കുവൈത്ത് സിറ്റി: കുവൈത്തിലെ ഫര്‍വാനിയയില്‍ തീപിടിത്തത്തിൽ സ്ത്രീകളും കുട്ടികളും അടക്കം ഒരു കുടുംബത്തിലെ ഒമ്പതു പേർ മരിച്ചു. സംഭവത്തിൽ 12 പേർക്ക് പൊള്ളലേറ്റു. വ്യാഴാഴ്ച രാവിലെയാണ് സംഭവം. ആറു പേർ സംഭവ സ്‌ഥലത്തും മൂന്നു പേർ ആശുപത്രിയിൽ എത്തിയ ശേഷവുമാണ് മരിച്ചത്. പാക്കിസ്‌ഥാനി സ്വദേശികളാണ് അപകടത്തിൽപെട്ടത്. കച്ചവടത്തിനായി വീട്ടിൽ സൂക്ഷിച്ചിരുന്ന സാധനങ്ങളിൽ ഷോർട്ട് സർക്യൂട്ട് മൂലം തീപിടിക്കുകയായിരുന്നെന്നാണ് പ്രാഥമിക വിവരം. തീപിടിത്തത്തെ തുടർന്നുണ്ടായ വിഷ പുക ശ്വസിച്ചാണ് മരണം സംഭവിച്ചതെന്ന് കരുതുന്നു. റംസാൻ വൃതത്തിലായതിനാൽ ഉറക്കത്തിലായിരുന്നു എല്ലാവരും. ഇതാണ് മരണ സംഖ്യ ഉയരാൻ ഇടയാക്കിയത്. പരിക്കേറ്റവരെ ഫർവാനിയ, സബാ ആശുപത്രികളിലേക്ക് മാറ്റി. സുരക്ഷാ ക്രമീകരണമില്ലാതെ നിയമവിരുദ്ധമായി താൽക്കാലികമായി ഉണ്ടാക്കുന്ന ഷെഡുകളാണ് ഇത്തരം അപകടങ്ങൾക്കു വഴിവെക്കുന്നതെന്ന് ഫയർ ഫോഴ്സ് ആക്ടിംഗ് ഡയറക്ടർ മേജർ ജനറൽ ഖാലിദ് അൽ മെക്രാഡ് പറഞ്ഞു. അപകടം സംബധിച്ച് അന്വേഷണത്തിന് സർക്കാർ ഉത്തരവിട്ടിട്ടുണ്ട്.
Post Your Comments