മുംബൈ ● എയര്‍ ഇന്ത്യയുടെ റിയാദ് – മുംബൈ വിമാനം യാത്രക്കാര്‍ക്ക് വിമാനത്തിലേക്ക് കയറുവാനുള്ള എയ്റോബ്രിഡ്ജില്‍ ഇടിച്ചു. വെള്ളിയാഴ്ച മുംബൈ ഛത്രപതി അന്തരാഷ്ട്ര വിമാനത്താവളത്തിലാണ് സംഭവം. 200 ഓളം യാത്രക്കാരാണ് റിയാദില്‍ വന്നിറങ്ങിയ എയര്‍ഇന്ത്യ എ.ഐ 922 വിമാനത്തിലുണ്ടായിരുന്നത്. ഇടിയുടെ ആഘാതത്തില്‍ വിമാനത്തിന്റെ ഒരു എന്ജിന് ചെറിയ കേടുപാടുകള്‍ സംഭവിച്ചു. സംഭവത്തില്‍ യാത്രക്കാര്‍ക്ക് പരിക്കേറ്റില്ല.
റണ്‍വേയില്‍ നിന്നും പാര്‍ക്കിംഗ് ബേയിലേക്ക് നീങ്ങിയ വിമാനത്തിന് തെറ്റായ നിര്‍ദ്ദേശം നല്‍കിയതാണ് അപകടത്തിനിടയാക്കിയത്. വിമാനം യാത്രക്കാര്‍ക്ക് ഇറങ്ങുന്നതിനായി എയ്റോബ്രിഡ്ജിലേക്ക് അടുപ്പിക്കുന്നതിന് നല്കിയ നിര്‍ദ്ദേശം മറ്റൊരു മോഡല്‍ വിമാനത്തിന്റേതായി മാറിപ്പോവുകയായിരുന്നു.
സംഭവത്തില്‍ എയര്‍ഇന്ത്യയും മിയാലും (മുംബൈ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡ്) പരസ്പരം പഴിചാരുകയാണ്. വിമാനത്താവള അധികൃതര്‍ തെറ്റായ നിര്‍ദ്ദേശം നല്‍കിയെന്ന് എയര്‍ ഇന്ത്യ ആരോപിക്കുമ്പോള്‍ ഇക്കാര്യത്തില്‍ തങ്ങള്‍ക്ക് ഒന്നും ചെയ്യാനില്ലെന്നും എയര്‍ ഇന്ത്യയുടെ ജീവനക്കാര്‍ തന്നെയാണ് ഈ വിമാനത്തിന് നിര്‍ദ്ദേശങ്ങള്‍ നല്‍കിയതെന്നും മിയാല്‍ അധികൃതര്‍ പറയുന്നു.
Post Your Comments