ധാക്കയിലെ ഗുല്‍ഷന്‍ ക്വാര്‍ട്ടറിലുള്ള ഹോളി ആര്‍ട്ടിസാന്‍ കഫേയില്‍ അതിക്രമിച്ചുകയറി 20 നിരപരാധികളെ കൊലപ്പെടുത്തിയ ഭീകരവാദികളില്‍ രണ്ടുപേര്‍ ഇന്ത്യന്‍ മതപ്രഭാഷകനായ സക്കീര്‍ നായിക് ഉള്‍പ്പെടെ വിവാദങ്ങള്‍ക്ക് പേരുകേട്ട മൂന്ന്‍ ഇസ്ലാമിസ്റ്റുകളുടെ ആരാധകരായിരുന്നു എന്ന്‍ കണ്ടെത്തി. ബംഗ്ലാദേശിലെ അവാമി ലീഗ് നേതാവിന്‍റെ മകനും കൂടിയായ ഭീകരന്‍ രോഹന്‍ ഇംതിയാസ് കഴിഞ്ഞവര്‍ഷം തന്‍റെ ഫേസ്ബുക്ക് പോസ്റ്റില്‍ സക്കീര്‍ നായിക്കിന്‍റെ ഉടമസ്ഥതയിലുള്ള പീസ് ടിവിയില്‍ നായിക് നടത്തിയ ഒരു വിവാദ പരാമര്‍ശം ഷെയര്‍ ചെയ്തിരുന്നു. “എല്ലാ മുസ്ലീങ്ങളോടും തീവ്രവാദികളാകാന്‍” സക്കീര്‍ നായിക്ക് ആഹ്വാനം ചെയ്യുന്ന വീഡിയോ ആണ് രോഹന്‍ ഇംതിയാസ് ഷെയര്‍ ചെയ്തത്.
വളരെ വലിയ വിവാദങ്ങള്‍ക്ക് കാരണഭൂതനായിട്ടുള്ള സക്കീര്‍ നായിക്ക് മുംബൈ ആസ്ഥാനമായുള്ള ഇസ്ലാമിക് റിസര്‍ച്ച് ഫൗണ്ടേഷന്‍റെ സ്ഥാപകനാണ്. മറ്റു മതങ്ങള്‍ക്കെതിരെ വെറുപ്പ് പ്രചരിപ്പിക്കുമാറ് നടത്തിയ പ്രസംഗങ്ങള്‍ കാരണം ബ്രിട്ടനിലും കാനഡയിലും നായിക്കിന് നിരോധനം ഏര്‍പ്പെടുത്തിയിരിക്കുകയാണ്. മലേഷ്യ നിരോധനം ഏര്‍പ്പെടുത്തിയിട്ടുള്ള 16 ഇസ്ലാമിക് പണ്ഡിതന്മാരില്‍ ഒരാള്‍ കൂടിയാണ് നായിക്. പീസ് ടിവി എന്ന സ്വന്തം ചാനലിലെ പ്രഭാഷണങ്ങളിലൂടെ നായിക് ബംഗ്ലാദേശില്‍ ഏറെ പ്രശസ്തനാണ്. നായിക്കിന്‍റെ പ്രഭാഷണങ്ങള്‍ മറ്റു മതങ്ങളേയും, മറ്റ് ഇസ്ലാമിക് ധാരകളെത്തന്നെയും അവഹേളിച്ചു കൊണ്ടുള്ളവയാണ്.
മറ്റൊരു ധാക്ക അക്രമകാരിയായ നിബ്രാസ് ഇസ്ലാം ഇസ്ലാമിക് സ്റ്റേറ്റ് റിക്രൂട്ടേഴ്സായ അന്‍ജെം ചൗധരി, ഷമി വിറ്റ്നസ് എന്നിവരെ ട്വിറ്റര്‍ വഴി പിന്തുടര്‍ന്നിരുന്നു. ഷമി വിറ്റ്‌നസ് എന്നത് ഇസ്ലാമിക് സ്റ്റേറ്റ് പ്രചാരവേലകള്‍ നടത്തുന്ന ഒരു ട്വിറ്റര്‍ അക്കൗണ്ട് ആയിരുന്നു. ഇതിന്‍റെ ഉടമ 24-കാരനായ മെഹ്ദി ബിശ്വാസ് ഇന്ത്യയില്‍ വിചാരണ നേരിട്ടു കൊണ്ടിരിക്കുകയാണ്.
Post Your Comments