KeralaNews

ഡിഫ്തീരിയയുടെ തിരിച്ചുവരവ്‌: ലീഗിനും കാന്തപുരത്തിനും മനംമാറ്റം

കോഴിക്കോട്: ഡിഫ്തീരിയ അടക്കമുള്ള മാരക രോഗങ്ങള്‍ തിരച്ചുവന്നതോടെ മലബാറിലെ മതരാഷ്ട്രീയ സംഘടനകള്‍ കുത്തിവെപ്പിനെതിരായ ക്യാമ്പൈനില്‍ നിന്ന് പിന്മാറുന്നു. സംസ്ഥാനത്ത് ഡിഫ്തീരിയ മരണം സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍, പ്രതിരോധ കുത്തിവെപ്പുകള്‍ എടുക്കാത്തവര്‍ക്ക് സ്കൂളിലും കോളജിലും പ്രഫഷനല്‍ കോഴ്സുകളിലും പ്രവേശനം നല്‍കരുതെന്ന് സംസ്ഥാന മനുഷ്യാവകാശ കമീഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് ജെ.ബി. കോശി ഉത്തരവിട്ടു. കുഞ്ഞുങ്ങള്‍ക്ക് പ്രതിരോധ കുത്തിവെപ്പുകള്‍ നല്‍കാതിരിക്കുന്നത് ശിക്ഷാര്‍ഹമാണ്. അത്തരം കുറ്റംചെയ്യുന്ന മാതാപിതാക്കള്‍ ശിക്ഷിക്കപ്പെടേണ്ടതുമാണെന്ന് കമ്മീഷന്‍ ഉത്തരവില്‍ പറയുന്നു.

പ്രതിരോധ കുത്തിവെപ്പുകള്‍ക്കെതിരെ പ്രവര്‍ത്തിക്കുന്ന സംഘടനകളെ കണ്ടെത്തി കര്‍ശനനടപടികള്‍ സ്വീകരിക്കണമെന്ന ആവശ്യം പരിഗണിക്കേണ്ടതാണ്. ഇതിനെ അനുകൂലിക്കുന്ന രക്ഷാകര്‍ത്താക്കള്‍ക്കെതിരെ നടപടിയെടുക്കണമെന്ന ആവശ്യവും പരിഗണിക്കണം. നടപടിയെടുക്കുന്നില്ലെങ്കില്‍ കുട്ടികളുടെ ജീവിക്കാനുള്ള അവകാശം മുളയിലേ നുള്ളുന്നതിന് തുല്യമാകുമെന്ന് ജസ്റ്റിസ് കോശി അഭിപ്രായപ്പെട്ടു. കുത്തിവെപ്പെടുക്കാത്തവര്‍ക്ക് സ്കൂള്‍ പ്രവേശനം നല്‍കില്ലെന്ന സര്‍ക്കാര്‍ തീരുമാനത്തിന് പിന്തുണ കൂടുന്ന സ്ഥിതിയിലേക്കെത്തി ഇപ്പോള്‍ കാര്യങ്ങള്‍.

ഒരു അടിസ്ഥാനവുമില്ലാതെ വാക്സിന്‍ വിരുദ്ധര്‍ നടത്തുന്ന പ്രചാരണങ്ങള്‍ക്കെതിരെ മതസംഘടനകള്‍ ഒന്നിച്ച്‌ പ്രവര്‍ത്തിക്കണമെന്നാണ് ജമാഅത്തെ ഇസ്ലാമിയുടെ ആരോഗ്യവിഭാഗം സംഘടനയായ എത്തിക്കല്‍ മെഡിക്കല്‍ ഫോറം ഇപ്പോള്‍ ആവശ്യപ്പെടുന്നത്. വാക്സിന്‍ വിരുദ്ധ ഗ്രൂപ്പുകള്‍ ഒരിക്കലും മാറാന്‍ പോകുന്നില്ല. ആധുനിക വൈദ്യശാസ്ത്രവും കുത്തിവെപ്പും തെറ്റാണെന്ന് പ്രചരിപ്പിക്കുന്നവര്‍ ഡിഫ്തീരിയ പോലുള്ള കേസുകള്‍ ഏറ്റെടുത്ത് ചികിത്സിക്കാന്‍ തയാറാകണമെന്നാണ് പൊതുവേയുള്ള ആവശ്യം

shortlink

Post Your Comments


Back to top button