KeralaNews

അര്‍ബുദ തലസ്ഥാനവും ഡല്‍ഹി: രണ്ടാം സ്ഥാനം കേരളത്തിന് …ആരോഗ്യവകുപ്പിന്റെ വെളിപ്പെടുത്തല്‍ ആരെയും ഞെട്ടിപ്പിക്കുന്നത്

തിരുവനന്തപുരം: രാജ്യത്തെ അര്‍ബുദരോഗികളുടെ എണ്ണത്തില്‍ തിരുവനന്തപുരം രണ്ടാംസ്ഥാനത്ത്. 2012 മുതല്‍ ഈവര്‍ഷംവരെ ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച് നടത്തിയ പഠനപ്രകാരം അര്‍ബുദരോഗികളുടെ എണ്ണത്തില്‍ രാജ്യതലസ്ഥാനമായ ഡല്‍ഹിതന്നെയാണ് ഒന്നാമത്. പട്ടികയില്‍ കേരളത്തില്‍നിന്നു കൊല്ലം അഞ്ചാംസ്ഥാനത്തുണ്ട്.

തൊഴിലിന്റെ സ്വഭാവവും ഭക്ഷണരീതിയുമാണു കേരളത്തില്‍ അര്‍ബുദനിരക്കുയരാന്‍ കാരണമെന്നു തിരുവനന്തപുരം റീജണല്‍ കാന്‍സര്‍ സെന്റര്‍ സ്ഥാപക ഡയറക്ടര്‍ ഡോ: കൃഷ്ണന്‍നായര്‍ ചൂണ്ടിക്കാട്ടി.

തിരുവനന്തപുരം നഗരത്തിന്റെ വിവിധപ്രദേശങ്ങളില്‍ നടത്തിയ പഠനത്തില്‍ നിര്‍മാണ/മത്സ്യബന്ധനത്തൊഴിലാളികള്‍ക്കിടയില്‍ അര്‍ബുദം വ്യാപകമാണെന്നു കണ്ടെത്തി.
പുകയില ഉള്‍പ്പെടെ ലഹരിപദാര്‍ഥങ്ങളുടെ ഉപയോഗം കൂടിയതാണ് ഇതിനു കാരണം. കേരളത്തിലെ സ്ത്രീകളില്‍ സ്തനാര്‍ബുദവും പുരുഷന്മാരില്‍ ശ്വാസകോശാര്‍ബുദവുമാണു കൂടുതല്‍. കൃത്യമായി മുലയൂട്ടാത്താത്തതും കൊഴുപ്പുനിറഞ്ഞ ഭക്ഷണവുമാണു സ്തനാര്‍ബുദത്തിനു കാരണമായി കണ്ടെത്തിയത്.

പുകവലിയും മദ്യപാനവുമുള്‍പ്പെടെയുള്ള ദുശ്ശീലങ്ങള്‍ പുരുഷമാരെ അര്‍ബുദത്തിനിരയാക്കുന്നു. കൗണ്‍സിലിന്റെ കണക്കുപ്രകാരം ഡല്‍ഹിയില്‍ 19,746 പേരും തിരുവനന്തപുരത്ത് 15,640 പേരും കൊല്ലത്ത് 11,012 പേരും അര്‍ബുദബാധിതരാണ്. കേരളത്തില്‍ പ്രതിവര്‍ഷം 35,000 അര്‍ബുദരോഗികള്‍ ചികിത്സ തേടിയെത്തുന്നതായി ആരോഗ്യവകുപ്പിന്റെ കണക്കുകള്‍ സൂചിപ്പിക്കുന്നു. മഹാരാഷ്ട്ര, ഗുജറാത്ത്, രാജസ്ഥാന്‍ സംസ്ഥാനങ്ങളില്‍ വായിലെ അര്‍ബുദമാണു കൂടുതലായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്.

രാജ്യത്ത് ചികിത്സ തേടിയെത്തുന്ന 27 അര്‍ബുദരോഗികളില്‍ 10 പേര്‍ക്കും ശ്വാസകോശാര്‍ബുദമാണ്. 2020 ആകുമ്പോള്‍ ഇന്ത്യയില്‍ ഒന്‍പതു ലക്ഷത്തോളം അര്‍ബുദരോഗികളുണ്ടാകുമെന്നതാണ് അവസ്ഥയെന്നു കൗണ്‍സില്‍ മുന്നറിയിപ്പ് നല്‍കുന്നു.

വിദേശരാജ്യങ്ങളില്‍ കൂടുതലായി കണ്ടുവരുന്നത് ആമാശയം, കുടല്‍ എന്നിവയെ ബാധിക്കുന്ന അര്‍ബുദമാണ്. തെറ്റായ ഭക്ഷണരീതി മൂലമാണിത്. ഫാസ്റ്റ് ഫുഡ് സംസ്‌കാരം അനുകരിക്കുന്ന മലയാളികള്‍ ഇത്തരം രോഗങ്ങളെ ക്ഷണിച്ചുവരുത്തുകയാണെന്നും ആരോഗ്യരംഗത്തെ വിദഗ്ദ്ധര്‍ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button