തിരുവനന്തപുരം : ആറുമാസത്തിനുള്ളില്‍ മുഴുവന്‍ കെഎസ്ആര്‍ടിസി ബസുകളിലും 92 ഡിപ്പോകളിലേക്കും ജിപിഎസ് സംവിധാനം വ്യാപിപ്പിക്കാന്‍ തീരുമാനം.ജിപിഎസ് സാങ്കേതികവിദ്യവഴി നടപ്പാക്കുന്നതിലൂടെ ബസുകളുടെ തല്സമയവും കൃത്യവുമായ വിവരങ്ങള്‍, സ്ഥാനം, വേഗത, റൂട്ടിലെ വ്യതിയാനം, ബസ് സ്റ്റോപ്പില്‍ നിര്‍ത്താതെപോകുന്ന വിവരങ്ങള്‍ ഉള്‍പ്പെടെ മനസ്സിലാക്കാം. ജിപിഎസ് അനുബന്ധ സോഫ്റ്റ് വെയറിലെ നിരീക്ഷണസംവിധാനത്തിലൂടെ കെഎസ്ആര്‍ടിസി സിറ്റി ബസുകളുണ്ടാക്കുന്ന ഗതാഗതക്കുരുക്കുകളെ തുടര്‍ന്നുള്ള പ്രശ്നങ്ങള്‍ പരിഹരിക്കാനാകും.
പാസഞ്ചര്‍ ഇന്‍ഫര്‍മേഷന്‍ സിസ്റ്റം (പിഐഎസ്) മൂന്നുമാസം കൊണ്ട് തിരുവനന്തപുരം, വൈറ്റില ഹബ്, കോട്ടയം, കോഴിക്കോട്, കണ്ണൂര്‍ ഡിപ്പോകളില്‍ നടപ്പാക്കും. റിസര്‍വ് ചെയ്ത യാത്രക്കാര്‍ക്ക് ബസിന്റെ സ്ഥാനം, ബോര്‍ഡിങ് പോയിന്റ്, എത്തുന്ന സമയം എന്നിവ ഈ പദ്ധതിവഴി കൃത്യമായ ഇടവേളകളില്‍ എസ്എംഎസ് രൂപത്തില്‍ ലഭിക്കും. ബസിന്റെ സമയവിവരം വെബ്സൈറ്റിലും മൊബൈല്‍ ആപ്പിലും ലഭിക്കും. മുഴുവന്‍ ഡിപ്പോകളിലും പിഐഎസ് ഡിസ്പ്ളേ ബോര്‍ഡുകള്‍ നടപ്പാക്കുന്നതുവഴി പരസ്യത്തിലൂടെ 50 കോടി രൂപയില്‍ കൂടുതല്‍ സമാഹരിക്കാനാകുമെന്നാണ് പ്രതീക്ഷ. ബസുകളുടെ വരുന്നതും പോകുന്നതും ഇതിലുണ്ടാകുന്ന താമസവും ഉള്‍പ്പെടെ റെയില്‍വേ മാതൃകയില്‍ ലഭ്യമാക്കുംവിധമുള്ളതാണ് ഡിസ്പ്ളേ സംവിധാനം.
Post Your Comments