ഹൈദരാബാദ്: തങ്ങളുടെ പിടിയിലായ ഇസ്ലാമിക് സ്റ്റേറ്റ് സംഘത്തിന്‍റെ പ്രവര്‍ത്തനങ്ങളെപ്പറ്റി അന്വേഷിക്കുന്നതിന്‍റെ ഭാഗമായി ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) ഹൈദരാബാദ് നഗരത്തില്‍ മൂന്നിടങ്ങളില്‍ റെയ്ഡ് നടത്തി. റെയ്ഡില്‍ 17-റൗണ്ട് ലൈവ് അമ്മ്യൂണിഷന്‍ ഉള്‍പ്പെടെ ഇവര്‍ സിറിയയിലെ തങ്ങളുടെ ഐഎസ് കാര്യകര്‍ത്താവുമായി ആശയവിനിമയത്തിന് ഉപയോഗിച്ചിരുന്ന കമ്പ്യൂട്ടറുകള്‍, സ്കാനറുകള്‍ തുടങ്ങിയവയും പിടിച്ചെടുത്തു.
താലാബ് കട്ടയിലുള്ള ഇബ്രാഹിം എന്ന സംഘാംഗത്തിന്‍റെ താവളം, ബര്‍കാസിലുള്ള ഹബീബ് എന്ന സംഘാംഗത്തിന്‍റെ താവളം എന്നിവിടങ്ങളില്‍ നടത്തിയ റെയ്ഡില്‍ നിന്നാണ് എന്‍ഐഎ കമ്പ്യൂട്ടറുകള്‍, സ്കാനറുകള്‍, ലൈവ് അമ്യൂണിഷന്‍ എന്നിവ പിടിച്ചെടുത്തത്. 9-mm കാലിബറിന്‍റെയാണ് പിടിച്ചെടുത്ത 17 റൗണ്ട് തിരകളും.
താലാബ് കട്ടയിലുള്ള ഭവാനിനഗറില്‍ നടത്തിയ റെയ്ഡില്‍ മറ്റൊരു കമ്പ്യൂട്ടറും സ്കാനറും എന്‍ഐഎ കണ്ടെടുത്തു. ഐഎസിനോടുള്ള തങ്ങളുടെ കൂറ് പ്രഖ്യാപിച്ചു കൊണ്ടുള്ള പ്രതിജ്ഞ ഇവര്‍എഴുതിത്തയാറാക്കിയത് ഈ സ്കാനര്‍ ഉപയോഗിച്ച് സ്കാന്‍ ചെയ്ത ശേഷമാണ് അയച്ചു കൊടുത്തതെന്ന് സംഘാംഗമായ ഇല്യാസ് പറഞ്ഞു.
സംഘാംഗങ്ങള്‍ക്ക് “കുന്‍യത്തുകള്‍ (അപരനാമങ്ങള്‍)’ കൊടുക്കുകയും ഉത്തരവാദിത്തങ്ങള്‍ വീതിച്ചു നല്‍കുകയും ചെയ്തതിനെപ്പറ്റിയും ഇവരില്‍ നിന്ന് വിവരങ്ങള്‍ ലഭിച്ചു. റിസ്വാന്‍ എന്ന സംഘാംഗത്തിന് ‘അബു ഹസന്‍’ എന്ന അപരനാമം നല്‍കി മഹാസിബ് (കണക്കെഴുത്ത്കാരന്‍) എന്ന ഉത്തരവാദിത്തമാണ് ഏല്‍പ്പിച്ചിരുന്നത്. ഇബ്രാഹിമിന്‍റെ അപരനാമം ‘അബു അബ്ദുര്‍ റഹ്മാന്‍’ എന്നും ചുമതല ‘റാബിത്ത് (ആശയവിനിമയം)’, ഇല്യാസ് യസ്ദാനിയുടെ അപരമാനം ‘അബു മന്‍സൂര്‍’ എന്നും ചുമതല മതകാര്യം, ഹബീബ് മൊഹമ്മദിന്‍റെ അപരനാമം ‘അബു ഷയ്ബ’, ചുമതല ‘അസ്കാരി (ആയുധങ്ങള്‍), ഫഹദിന്‍റെ അപരനാമം ‘അബു ഹലീമ’. ഫഹദിന് അറസ്റ്റിലാകുന്നതു വരെ ചുമതലകളൊന്നും നല്‍കിയിരുന്നില്ല.
ഐഎസ് സംഘാംഗങ്ങളുമായി ബന്ധപ്പെട്ട 11 പേരെയാണ് എന്‍ഐഎ കസ്റ്റഡിയിലെടുത്തിരിക്കുന്നത്. ഇവരില്‍ ഇല്യാസ് യാസ്ദാനി, മൊഹമ്മദ് ഇബ്രാഹിം, ഹബീബ് മൊഹമ്മദ്, മൊഹമ്മദ് ഇര്‍ഫാന്‍, അബ്ദുള്ള ബിന്‍ അഹമ്മദ് എന്നിവര്‍ക്കെതിരെയുള്ള തെളിവുകള്‍ ലഭിച്ചു കഴിഞ്ഞതായി എന്‍ഐഎ വൃത്തങ്ങള്‍ വെളിപ്പെടുത്തി.
Post Your Comments