IndiaNews

വിശിഷ്ടാദ്വൈതാചാര്യന്‍ രാമാനുജന്‍റെ കര്‍മ്മമണ്ഡലം ഈ ക്ഷേത്രമായിരുന്നു

തമിഴ്നാട്ടിലെ പുണ്യനഗരമായ കാഞ്ചീപുരത്ത് സ്ഥിതിചെയ്യുന്ന ഇന്ത്യയിലെ പ്രമുഖ വൈഷ്ണവ ക്ഷേത്രങ്ങളിലൊന്നാണ് വരദരാജ പെരുമാള്‍ ക്ഷേത്രം. ഹസ്തഗിരി എന്നും, ആട്ടിയുരന്‍ എന്നും ഈ ക്ഷേത്രം അറിയപ്പെടാറുണ്ട്. കാവ്യഋഷിവര്യന്മാരായ ആള്‍വാര്‍മാര്‍ സന്ദര്‍ശിച്ചതെന്ന് കരുതപ്പെടുന്ന 108 “ദിവ്യദേശം” ക്ഷേത്രങ്ങളില്‍ ഒന്നുകൂടിയാണ് വരദരാജ പെരുമാള്‍ ക്ഷേത്രം. കാഞ്ചീപുരത്തെ ക്ഷേത്രനഗരമായ വിഷ്ണുകാഞ്ചിയിലാണ് വരദരാജ പെരുമാള്‍ വാണരുളുന്നത്.

ഹൈന്ദവ ചിന്താധാരയിലെ അമൂല്യനിധികളിലൊന്നായ വിശിഷ്ടാദ്വൈതത്തിന്‍റെ ഉപജ്ഞാതാവ് രാമാനുജന്‍റെ കര്‍മ്മമണ്ഡലം ഈ ക്ഷേത്രമായിരുന്നു. വൈഷ്ണവ ക്ഷേത്രങ്ങളുടെ കേന്ദ്രമായ വിഷ്ണുകാഞ്ചിയിലെ എകാംബരേശ്വര ക്ഷേത്രവും, കാമാക്ഷി അമ്മന്‍ ക്ഷേത്രവും, വരദരാജ പെരുമാള്‍ ക്ഷേത്രവും ഒത്തുചേര്‍ന്നത് മുമൂര്‍ത്തീവാസം എന്ന പേരിലും അറിയപ്പെടുന്നു. പെരുമാള്‍ കോവില്‍ എന്നാണ് ദിവ്യദേശങ്ങളുടെ ഇടയില്‍ വരദരാജ പെരുമാള്‍ ക്ഷേത്രം അറിയപ്പെടുന്നത്.

വരദരാജ പെരുമാള്‍ ക്ഷേത്രത്തിന്‍റെ നിര്‍മ്മാണം നടത്തിയത് പല്ലവരാജാവ് നന്ദിവര്‍മ്മന്‍ ആണെന്ന് കരുതപ്പെടുന്നു. 1053-ല്‍ ആരംഭിച്ച് ചോളരാജാക്കന്മാരായ കുലോത്തുംഗ ചോളന്‍-1ന്‍റെയും വിക്രമ ചോളന്‍റെയും ഭരണകാലത്ത് വരദരാജ പെരുമാള്‍ ക്ഷേത്രത്തിന്‍റെ വികാസം നടന്നു.

വേദവതി നദി ബ്രഹ്മദേവന്‍ ഇവിടെ നടത്തിയ ഒരു യജ്ഞത്തെ ഒഴുക്കിക്കളഞ്ഞുകൊണ്ട് ഒഴുകിയപ്പോള്‍ യജ്ഞത്തിന്‍റെ പൂര്‍ത്തീകരണത്തിനായി വേദവതിയുടെ ഒഴുക്ക് തടസ്സപ്പെടുത്തിക്കൊണ്ട് വിഷ്ണു ഭഗവാന്‍ ഇവിടെ കിടന്നു എന്നാണ് ഐതിഹ്യം.

രാമാനുജാചാര്യരെ കൂടാതെ തിരുക്കാച്ചി നംബിഗൈയും (കാഞ്ചി പൂര്‍ണ്ണര്‍) വരദരാജ പെരുമാളിന്‍റെ ഉത്തമഭക്തന്മാരില്‍ ഒരാളായിരുന്നു. ഇപ്പോഴും നിലവിലുള്ള ചടങ്ങായ വരദരാജ പെരുമാളിന് ആലവട്ടം വീശുന്ന ‘ആലവട്ട കൈങ്കാര്യം”ത്തിന് തുടക്കമിട്ടത് കാഞ്ചി പൂര്‍ണ്ണര്‍ ആണ്. വരദരാജ പെരുമാള്‍ കാഞ്ചി പൂര്‍ണ്ണരുമായി ആശയവിനിമയം നടത്തിയിരുന്നു എന്നും വിശ്വസിക്കപ്പെടുന്നു. വരദരാജ പെരുമാളിനെ സ്തുതിച്ചു കൊണ്ടുള്ള ദേവരാജശതകം രചിച്ചതും കാഞ്ചി പൂര്‍ണ്ണര്‍ ആണെന്ന് കരുതപ്പെടുന്നു.

വിശിഷ്ടാദ്വൈതത്തിന്‍റെ മുന്നോടിയായി ശ്രീ രാമാനുജര്‍ക്ക് ഉണ്ടായ ആറ് ചോദ്യങ്ങള്‍ക്ക് ഉത്തരം കൊടുത്തതും വരദരാജ പെരുമാള്‍ ആണെന്ന് വിശ്വസിക്കപ്പെടുന്നു.

shortlink

Post Your Comments


Back to top button