Parayathe Vayya

ദാദ്രിയിലെ ‘ബീഫിറച്ചി‘യും മങ്കടയിലെ ‘ബീവിയിറച്ചി’യും

പോങ്ങുമ്മൂടന്‍

ചിന്തയും ധാർമ്മികതയും തമ്മിലല്ല മറിച്ച് ചിന്തയും സ്വാർത്ഥതയും തമ്മിലാണ് ഭോഗം എന്നതിനാലാണ് ‘സമൂഹവലയന്മാരായ’ ഒട്ടുമിക്ക യോഗ്യമലയാളികളുടെയും ഫേസ്ബുക്ക് വാളിലേക്ക് പതിക്കുന്ന പ്രതികരണസ്ഖലനത്തിൽ മനുഷ്യത്വത്തിന്റെ കൌണ്ട് തീരെ കുറഞ്ഞിരിക്കുന്നതെന്ന് തോന്നുന്നു! അത്തരക്കാരുടെ വാളിൽ പടരുന്ന പ്രതിഷേധരേതസ്സ് സ്വയം അനുഭവിച്ച ഒരു ആനന്ദത്തിന്റെ അടയാളം മാത്രമായേ കാണേണ്ടതുള്ളു. എനിക്കങ്ങനെ തോന്നാൻ കാരണം മലപ്പുറത്തെ മങ്കടയിൽ നസീർ ഹുസൈൻ എന്ന മനുഷ്യൻ അതിക്രൂരമായി ആൾക്കൂട്ടത്താൽ കൊല്ലപ്പെട്ട സംഭവത്തിൽ ഉഗ്രന്മാരായ പ്രമുഖ പ്രതിഷേധതൊഴിലാളികൾ കൂട്ടത്തോടെ പുലർത്തുന്ന തണുപ്പൻ മട്ടാണ്.

അങ്ങ് വടക്ക്, ഉത്തർപ്രദേശിലെ ദാദ്രിയിൽ, ബീഫ് കഴിച്ചുവെന്ന ആരോപണത്തോടെ സംഘം ചേർന്ന് ജനങ്ങൾ മുഹമ്മദ് അഖ്ലഖിനെ നിർദ്ദയം തല്ലിക്കൊന്നപ്പോൾ ഇങ്ങ് കേരളത്തിൽ പ്രബുദ്ധതയുയുടെ മൂർച്ചയിൽ ആളുകൾ തങ്ങളുടെ ‘വാളു‘കൾ പ്രതിഷേധരേതസ്സാൽ നനച്ചിരുന്നല്ലോ. എന്നാൽ അത് മനുഷ്യത്വത്തിന്റെ കുത്തലിൽ സംഭവിച്ചതായിരുന്നില്ല എന്ന് വേണം കരുതാൻ. വക്കത്ത് ഷബീർ എന്ന ചെറുപ്പക്കാരനെ പട്ടാപ്പകൽ തല്ലിക്കൊന്നപ്പോൾ പ്രതിഷേധത്തൊഴിലാളികൾ കൂട്ടത്തോടെ ‘മുഴക്കിയ കൂറ്റൻ നിശബ്ദത‘ എന്നോടങ്ങനെ പറഞ്ഞു. ഇപ്പോൾ ദാദ്രി മാതൃകയിൽ നസീർ ഹുസൈൻ കൊല്ലപ്പെട്ടപ്പോഴും പ്രബുദ്ധരിൽ ‘ധാർമ്മികോദ്ധാരണം‘ സംഭവിക്കുന്നതായി കാണാത്തതുകൊണ്ട് ഉറപ്പിക്കുന്നു,

അവരുടെ പ്രതിഷേധസാഹിത്യങ്ങൾ പേറുന്നത് അതിക്രമങ്ങളോടുള്ള മനുഷ്യത്വത്തിന്റെ ‘അരുതേ’ എന്ന വിലാപമല്ല! രാഷ്ട്രീയലാഭം ലക്ഷ്യം വച്ചുകൊണ്ടുള്ള ഒരു ബൌദ്ധികനീക്കം മാത്രമായി അത് ചുരുങ്ങുന്നു. കൊല്ലുന്നവന്റെയും കൊല്ലപ്പെടുന്നവന്റെയും ജാതിയും മതവും രാഷ്ട്രീയവും ഒക്കെ കൃത്യമായി മനസ്സിലാക്കി ‘ആവശ്യമുള്ള’ പക്ഷം വേണമെങ്കിൽ വിഷയം കൈയ്യിലെടുത്ത് ലാളിക്കാം എന്നൊരുമട്ട് ‘പാകത‘ പുലർത്തൽ! അല്ലെങ്കിൽ വക്കത്തെയും മങ്കടെയും മറ്റും മറ്റും അവർ പ്രതിഷേധകേളികൾക്കായി ഉപയോഗിക്കാത്തതിന് പിന്നിൽ വെറും മൃഗസ്വഭാവപ്രകടനം മാത്രവുമായിരിക്കാം കാരണമായിട്ടുള്ളത്. വിശപ്പില്ലെങ്കിൽ ഇരതേടില്ലെന്ന ആ മൃഗസ്വാഭാവം. പ്രതിഷേധതൊഴിലാളികൾക്കും സമരവ്യവസായികൾക്കും ഇത് വിശ്രമത്തിന്റെ കാലമാവണം. വിശപ്പ് ആകും വരെ വിശ്രമത്തിനും വിനോദത്തിനുമായി അവർ പതുങ്ങുകയുമാവും!

പറയുമ്പോൾ എല്ലാം പറയണമല്ലോ! ആർക്കെങ്കിലും ചുമ്മാ അങ്ങനെയങ്ങ് പ്രതിഷേധക്കുലുക്ക് നടത്താനാവുമോ! മങ്കടയിലേത് ‘സദാചാരക്കൊല’യാണോ ‘രാഷ്ട്രീയക്കൊല‘യാണോ എന്ന കാര്യത്തിൽ ഇതുവരെ തിട്ടമായിട്ടില്ലെന്നാണ് കേൾവി. തെങ്ങിനും കവുങ്ങിനും ഒരേ തളപ്പിടാനാവില്ലല്ലോ. ‘സദാചാരക്കൊല’യോട് അനുവർത്തിക്കുന്ന കേളീശൈലിയല്ല ‘രാഷ്ട്രീയക്കൊല’യോട് ഒരു ഫേസ്ബുക്കിയൻ ബുദ്ധിജീവി അനുവർത്തിക്കാറെന്ന് നമുക്കൊക്കെ അറിവുള്ളതാണ്.

കൊല ഏത് സമ്പ്രദായത്തിലാണെന്ന കാര്യത്തിൽ വ്യക്തതയായാൽ പ്രബുദ്ധരിൽ ചിലരെങ്കിലും പാകത്തിനുള്ള തളപ്പുമായി മുന്നോട്ട് വരുമെന്ന് പ്രത്യാശിക്കാം. ( അതുകൊണ്ട് പ്രത്യേകിച്ച് എന്തെങ്കിലും വിശേഷം ഉള്ളതുകൊണ്ടല്ല. ഒരുവൻ നോൽക്കുന്ന സ്വയംഭോഗം അവന്റെ ഭാര്യയുടെ മാസക്കുളി തെറ്റിക്കില്ലെന്ന തിരിച്ചറിവൊക്കെയുള്ളവൻ തന്നെയാണ് ഈ കുറിപ്പനും. എങ്കിലും കൊടിസുനി ഹിംസക്കെതിരായും ഗോവിന്ദച്ചാമി ബലാത്സംഗത്തിനെതിരായും കുറച്ച് പഴക്കത്തിൽ ആലോചിച്ചാൽ ഹിറ്റ്ലർ ഫാസിസത്തിനെതിരായും മറ്റും ധാർമ്മികരോഷം കൊള്ളുന്നത് കാണുമ്പോഴുള്ള ആ ആനന്ദമുണ്ടല്ലോ. അതാണ് ഫേസ്ബുക്കിയൻ വിപ്ലവകാരികളുടെയും അഭിനവ സാമൂഹിക പരിഷ്കർത്താക്കളുടെയും വാളിൽ നിറയുന്ന പ്രതിബദ്ധതാപ്രകടനങ്ങളും സമൂഹഭാവിയെ ചൊല്ലിയുള്ള വ്യാകുലതകളും കാണുമ്പോൾ അനുഭവിക്കാനാവുക.)

എന്തുതന്നെയായാലും, ബുദ്ധിജീവി സമുദായത്തിൽ പെട്ട ‘സമൂഹവലയന്മാരായ’ മലയാളികളുടെ മനുഷ്യത്വത്തെ കക്ഷിരാഷ്ട്രീയം തച്ചുകൊന്നിരിക്കുന്നു എന്ന കാര്യത്തിൽ സംശയിച്ചുനിൽക്കാതെ ആർക്കും ഉറപ്പിക്കാം. ദാദ്രിയിൽ മുഹമ്മദ് അഖ്ലിഖിന്റെ രക്തം മൊത്തിനുണഞ്ഞാൽ തങ്ങളുടെ രാഷ്ട്രീയത്തിന് കരുത്തേറുമെന്ന് അറിഞ്ഞവർ ആ രക്തം നന്നായി നുണഞ്ഞു. മങ്കടയിൽ കൊല്ലപ്പെട്ട നസീർ ഹുസൈൻ സി.പി.എം പ്രവർത്തകൻ കൂടിയാണ്. എന്നിട്ടും ദാദ്രിയോട് പുലർത്തിയ ആർത്തി രൂക്ഷ ബുദ്ധിയുള്ള സഖാക്കൾ പോലും മങ്കടയോട് കാണിക്കുന്നില്ല. എന്താ കാര്യം? ഗോമാംസം അല്ലെങ്കിൽ ‘ബീഫിറച്ചി‘ കാരണമുള്ള കൊല നൽകുന്ന കരുത്ത് ‘ബീവിയിറച്ചി’ കാരണമുള്ള കൊലയിൽ നിന്ന് ലഭിക്കില്ലെന്ന ബുദ്ധിയുടെ പിൻബലം അവർക്ക് കൂട്ടിനുണ്ട്. ദാദ്രിയുടെ രുചിയോ ഗുണമോ മങ്കടയ്ക്ക് ഇല്ലെത്രേ!
അവസാനിപ്പിക്കാനായി പറയട്ടെ. നസീർ ഹുസൈൻ ഒരു ‘ജാരൻ’ ആയിരുന്നുവെന്നും അയാൾ ബന്ധം പുലർത്തിയിരുന്ന സ്ത്രീയുടെ ഭർത്താവും അയാളുടെ ആൾക്കാരും ചേർന്ന് നസീർ ഹുസൈനെ വളഞ്ഞുപിടിച്ച് ‘ശിക്ഷ’ നടപ്പിലാക്കുകയായിരുന്നുവെന്നും അത് വളരെ നന്നായെന്നും അങ്ങനെയാണ് ആണത്തമുള്ള ഭർത്താക്കന്മാർ ചെയ്യുന്നതെന്നും ആണെന്ന ധാരണയിൽ ഒരുവൻ തന്റെ വാളിൽ ആക്രോശിക്കുന്നത് കാണുകയുണ്ടായി. ‘അവസരത്തിന്റെ അഭാവം കൊണ്ട് സദാചാരികൾ ആവുന്നവർ’ എന്ന തലക്കെട്ടിൽ വർഷങ്ങൾക്ക് മുൻപേ അത്തരക്കാരെക്കുറിച്ച് ബ്ലോഗെഴുതിയതിനാൽ അയാളുടെ വങ്കത്തരത്തെ പരമാർശിച്ച് സദാചാര പൊലീസിംഗി‘നെക്കുറികചച് കൂടുതൽ പറയുന്നത് എനിക്കും നിങ്ങൾക്കും ഒരുപോലെ മുഷിപ്പ് നൽകുന്ന സംഗതിയാവും. എങ്കിലും ഒന്ന് പറയാം. ഒരു ‘ജാരനിർമ്മിതി‘യിൽ ഭാര്യയ്ക്കുള്ള തുല്യം പങ്ക് ഭർത്താവിനും കൂടി അനുവദിച്ച് നൽകേണ്ടതാണ്. :) സംഗതി തിരിഞ്ഞോ? ‘ജാരപിടുത്ത‘ത്തിനായി അർദ്ധരാത്രി ആളെയും കൂട്ടി തന്റെ വീട്ടുമുറ്റത്ത് കുത്തിയിരിക്കാൻ മാത്രം കരുത്തുള്ള ഏതൊരു ‘മുട്ടനാണി’നും ജാരസംസർഗ്ഗമുള്ള ഭാര്യയുണ്ടാവുക എന്നത് കാവ്യനീതിയല്ലേ?

ജാരന്മാർ കരുതലോടെയും ഭർത്താക്കാന്മാർ സംയമനത്തോടെയും ഭാര്യമാർ ആക്രാന്തമില്ലായ്മയോടെയും ജീവിക്കുന്ന ഒരു കാലം വരട്ടെ. സദാചാരപൊലീസ് വൃത്തിയുമായി മറ്റുള്ളവരുടെ ജീവിതത്തിലേക്ക് ഉളിഞ്ഞു നോക്കി അലയുന്ന എമ്പോക്കിസ്റ്റുകളായ ആ‍ണുങ്ങളിൽ വീട്ടോർമ്മകളും തഴക്കട്ടെ.

സദാചാരം സംരക്ഷിക്കാനായി നസീർ ഹുസൈൻ എന്ന ജാരനെ വളഞ്ഞിട്ട് തച്ചുകൊന്ന മങ്കട നിവാസികളായ സർവ്വപന്നിപുത്രന്മാർക്കും ഭർത്താവ് പുംഗനും പിടിപ്പത് ശിക്ഷ നൽകാൻ വേണ്ടതായ തെളിവുകൾ കോടതിക്ക് മുന്നിൽ ലഭ്യമാവട്ടെയെന്ന് ആശംസിച്ചുകൊണ്ട് ഈ കുറിപ്പിന് പൂർണ്ണവിരാമം നൽകുന്നു.
ശുഭം!

shortlink

Related Articles

Post Your Comments

Related Articles


Back to top button