തിരുവനന്തപുരം : പാലക്കാട് നിന്നു ദുരൂഹ സാഹചര്യത്തില്‍ ഒരാളെ കൂടി കാണാതായി. കഞ്ചിക്കോട് സ്വദേശി ഷിബിയെയാണ് കാണാതായത്. ഇതേത്തുടര്‍ന്നു രക്ഷിതാക്കള്‍ ജില്ലാ പോലീസ് മേധാവിക്ക് പരാതി നല്കി. മകനെ കുറച്ചു ദിവസമായി കാണാനില്ലെന്നാണ് പരാതി. നേരത്തെ കാണാതായ സഹോദരങ്ങളുമായി ഷിബിക്ക് ബന്ധമുള്ളതായാണ് സൂചന. എന്നാല്‍ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല.
അതേസമയം കേരളത്തില്‍ നിന്നു കാണാതായവരില്‍ ഇസ്ലാമിക് സ്റ്റേറ്റുമായി ബന്ധമുണ്ടെന്ന് ഉറപ്പായവര്ക്കെതിരെ യുഎപിഎ (നിയമവിരുദ്ധ പ്രവര്‍ത്തന നിരോധന നിയമം) ചുമത്തും. ദുരൂഹ സാഹചര്യത്തില്‍ അപ്രത്യക്ഷരായ 21 പേരില്‍ കാസര്‍കോട് ജില്ലക്കാരായ 11 പേര്‍ക്കാണ് ഐഎസുമായി ബന്ധമുണ്ടെന്നു കണ്ടെത്തിയത്. ഇവരില്‍ അഞ്ചുപേര്‍ക്ക് ഐഎസുമായി നേരിട്ടു ബന്ധമുണ്ടെന്നാണു കേന്ദ്ര സംസ്ഥാന രഹസ്യാന്വേഷണ വിഭാഗങ്ങളുടെ പ്രാഥമിക നിഗമനം.
കേസ് എന്‍ഐഎക്ക് കൈമാറുന്നതിനു മുന്നോടിയായാണ് യുഎപിഎ ചുമത്തുന്നത്. കാസര്‍കോട് തൃക്കരിപ്പൂരില്‍നിന്നു ദുരൂഹ സാഹചര്യത്തില്‍ കുടുംബങ്ങളെ കാണാതായ കേസിന്റെ അന്വേഷണം എന്‍ഐഎക്ക് കൈമാറാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. ബന്ധുക്കള്‍ക്ക് ഇവര്‍ അവസാനമായി അയച്ച മൊബൈല്‍, ഇന്റര്‍നെറ്റ് സന്ദേശങ്ങളിലാണ് ഐഎസ് ബന്ധം തെളിയിക്കുന്ന പരാമര്‍ശങ്ങളുള്ളത്.
Post Your Comments