ഹൈദരാബാദ്: സെപ്തംബര്‍ രണ്ടിന് 24 മണിക്കൂര്‍ അഖിലേന്ത്യാ പൊതുപണിമുടക്കിന് രാജ്യത്തെ പ്രമുഖ ട്രേഡ് യൂണിയനുകള്‍ ആഹ്വാനം ചെയ്തു. 12 ഇന ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്. വര്‍ദ്ധിച്ചു വരുന്ന തൊഴിലില്ലായ്മക്ക് അടിയന്തിര പരിഹാരം കാണുക, തൊഴില്‍ നിയമങ്ങള്‍ സംരക്ഷിക്കുക, സാമൂഹ്യ സുരക്ഷാ പദ്ധതികളും പെന്‍ഷനും നടപ്പിലാക്കുക, മിനിമം വേതനം 20,000 രൂപയായി ഉയര്‍ത്തുക, പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരിവില്‍പന അവസാനിപ്പിക്കുക, ബോണസ് പരിധി എടുത്തു കളയുക, തൊഴിലുടമകള്‍ക്ക് അനുകൂലമായുള്ള തൊഴില്‍ നിയമ പരിഷ്‌കരണം നിര്‍ത്തലാക്കുക, ട്രേഡ് യൂണിയന്‍ അവകാശം സംരക്ഷിക്കുക, തൊഴിലാളി വിരുദ്ധമായ ഫാക്ടറീസ് ആക്റ്റ് പരിഷ്‌കരണ ബില്ലും അപ്രന്റീസ് ആക്റ്റ് പരിഷ്‌കരണ ബില്ലും പിന്‍വലിക്കുക, റെയില്‍, പ്രതിരോധം, ബാങ്കിംഗ്, ഇന്‍ഷുറന്‍സ്, ചെറുകിട വ്യാപാര മേഖലകളിലെ 100 ശതമാനം വിദേശനിക്ഷേപം പിന്‍വലിക്കുക, ശമ്പള പരിഷ്‌കരണ നടപടികള്‍ ഉടന്‍ ആരംഭിക്കുക തുടങ്ങി സുപ്രധാനമായ മുദ്രാവാക്യങ്ങളുയര്‍ത്തിയാണ് പണിമുടക്ക് നടത്തുന്നത്.
തന്ത്രപ്രധാന മേഖലകളായ പ്രതിരോധം, കല്‍ക്കരി, പെട്രോളിയം, ഊര്‍ജ്ജം, ടെലികോം, വ്യോമയാനം, ഇന്‍ഷുറന്‍സ്, ബാങ്കിംഗ്, പെന്‍ഷന്‍ഫണ്ട്‌സ്, റെയില്‍വേ, ചെറുകിട വ്യാപാരം, ഔഷധ നിര്‍മ്മാണം എന്നിവിടങ്ങളില്‍ ആശങ്കാജനകമായ രീതിയില്‍ രാജ്യതാത്പര്യങ്ങളെ ഹനിക്കുന്ന തരത്തിലുള്ള 100 ശതമാനം വിദേശനിക്ഷേപം അനുവദിക്കാനുള്ള ദേശദ്രോഹകരമായ നടപടികളെ എന്തു വില കൊടുത്തും ചെറുക്കുമെന്ന് കണ്‍വെന്‍ഷന്‍ പ്രഖ്യാപിച്ചു.
Post Your Comments