തിരുവനന്തപുരം : ബാര്‍ കോഴക്കേസില്‍ മുന്‍ ധനമന്ത്രി കെ.എം.മാണിക്കെതിരെ പുനഃരന്വേഷണം വേണ്ടെന്ന് വിജിലന്‍സ് കോടതിയില്‍. പുതിയ തെളിവുകള്‍ ലഭിച്ചാല്‍ അന്വേഷണമാകാം. എന്നാല്‍ ഇപ്പോള്‍ അത്തരം തെളിവുകളില്ലെന്നും അവര്‍ കോടതിയില്‍ പറഞ്ഞു. മാണിയെ കുറ്റവിമുക്തനാക്കിയ റിപ്പോര്‍ട്ടില്‍ ഉറച്ചുനില്‍ക്കുന്നുവെന്നും വിജിലന്‍സ് അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. കേസ് പരിഗണിക്കുന്നത് അടുത്തമാസം 12ലേക്കു തിരുവനന്തപുരം വിജിലന്‍സ് കോടതി മാറ്റി.
പൂട്ടിയ ബാറുകള്‍ തുറക്കാന്‍ ധനമന്ത്രിയായിരുന്ന കെ.എം.മാണിക്ക് ഒരു കോടി രൂപ കോഴ കൊടുത്തുവെന്ന ബാറുടമ ബിജു രമേശിന്റെ ആരോപണമാണ് വിജിലന്‍സ് അന്വേഷിച്ചത്. സാഹചര്യത്തെളിവുകളുടെ അടിസ്ഥാനത്തില്‍ മാണിക്കെതിരെ കുറ്റപത്രം നല്‍കണമെന്നായിരുന്നു വിജിലന്‍സ് എസ്.പി ആര്‍.സുകേശന്‍ മേലുദ്യോഗസ്ഥര്‍ക്ക് ആദ്യം നല്‍കിയ വസ്തുതാ റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നത്. എന്നാല്‍, കോഴ ചോദിച്ചതിനോ, വാങ്ങിയതിനോ തെളിവില്ലാത്തതിനാല്‍ കേസ് നിലനില്‍ക്കില്ല എന്ന വിലയിരുത്തലില്‍ വിജിലന്‍സ് ഡയറക്ടറായിരുന്നു വിന്‍സന്‍ എം.പോള്‍ റിപ്പോര്‍ട്ട് നല്‍കുകയായിരുന്നു. ഈ റിപ്പോര്‍ട്ടില്‍ ഉറച്ചുനില്‍ക്കുന്നുവെന്നാണ് വിജിലന്‍സ് ഇപ്പോള്‍ കോടതിയില്‍ വ്യക്തമാക്കിയിരിക്കുന്നത്.
Post Your Comments