ശ്രീനഗര്‍ ● കാശ്മീര്‍ താഴ്വരയില് ഈദ് പ്രാര്‍ത്ഥനകള്‍ക്ക് ശേഷം പ്രതിഷേധക്കാരും പോലീസുകാരും തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ ഒരു മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥന് ഉള്‍പ്പടെ ആറുപേര്‍ക്ക് പരിക്കേറ്റു.
അനന്ത്നാഗ് ജില്ലയിലെ ജംഗ്ലത് മണ്ടിയിലുണ്ടായ കല്ലേറില്‍ എ.എസ്.പി മുബാഷിര്‍ ബുഖാരിയ്ക്ക് വയറിന് പരിക്കേറ്റു. ഹൈദര്‍പോറ ചൌക്കില്‍ ഉണ്ടായ സംഘര്‍ഷത്തില്‍ ഒരു കോണ്‍സ്റ്റബിളിനും പരിക്കേറ്റു. സഫകദാലിന് സമീപം പോലീസുകാര്‍ക്ക് നേരെ കല്ലേറ് നടത്തിയ ജനക്കൂട്ടത്തെ പിരിച്ചുവിടാന്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ നടത്തിയ കണ്ണീര്‍വാതക പ്രയോഗത്തിനിടെ ഒരു പ്രാദേശിക മാസികയുടെ ഫോട്ടോ ജേര്‍ണലിസ്റ്റ് ഉള്‍പ്പടെ നാല് പേര്‍ക്ക് പരിക്കേറ്റു.
പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. താഴ്വരയില് ഇപ്പോള്‍ സ്ഥിതിഗതികള്‍ ശാന്തമാണെന്ന് പോലീസ് അറിയിച്ചു.
ഈദ് ഗാഹുകളില്‍ പങ്കെടുക്കുന്നത് സംഘര്‍ഷത്തിന് ഇടയാകുമെന്ന് ഭയന്ന് വിഘടനവാദി നേതാക്കളായ സയീദ് അലി ഗീലാനി, മിര്‍വൈസ് ഉമര്‍ ഫാറൂഖ്, മൊഹമ്മദ് യാസിന് മാലിക് എന്നിവരെ പോലീസ് വീട്ടുതടങ്കലിലാക്കിയിരുന്നു.
Post Your Comments