ന്യൂഡല്‍ഹി: വിവിധവകുപ്പുകളിലെ ഉദ്യോഗസ്ഥവൃന്ദവും കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളും തമ്മിലുള്ള പാരസ്പര്യം നിലനിര്‍ത്തുന്നതിനുള്ള പ്ലാറ്റ്ഫോമായ “പ്രഗതി (പ്രോ-ആക്റ്റീവ് ഗവേണന്‍സ് ആന്‍ഡ് ടൈംലി ഇംപ്ലിമെന്‍റേഷന്‍)”-യുടെ സമ്മേളനവേദി ഉപയോഗപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്രമോദി വിവിധമേഖലകളില്‍ തന്‍റെ ഗവണ്മെന്‍റ് ആരംഭിച്ചു കഴിഞ്ഞ വികസനപരിപാടികളുടെ പുരോഗതി വിലയിരുത്തി. ഇ-കോമേഴ്സ് മേഖലയില്‍ വര്‍ദ്ധിച്ചു വരുന്ന പരാതികളുടെ എണ്ണത്തെപ്പറ്റി അദ്ദേഹം ബന്ധപ്പെട്ട ഉദ്യോഗസ്ഥന്മാരുമായി ചര്‍ച്ചയും നടത്തി. ഈ മേഖലയിലെ പരാതികളിന്മേല്‍ 10-ദിവസങ്ങള്‍ക്കുള്ളില്‍ ഫോളോ-അപ്പ് റിപ്പോര്‍ട്ട് സമര്‍പ്പിക്കണം എന്നത് നിര്‍ബന്ധിതമാക്കണമെന്നും പ്രധാനമന്ത്രി നിര്‍ദ്ദേശിച്ചു.
നാഷണല്‍ കണ്‍സ്യൂമര്‍ ഹെല്‍പ്പ്-ലൈനിന്‍റെ ശേഷി വര്‍ദ്ധിപ്പിക്കുന്നതിനെപ്പറ്റിയും പ്രധാനമന്ത്രി സംസാരിച്ചു.
റോഡ്, റെയില്‍വേ, ഊര്‍ജ്ജ, കല്‍ക്കരി, ഖനന മേഖലകളില്‍ നടന്നുകൊണ്ടിരിക്കുന്ന വിവിധ അടിസ്ഥാനസൗകര്യ വികസന പദ്ധതികളുടെ പുരോഗതിയും പ്രധാനമന്ത്രി വിലയിരുത്തി. ഈ പദ്ധതികള്‍ ഉത്തര്‍പ്രദേശ്, രാജസ്ഥാന്‍, മദ്ധ്യപ്രദേശ്, മഹാരാഷ്ട്ര, ഗുജറാത്ത്, ബീഹാര്‍, ഒഡീഷ, ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങളിലായി വ്യാപിച്ചു കിടക്കുന്നവയാണ്.
രാജ്യമെങ്ങും സൗരോര്‍ജ്ജ പമ്പുകള്‍ സ്ഥാപിക്കുന്ന പദ്ധതിയുടെ പുരോഗതിയും അദ്ദേഹം വിലയിരുത്തി. 208 മെഗാവാട്ട് ശേഷിയ്ക്ക് തുല്യമായ സൗരോര്‍ജ്ജ പമ്പുകള്‍ ഇതിനകം രാജ്യത്തിന്‍റെ അങ്ങോളമിങ്ങോളമായി സ്ഥാപിച്ചു കഴിഞ്ഞതായുള്ള റിപ്പോര്‍ട്ടും അദ്ദേഹം പരിശോധിച്ചു.
വികസനപദ്ധതികളുമായി ബന്ധപ്പെട്ട കാര്യങ്ങളെപ്പറ്റി പ്രധാനമന്ത്രി ഝാര്‍ഖണ്ഡ്, തെലുങ്കാന, പഞ്ചാബ്, ഛത്തീസ്ഗഡ്, ഗുജറാത്ത്, ഉത്തര്‍പ്രദേശ് എന്നീ സംസ്ഥാനങ്ങളിലെ ചീഫ് സെക്രട്ടറിമാരുമായി ചര്‍ച്ചകളും നടത്തി. സൗരോര്‍ജ്ജ പമ്പുകളുടെ സ്ഥാപനത്തോടെ രാജ്യത്തിന്‍റെ ഉള്‍പ്രദേശങ്ങളിലും, നക്സല്‍ ഭീഷണിയുള്ള പ്രദേശങ്ങളിലും പാനയോഗ്യമായ ശുദ്ധജലം ലഭ്യമായിത്തുടങ്ങിയതായി പ്രധാനമന്ത്രിയെ ചീഫ് സെക്രട്ടറിമാര്‍ അറിയിച്ചു.
രാജ്യത്ത് വെള്ളപ്പൊക്കം ഉണ്ടാകാന്‍ സാധ്യതയുള്ള പ്രദേശങ്ങളിലെ തയാറെടുപ്പുകള്‍ സംബന്ധിച്ച് നടത്തിയ വിശകലനങ്ങളുടെ സമയത്ത് കൂടുതല്‍ അപകട സാധ്യതയുള്ള മേഖലകള്‍ ഏതൊക്കെയാണെന്ന് കണ്ടെത്താനും, മോക്ക്-ഡ്രില്ലുകള്‍ നടത്തി രക്ഷാസംവിധാനങ്ങളിലെ പഴുതുകള്‍ അടയ്ക്കാനും, ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാകാന്‍ ചെളി നീക്കംചെയ്യല്‍ പോലുള്ള കാര്യങ്ങള്‍ ഇപ്പോള്‍ത്തന്നെ ആരംഭിക്കാനും പ്രധാനമന്ത്രി നിര്‍ദ്ദേശം നല്‍കി.
വരള്‍ച്ച മുന്നില്‍ക്കണ്ട് ജലം ശേഖരിച്ചു വയ്ക്കേണ്ടതിന്‍റെ പ്രാധാന്യത്തെപ്പറ്റിയും പ്രധാനമന്ത്രി ചര്‍ച്ചയില്‍ പരാമര്‍ശിച്ചു.
Post Your Comments