ചെന്നൈ: ചെന്നൈയിലെ രണ്ട് മെഡിക്കല്‍ വിദ്യാര്‍ഥികള്‍ ക്രൂരവിനോദത്തിനായി ടെറസിന്റെ മുകളില്‍ നിന്നും വലിച്ചെറിയുകയും, അതിന്റെ ഫലമായി താഴെ വീണ് മരണമടഞ്ഞു എന്ന് എല്ലാവരും കരുതുകയും ചെയ്ത പട്ടിയെ അത്ഭുതകരമായി ജീവനോടെ കണ്ടെത്തി.
ജീവനോടെ കണ്ടെത്തിയ പട്ടി പരിക്കേറ്റ് ഭയപ്പെട്ട അവസ്ഥയിലാണെങ്കിലും ഇപ്പോഴും നന്ദിപൂര്‍വ്വം വാലാട്ടിക്കൊണ്ടിരിക്കുന്ന കാഴ്ച കണ്ടുനില്‍ക്കുന്നവരുടെ മനസ്സലിയിപ്പിക്കുന്നതാണ്. പോലീസാണ് ഈ പട്ടിയെ ജീവനോടെ കണ്ടെത്തിയത്. തുടര്‍ന്ന് മൃഗങ്ങളുടെ അവകാശങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നവര്‍ക്ക് പട്ടിയെ കൈമാറി. ഈ പ്രവര്‍ത്തകരുടെ ശ്രമഫലമായാണ് രണ്ടാഴ്ച മുമ്പ് പട്ടിയെ ടെറസില്‍ നിന്ന് താഴേക്ക് വലിച്ചെറിയുകയും അതിന്റെ വീഡിയോ ഷൂട്ട് ചെയ്ത് ഇന്റര്നെറ്റിലിടുകയും ചെയ്ത രണ്ട് മെഡിക്കല്‍ വിദ്യാര്‍ഥികളേയും അറസ്റ്റ് ചെയ്യാന്‍ പോലീസ് തയാറായത്. ഇപ്പോള്‍ ചികിത്സയിലിരിക്കുന്ന പട്ടി പൂര്‍ണ്ണമായും സുഖം പ്രാപിക്കുമെന്നും, പഴയ ഉത്സാഹം വീണ്ടെടുക്കുമെന്നുമാണ് മൃഗാവകാശ പ്രവര്‍ത്തകര്‍ നല്കുന്ന വിവരം.
മൃഗസംരക്ഷക പ്രവര്‍ത്തകരായ ശ്രാവണ്‍ കൃഷ്ണനും ആന്റണി റൂബിനുമാണ് പട്ടിയുടെ ചികിത്സാ ചുമതല ഏറ്റെടുത്തിരിക്കുന്നത്. പുല്ല് വളര്‍ന്നു നില്ക്കുന്ന പ്രദേശത്ത് വീനതിനാലാകാം പട്ടി പരിക്കുകളോടെ രക്ഷപ്പെട്ടതെന്നാണ് ഇവര്‍ കരുതുന്നത്.
തനുവാസ് എന്നറിയപ്പെടുന്ന മദ്രാസ് വെറ്റിറിനറി കോളേജില്‍ കൊണ്ടുപോയി പട്ടിയെ സമ്പൂര്‍ണ്ണമായ പരിശോധനകള്‍ക്ക് വിധേയനാക്കി. ഭാവിയില്‍ സര്‍ജറിയും, പുനരധിവാസവും കൂടി നടത്തിയാലേ പട്ടിക്ക് പൂര്‍ണ്ണമായ ആരോഗ്യത്തില്‍ തിരിച്ചെത്താനാകൂ എന്ന് ശ്രാവണും ആന്റണിയും പറഞ്ഞു.
പട്ടി ജീവനോടെയുണ്ടെന്നുള്ള വിവരം വന്നതോടെ സോഷ്യല്‍ മീഡിയയിലും ആഹ്ലാദത്തിന്റെ പൂത്തിരികള്‍ തെളിഞ്ഞു.
Post Your Comments