ഹൈദരാബാദില്‍ നിന്ന്‍ ദേശീയ സുരക്ഷാ ഏജന്‍സിയുടെ പിടിയിലായ ഇസ്ലാമിക് സ്റ്റേറ്റ് സംഘാംഗങ്ങളുടെ ചോദ്യംചെയ്യല്‍ പുരോഗമിക്കുന്നു. ഇന്ത്യയില്‍ ഒരു ഇസ്ലാമിക് കാലിഫേറ്റ് സ്ഥാപിക്കാന്‍ കഴിയും എന്ന കാര്യത്തില്‍ തങ്ങള്‍ക്ക് സംശയമൊന്നുമില്ല എന്നാണ് ചോദ്യംചെയ്യലില്‍ ഇവര്‍ വെളിപ്പെടുത്തിയത്. ചോദ്യംചെയ്യുന്ന അന്വേഷണ ഉദ്യോഗസ്ഥരെ “കാഫിറുകള്‍ (മതവഞ്ചകര്‍)” എന്നാണ് ഇവര്‍ അഭിസംബോധന ചെയ്തത്.
ഇസ്ലാമിക് സ്റ്റേറ്റ് സ്ഥാപകന്‍ അബുബക്കര്‍ അല്‍-ബാഗ്ദാദിക്ക് തങ്ങളുടെ കൂറും വിശ്വസ്തതയും വാഗ്ദാനം ചെയ്തുകൊണ്ട് ഇവര്‍ നടത്തിയ പ്രതിജ്ഞ സിറിയയില്‍ അല്‍-ബാഗ്ദാദിയുടെ പക്കല്‍ നേരിട്ട് എത്തിക്കാന്‍ ഇവര്‍ക്ക് കഴിഞ്ഞതായും ചോദ്യംചെയ്യലില്‍ നിന്ന്‍ വ്യക്തമായി. ഇന്ത്യയിലെ തങ്ങളുടെ ഭീകരപ്രവര്‍ത്തനങ്ങള്‍ക്കായി ഇവര്‍ കൃത്യമായി കര്‍ത്തവ്യങ്ങള്‍ വീതംവച്ച് തയാറെടുപ്പുകള്‍ നടത്തിവരികയായിരുന്നു.
30-കാരനായ മൊഹമ്മദ് ഇബ്രാഹിം യസ്ദാനി എന്ന ഇലക്‌ട്രോണിക്സ് എന്‍ജിനീയര്‍ ആയിരുന്നു ഈ സംഘത്തിന്‍റെ സ്വയംപ്രഖ്യാപിത നേതാവ്. ഇന്ത്യയുടെ ഒരു അയല്‍രാജ്യം വഴി ഇയാള്‍ സിറിയയിലേക്ക് പോകാന്‍ ശ്രമം നടത്തിയിരുന്നതായും ചോദ്യംചെയ്യലിന്‍റെ ഭാഗമായ ഒരു എന്‍ഐഎ ഉദ്യോഗസ്ഥന്‍ വെളിപ്പെടുത്തി. ഇവരുടെ സിറിയയിലുള്ള മേല്‍നോട്ടക്കാരന്‍ ഷാഫി അര്‍മാറുമായി ബന്ധം പുലര്‍ത്തിയിരുന്നതും യസ്ദാനിയായിരുന്നു. ഷാഫി അര്‍മാര്‍ ഒരു മുന്‍ ഇന്ത്യന്‍ മുജാഹിദീന്‍ തീവ്രവാദിയാണ്.
“യസ്ദാനിയെ ചോദ്യംചെയ്യല്‍ വളരെ ബുദ്ധിമുട്ടേറിയ ഒരു പ്രവര്‍ത്തിയായി മാറിയിരിക്കുകയാണ്. അയാള്‍ വളരെയധികം പ്രചോദിപ്പിക്കപ്പെട്ടിരിക്കുന്നു. ഇന്ത്യയില്‍ ഇസ്ലാമിക് സ്റ്റേറ്റ് സ്ഥാപിക്കാം എന്നുതന്നെയാണ് അയാള്‍ വിചാരിച്ചിരിക്കുന്നത്,” മുതിര്‍ന്ന എന്‍ഐഎ ഉദ്യോഗസ്ഥന്‍ അറിയിച്ചു.
ഈ സംഘം ഹൈദരാബാദിന് വെളിയിലുള്ള സ്ഥലങ്ങളില്‍ നിന്ന്‍ സ്ഫോടകവസ്തുക്കള്‍ വാങ്ങി ശേഖരിച്ചിരുന്നതായും ചോദ്യംചെയ്യലില്‍ നിന്ന്‍ മനസിലായിട്ടുണ്ട്. ഹവാലാ മാര്‍ഗ്ഗം വഴിയും, സാധാരണ ട്രാന്‍സാക്ഷന്‍ മാര്‍ഗ്ഗങ്ങള്‍ വഴിയും ഇവര്‍ക്ക് മിഡില്‍ ഈസ്റ്റില്‍ നിന്ന്‍ പണം വന്നിരുന്നതായും എന്‍ഐഎ കണ്ടെത്തിയിട്ടുണ്ട്.
ബോംബ് നിര്‍മ്മിക്കാന്‍ സാധിക്കുന്ന രഹസ്യ ഒളിസങ്കേതങ്ങള്‍ ഹൈദരാബാദിനു വെളിയില്‍ കണ്ടെത്താന്‍ ശ്രമിച്ചുകൊണ്ടിരിക്കുകയായിരുന്നു ഇവര്‍. ഹൈദരാബാദ് നഗരത്തില്‍ ഭീകരാക്രമണം നടത്തിയ ശേഷം സുരക്ഷിതമായി ഒളിക്കാനുള്ള സങ്കേതങ്ങളായും ഇത്തരം കേന്ദ്രങ്ങള്‍ ഉപയോഗിക്കാനായിരുന്നു ഇവരുടെ പദ്ധതി.
Post Your Comments