ന്യൂഡല്‍ഹി: രാജ്യത്തെ പ്രമുഖ പ്രേതാനുഭവ (പാരനോര്‍മല്‍) അന്വേഷകന്‍ ഗൗരവ് തിവാരി (32)യെ ദുരൂഹ സാഹചര്യത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തി. ഡല്‍ഹി ദ്വാരകയിലെ സ്വന്തം ഫഌറ്റിലെ കുളിമുറിയിലാണ് വ്യാഴാഴ്ച രാവിലെ മൃതദേഹം കണ്ടെത്തിയത്. 2009ല്‍ ഇന്ത്യന്‍ പാരനോര്‍മല്‍ സൊസൈറ്റിയുടെ സ്ഥാപിച്ചത് തീവാരിയായിരുന്നു. പൈലറ്റായിരുന്ന തിവാരി പിന്നീട് പാരനോര്‍മല്‍ രംഗത്തേക്ക് തിരിയുകയായിരുന്നു.
പ്രേതങ്ങളെയും കെട്ടുകഥകളിലും ഭയന്ന് കഴിയുന്ന ജനങ്ങളെ അവയില്‍ മോചിപ്പിക്കുന്നതിനുള്ള ബോധവത്കരണം നടത്തുക എന്ന ലക്ഷ്യത്തോടെയാണ് പാരനോര്‍മല്‍ സൊസൈറ്റി സ്ഥാപിച്ചത്. ഭൂതബാധയുണ്ടെന്ന് ഭയപ്പെട്ടിരുന്ന പ്രദേശങ്ങളിലേക്ക് യാത്രകളും സംഘടന സംഘടിപ്പിച്ചിരുന്നു. തിവാരി ഇത്തരം ആറായിരത്തോളം കേന്ദ്രങ്ങള്‍ സന്ദര്‍ശിച്ചിരുന്നു.
അതേസമയം, തിവാരിക്ക് ആത്മഹത്യ ചെയ്യേണ്ട യാതൊരു പ്രശ്‌നങ്ങളും ഇല്ലെന്ന് കുടുംബം പറയുന്നു. തികച്ചും സാധാരണമായാണ് തിവാരി പെരുമാറിയിരുന്നതെന്നും ഭാര്യയും മാതാപിതാക്കളും പറയുന്നു. വ്യാഴാഴ്ച രാവിലെ 11 മണിയോടെ കുളിമുറിയില്‍ നിന്നും വലിയ ശബ്ദം കേട്ട് വീട്ടുകാര്‍ നോക്കിയപ്പോള്‍ തിവാരിയെ അബോധാവസ്ഥയില്‍ കണ്ടെത്തുകയായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു.
തിവാരിയുടെ കഴുത്തിനു ചുറ്റം കറുത്തപാട് കണ്ടെത്തിയെന്നും ശ്വാസംമുട്ടിലാണ് മരണമെന്ന് കരുതുന്നതായും പ്രാഥമിക പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. ഇക്കഴിഞ്ഞ ജനുവരിയിലാണ് തിവാരി വിവാഹിതനായത്. ദുഷ്ടശക്തികള്‍ തന്നെ അതിലേക്ക് വലിച്ചിടാന്‍ ശ്രമിക്കുന്നുണ്ടെന്നും എത്ര ശ്രമിച്ചിട്ടും അവയെ നിയന്ത്രിക്കാന്‍ പാടുപെടുകയാണെന്നും തിവാരി പറഞ്ഞിരുന്നതായി ഭാര്യ പറയുന്നു. എന്നാല്‍ ജോലിയിലെ അമിതഭാരം മൂലം തിവാരി പറയുന്നതാണെന്ന് കരുതി താന്‍ ഗൗരവത്തിലെടുത്തിയിരുന്നില്ലെന്നും ഭാര്യ ചൂണ്ടിക്കാട്ടി.
Post Your Comments