുബൈയിലേക്ക് മടങ്ങാനുള്ള തയ്യറെടുപ്പുകള്‍ പൂര്‍ത്തിയാക്കിയതായും, മുംബൈയില്‍ വന്നതിനുശേഷം തന്‍റെ നിലപാടുകള്‍ വ്യക്തമാക്കിക്കൊണ്ടുള്ള പത്രസമ്മേളനം നടത്തുമെന്നും നേരത്തെ വന്നിരുന്നു. ഈ റിപ്പോര്‍ട്ടുകളെ തുടര്‍ന്ന് നായിക്കിന്‍റെ വീടിനും ഇസ്ലാമിക് റിസര്‍ച്ച് ഫൗണ്ടേഷന്‍റെ ഓഫീസിനും മുംബൈയുടെ വിവിധ ഭാഗങ്ങളിലും പൊലീസ് സുരക്ഷ ശക്തമാക്കിയിരുന്നു.

നായിക്ക് ഇന്ത്യയിലെത്തിയാലുടന്‍ സമന്‍സ് അയച്ച് ചോദ്യംചെയ്യലിനായി വിളിച്ചുവരുത്താന്‍ അന്വേഷണ സംഘം ആലോചിച്ചിരുന്നതായി സൂചനകളുണ്ട്. ഇതിനിടയിലാണ് മുംബൈയിലേക്കുള്ള യാത്ര നായിക്ക് റദ്ദാക്കിയതും പുതിയനീക്കങ്ങള്‍ നടത്തുന്നതായും ഉള്ള വാര്‍ത്തകള്‍ വരുന്നത്. മുംബൈയില്‍ നടത്താനിരുന്ന പത്ര സമ്മേളനവും റദ്ദാക്കി.

അതേസമയം നായിക്കിനെതിരായ ആരോപണത്തിനും വിവാദങ്ങള്‍ക്കും തുടക്കമിട്ട വാര്‍ത്ത നല്‍കിയ ‘ദി ഡെയ്‌ലി സ്റ്റാര്‍’ പത്രം വാര്‍ത്ത തിരുത്തി. സക്കീര്‍ നായിക്ക് തീവ്രവാദികളെ പ്രചോദിപ്പിക്കുന്നതായി വാര്‍ത്ത നല്‍കിയിട്ടില്ലെന്ന് പത്രം വിശദീകരണം നല്‍കിയിട്ടുണ്ട്. ധാക്ക സംഭവത്തില്‍ തന്‍റെ പേര് വലിച്ചിഴയ്ക്കപ്പെടാന്‍ കാരണം ‘ദി ഡെയ്‌ലി സ്റ്റാര്‍’ ആണെന്ന് ആരോപിച്ചുകൊണ്ട്‌ വെള്ളിയാഴ്ച നായിക്ക് യൂട്യൂബില്‍ വീഡിയോ പോസ്റ്റ്‌ ചെയ്തിരുന്നു. ഇതിനെത്തുടര്‍ന്നാണ് വിശദീകരണവുമായി പത്രം രംഗത്തെത്തിയത്.

നായിക്കിന്‍റെ ഉടമസ്ഥതയിലുള്ള പീസ് ടിവി കഴിഞ്ഞ ദിവസം മുതല്‍ ബംഗ്ലാദേശില്‍ നിരോധിച്ചിരുന്നു. നായിക്കിന്‍റെ പ്രഭാഷണങ്ങളും മറ്റും സംബന്ധിച്ചുള്ള അന്വേഷണങ്ങളും പുരോഗമിക്കുകയാണ്. സക്കീര്‍ നായിക്കിന്‍റെ സാമ്പത്തീക ഇടപാടുകളെക്കുറിച്ച് അന്വേഷിക്കുമെന്നും ബംഗ്ലാദേശ് സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button