ക്യാന്‍സര്‍ ചികില്‍സയില്‍ വിപ്ലവാത്മകമായ മാറ്റംകൊണ്ടുവരുന്ന കണ്ടുപിടിത്തം വൈദ്യശാസ്ത്രത്തിന് ഏറെ പ്രതീക്ഷയേകുന്നു. ഗവേഷകര്‍ വികസിപ്പിച്ചെടുത്ത രാസ സംയുക്തം കുത്തിവെച്ചാല്‍, ക്യാന്‍സര്‍ കോശങ്ങള്‍ രണ്ടു മണിക്കൂറിനകം നശിക്കുമത്രെ. നൈട്രോബെന്‍സാല്‍ഡീഹൈഡ് എന്ന രാസ സംയുക്തമാണ് കുത്തിവെയ്പ്പിനായി ഉപയോഗിക്കുന്നത്. കുത്തിവെയ്പ്പിനുശേഷം ശരീരകലകളില്‍വെച്ച് ഈ രാസസംയുക്തം ഇല്ലാതാകുമെന്നതാണ് ഈ രീതിയുടെ ഏറ്റവും പ്രധാന സവിശേഷത.
ഈ രാസസംയുക്തം ശരീരത്തിലെത്തി കഴിഞ്ഞ് രണ്ടു മണിക്കൂറിനുള്ളില്‍ 95 ശതമാനം ക്യാന്‍സര്‍ കോശങ്ങളും നശിക്കും. ബാക്കിയുള്ളവ, അധികം വൈകാതെ തന്നെ നശിച്ചുപോകുകയും ചെയ്യും. ക്യാന്‍സര്‍ ചികില്‍സയില്‍ കൂടുതല്‍ കൃത്യതയും അതുവഴി പൂര്‍ണ വിജയകരമാക്കാനും സഹായിക്കുന്നതാണ് ഈ രീതി. അമേരിക്കയിലെ ടെക്സാസ് സര്‍വ്വകലാശാലയിലെ മാത്യൂ ജിഡോവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പുതിയ കണ്ടെത്തലുമായി രംഗത്തുവന്നിരിക്കുന്നത്. സ്തനാര്‍ബുദ രോഗികളില്‍ ഈ രീതി ഉപയോഗിച്ച് നടത്തിയ പരീക്ഷണം വന്‍ വിജയകരമായിരുന്നുവെന്നാണ് ഗവേഷകസംഘം അവകാശപ്പെടുന്നത്. നിലവിലുള്ള കീമോ തെറാപ്പി ചികില്‍സ മൂലം രോഗികള്‍ക്ക് ഏറെ ബുദ്ധിമുട്ടുകളും പാര്‍ശ്വഫലങ്ങളും ഉണ്ടാകുന്നുണ്ട്. കൂടാതെ കീമോ തെറാപ്പി വഴി, ക്യാന്‍സര്‍ ഇല്ലാത്ത കോശങ്ങളും നശിച്ചുപോകുന്നുണ്ട്. ഈ അവസ്ഥയ്ക്ക് ശാശ്വത പരിഹാരമുണ്ടാക്കാന്‍ പുതിയ രീതി സഹായിക്കും. പുതിയ ചികില്‍സാ രീതിയെക്കുറിച്ചുള്ള കണ്ടെത്താല്‍ ജേര്‍ണല്‍ ഓഫ് ക്ലിനിക്കല്‍ ഓങ്കോളജിയില്‍ വിശദമായി പ്രസിദ്ധീകരിച്ചിട്ടുണ്ട്.
Post Your Comments