അഹമ്മദാബാദ്: ഗുജറാത്തിലെ പത്താം ക്ലാസ് കണക്കുപരീക്ഷയില്‍ വ്യാപകമായ ക്രമക്കേട്. പരീക്ഷ പാസായവരില്‍ പലരും കണക്കിന്റെ ഒബ്ജക്ടീവ് പരീക്ഷയില്‍ 80 ശതമാനത്തിനു മുകളില്‍ മാര്‍ക്ക് നേടിയവരാണ്. ചിലര്‍ 90 – 95 ശതമാനത്തിനിടയ്ക്ക് മാര്‍ക്ക് നേടിയവരും. എന്നാല്‍ ഈ വിദ്യാര്‍ഥികളെല്ലാവരും സബ്ജക്ടീവ് വിഭാഗത്തില്‍ നേടിയത് പൂജ്യം മാര്‍ക്കാണ്. ഈ വ്യത്യാസമാണ് അന്വേഷണത്തിലേക്കു നയിച്ചത്.
ആരോപണത്തെത്തുടര്‍ന്ന് ഹിയറിങ്ങിനു വിളിച്ച 500 വിദ്യാര്‍ഥികളോടു കണക്കിലെ അടിസ്ഥാന ചോദ്യങ്ങള്‍ ചോദിച്ചപ്പോള്‍ ലഭിച്ച മറുപടി ഞെട്ടിപ്പിക്കുന്നതാണ്. ത്രികോണത്തിന് നാലുവശങ്ങള്‍ ഉണ്ടെന്നാണ് ഒരു കുട്ടിയുടെ മറുപടി. ത്രികോണവും വൃത്തവും കാട്ടി ഇതിലേതാണ് ത്രികോണമെന്ന് ചോദിച്ചപ്പോള്‍ മറ്റൊരാള്‍ക്കു മറുപടിയില്ല. രണ്ടക്ക നമ്പര്‍ ഗുണിക്കാനും കുറയ്ക്കാനുമുള്ള ചോദ്യങ്ങളും പലരും തെറ്റിച്ചു. ചിലര്‍ സത്യസന്ധമായി അറിയില്ലെന്നു കുറിച്ചു. മേയ് 24നായിരുന്നു പരീക്ഷാഫലം പുറത്തുവന്നത്. വ്യത്യാസത്തെത്തുടര്‍ന്ന് ഇത്രയും പേരുടെ ഫലം പുറത്തുവിട്ടിരുന്നില്ല.
പരീക്ഷാ ഹാളില്‍ അധ്യാപിക സിസിടിവിക്കു മുന്നില്‍നിന്ന് ക്യാമറയെ മറച്ച് ഉത്തരങ്ങള്‍ പറഞ്ഞുകൊടുത്തതായി ഹിയറിങ്ങില്‍ ചില വിദ്യാര്‍ഥികള്‍ പറഞ്ഞു. കുട്ടികളുടെ രക്ഷിതാക്കളും ഹിയറിങ്ങിനെത്തിയിരുന്നു. അതേസമയം, പരീക്ഷ കഴിഞ്ഞിട്ട് മൂന്നു മാസമായതിനാല്‍ പാഠഭാഗങ്ങള്‍ മറന്നുപോയെന്നാണ് വിദ്യാര്‍ഥികള്‍ ആദ്യം നിലപാടെടുത്തത്. പിന്നീട് സത്യം പറയുന്നവരെ പിന്തുണയ്ക്കുമെന്ന ജൂറിയുടെ നിലപാടിനെത്തുടര്‍ന്ന് ചില കുട്ടികള്‍ സത്യാവസ്ഥ വെളിപ്പെടുത്തുകയായിരുന്നു.
കണക്ക് വിഷയത്തിലാണ് ഈ വ്യത്യാസം പ്രധാനമായും കണ്ടെത്തിയതെന്ന് ഹിയറിങ് നടത്തിയ ജൂറി ബോര്‍ഡിന്റെ ചെയര്‍മാന്‍ എം.എ.പത്താന്‍ അറിയിച്ചു. ചില പരീക്ഷാ കേന്ദ്രങ്ങളിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍നിന്ന് പ്രശ്‌നങ്ങളൊന്നും കണ്ടിരുന്നില്ല. ലംബാദിയ, (സബര്‍കാന്ത), ഛോയ്‌ല (ആരാവല്ലി), ഭിക്കാപുര്‍ (ഛോട്ട ഉദേപുര്‍) എന്നീ പരീക്ഷാ കേന്ദ്രങ്ങളിലെ വിദ്യാര്‍ഥികളുടെ ഫലത്തിലാണ് ക്രമക്കേട്. നേരത്തെ, ബിഹാറിലെ 12 ാം ക്ലാസ് പരീക്ഷയില്‍ വ്യാപക ക്രമക്കേട് കണ്ടെത്തിയിരുന്നു..
Post Your Comments